ഏറ്റവും നല്ല ചായ

വളരെ വൈകിയുറങ്ങിയിട്ടും ഇന്ന് നേരത്തേയെഴുന്നേറ്റു. തലേന്നത്തെ യാത്രയുടെ ക്ഷീണമൊന്നും ബാക്കിയില്ല. നിഗൂഢവും സുഖകരവുമായ ഒരു ഊർജസ്വലത. അഞ്ചുമണിപ്പുലർച്ചെയുടെ അടിമുടി കോച്ചുന്ന തണുപ്പ്. ഗുഹാമുറിയിലെ കുളിമുറിക്ക് വലുപ്പത്തിലോ സൗകര്യങ്ങളിലോ കുറവില്ല. ഷവറിൽനിന്നും ചിതറി വന്ന ചൂടുവെള്ളത്തിന്റെ ആലിംഗനത്തിൽ ലയിച്ച് അരമണിക്കൂർ കടന്നുപോയതറിഞ്ഞില്ല. മിനിയും അമ്മയും മക്കളും ഉറക്കമാണ്. അവരെ ശല്യപ്പെടുത്താതെ പുറത്തുകടന്നു. കൂടെ വായനക്ക് പാമുക്കിനെയുമെടുത്തു. മ്യൂസിയം ഓഫ് ഇന്നസെൻസ്.

പുറത്ത് ആറുമണിക്കുതന്നെ ഇളം വെയിലിന്റെ പ്രസരിപ്പ്. ഞാൻ മേഹ്മതിന്റെ മട്ടുപ്പാവിലേക്കുള്ള കോണി കയറി. മട്ടുപ്പാവിന്റെ ഒരു ഭാഗത്തൊരുക്കിയ ചെറിയ ഹാളിലാണ് മേഹ്മത് കേവ് ഹൗസിലെ അതിഥികൾക്ക് പ്രാതൽ വിളമ്പുന്നത്. മട്ടുപ്പാവിന് അതിരിട്ടുകൊണ്ട് മഞ്ഞിലും വിരിയുന്ന പൂക്കളെ താങ്ങിനിൽക്കുന്ന ചെടികളുണ്ട്. താഴെനിന്നും പടർന്നു കയറിവന്ന് എത്തിനോക്കുന്ന മുന്തിരിവള്ളികളിൽ കുഞ്ഞു മുന്തിരിക്കുലകൾ മയക്കമുണരുന്നു. പുറത്ത് ഗോരീമിലേക്കുള്ള പാതക്ക് വഴിപറഞ്ഞുകൊടുത്ത് നിരനിരയായി നിൽക്കുന്ന ഓറഞ്ച് ചെടികളിൽ പച്ചയും മഞ്ഞയും കെട്ടിപ്പിടിച്ചുറങ്ങുന്നത് കാണാം. അതിലുമപ്പുറം വിശാലമായ യക്ഷിച്ചിമ്മിനിപ്പാടങ്ങളാണ്. ആകാശത്ത് ഉണർന്നുവരുന്ന മേഘങ്ങൾക്കിടയിൽ പിച്ചവെക്കുന്ന പുതുവെളിച്ചത്തോട് കൂട്ടുകൂടാൻ മെല്ലെ ഉയരുന്ന ഭീമൻ ബലൂണുകൾ കാണാം. അവയിൽനിന്നും തൂങ്ങിക്കിടക്കുന്ന ദീർഘചതുരക്കൂടുകളിലിരുന്ന് ആളുകൾ ആവേശം കൊണ്ടും ആനന്ദം കൊണ്ടും ഭയം കൊണ്ടും ആർത്തുവിളിക്കുന്നുണ്ടാവണം. ആ കുന്നുകൾ കണ്ടോ? ദേ അവിടെ അതാ ഉഹിസ്സർ കൊട്ടാരം. നോക്കൂ അതാണ് ഒറ്റക്കണ്ണ്. ഇടതുവശത്തെ റോസ് നിറമുള്ള കുന്നുകൾ കാണുന്നുണ്ടോ? എന്നൊക്കെ ചോദിച്ച് ബലൂൺ സഞ്ചാരികൾ പരസ്പരം ശല്യപ്പെടുത്തുന്നുണ്ടാവും.

രണ്ടു ദിവസം മുമ്പ് ഞങ്ങൾ നടത്തിയ ബലൂൺ യാത്രയും അങ്ങനെയൊക്കെയായിരുന്നു. ആകാശവും ഭൂമിയും ഒരേപോലെ കാണാവുന്ന ഒരു സ്ഥലത്ത് കസേരയിട്ട് ഞാൻ പാമുക്കിനെ തുറന്നു. അധ്യായം മുപ്പത്തിയാറിൽ വെച്ചിരുന്ന ബുക്ക്മാർക്ക് കീഴെയിട്ടു. മേഹ്മതിന്റെ അടുക്കളയിൽ പ്രാതലൊരുക്കുന്നതിന്റെ സിംഫണി തുടങ്ങി. യാക്കൂബ് ഒരു കപ്പ് ചായയുമായി വന്ന് പ്രാതലായില്ലല്ലോ എന്ന് തല ചൊറിഞ്ഞു. യാക്കൂബ് മേഹ്മതിനൊപ്പം കൂടിയിട്ട് ആറു വർഷമായി. അഫ്ഗാനിയാണ്. നല്ലവണ്ണം ഹിന്ദി പറയും. ഞങ്ങളെ കൈയിൽ കിട്ടിയപ്പോഴൊക്കെ വാതോരാതെ ഹിന്ദി പറഞ്ഞ് സ്നേഹിച്ചു വിഷമിപ്പിച്ചു. തെന്നിന്ത്യക്കാരന്റെ ഹിന്ദിവിരോധം മൂപ്പർക്കറിയില്ലല്ലോ.

സ്വർണനിറത്തിൽ വെട്ടിത്തിളങ്ങുന്ന സുലൈമാനി ഞാൻ മെല്ലെ ഊതിയൂതിക്കുടിച്ചു. ചായ ഗംഭീരമായിരുന്നു. ഒരു പുതിയ രുചി.

‘ചായ അതിഗംഭീരം യാക്കൂബ്. ഞാൻ കഴിക്കാൻ വന്നതല്ല. കുറച്ചു നേരമിരുന്ന് ഈ പുസ്തകം വായിക്കണം.’

അത്രയും ഞാൻ ഹിന്ദിയിൽ ഒപ്പിച്ചു. യാക്കൂബ് അടുത്ത കസേരയിലിരുന്നു. അഫ്ഗാന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ കുനാനിൽ നിന്നാണ് യാക്കൂബ്. കുനാനിൽ ഭീകരന്മാരുടെ ശല്യം കുറവായിരുന്നെങ്കിലും പട്ടിണിക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. യുവാക്കൾ പുതിയ മേച്ചിൽപുറങ്ങളിലേക്ക് ഇറങ്ങിപ്പോയി. ചിലർ ഉസ്ബക്കിലേക്ക്, മറ്റു ചിലർ ഇറാനിലേക്ക്. മധ്യപൂർവ മരുപ്പച്ചകളിലേക്ക്. കൂട്ടുകാരെയും വീട്ടുകാരെയും ബന്ധുക്കളെയും പ്രിയപ്പെട്ട ആയിഷയെയുംവിട്ട് യാക്കൂബ് പോന്നിട്ട് എട്ടു വർഷം കഴിഞ്ഞു. രണ്ടു വർഷത്തോളം ഇറാനിൽ പല ജോലികളുമായി ചുറ്റിത്തിരിഞ്ഞു. പിന്നെ അവിടെനിന്നു കിട്ടിയ രണ്ടു കൂട്ടുകാർക്കൊപ്പം ടർക്കിയിലേക്ക് കടന്നു. അലഞ്ഞുതിരിഞ്ഞ് ഇവിടെയെത്തി. കപ്പദോക്കിയയിൽ മേഹ്മതിന്റെ കൂടെക്കൂടിയിട്ട് ആറുവർഷമായി. മേഹ്മതും കുടുംബവും നടത്തുന്ന ഗോറീം വാലി കേവ് ഹൗസിൽ കാര്യസ്ഥനായി. ഒരിക്കൽ മാത്രം കുനാനിൽ പോയി വന്നു. അന്ന് ആയിഷയെ നിക്കാഹ് ചെയ്തു. ഇപ്പോൾ മൂന്നുവർഷമാകുന്നു. രേഖകളില്ലാത്ത ആദ്യ യാത്രയേക്കാൾ ദുഷ്കരമായിരുന്നു, രേഖകളെല്ലാമുണ്ടായിട്ടും അന്നത്തെ മടക്ക യാത്ര. ആയിഷ നൽകിയ നാൽപത്തിയൊന്നുമ്മകളും മധുരം കിനിഞ്ഞൊഴുകിയ പത്തു രാത്രികളുടെ ഓർമകളുമില്ലായിരുന്നെങ്കിൽ വഴിയിൽവീണു പോയേനെ എന്ന് യാക്കൂബ്. അതു പറയുമ്പോൾ ആയിഷ നൽകിയ അനുഭൂതികളുടെ അലകൾ അവന്റെ മുഖത്തുണ്ടായിരുന്നു.

യാക്കൂബ് അടുക്കളയുടെ തിരക്കിലേക്ക് തിരിച്ചു പോയി. ഞാൻ പുസ്തകത്തിലേക്കും. പാമുക്കിന്റെ നിഷ്കളങ്കരുമായി പതിനഞ്ചു മിനിറ്റ് രസിച്ചുകാണും, യാക്കൂബ് വീണ്ടുമെത്തി. മൂന്നു ചെറിയ ടിന്നുകൾ കൈയിലുണ്ട്. ഒരു കുഞ്ഞു കണ്ണാടിയും.

‘സാബ്, ഇതു കാണൂ.’

അയാൾ സാധനങ്ങളൊക്കെ മേശപ്പുറത്തുവെച്ചു.മൂന്നു ടിന്നുകൾ. രണ്ടെണ്ണം കാലിയാണ്. ഒന്നിൽ പകുതിയോളം തേയിലയുണ്ട്. കുഞ്ഞൻ കണ്ണാടിക്ക് ഓമനത്തമുണ്ടെങ്കിലും കാഴ്ചകൾക്ക് തെളിച്ചമില്ല.

‘ഇതെന്താണ് യാക്കൂബ്. മൂന്ന് തേയിലട്ടിന്നുകൾ.രണ്ടെണ്ണം ശൂന്യം. പിന്നെ മൂന്ന് മഞ്ഞ പ്ലാസ്റ്റിക് സ്പൂണുകൾ.’

‘അല്ല സാബ്. ഒന്നും ശൂന്യമല്ല. ഇതിലെ തേയിലത്തരികളേ തീർന്നിട്ടുള്ളൂ. ആ തരികൾക്കിടയിൽ ആയിഷ ഒളിപ്പിച്ചുവെച്ച അവളുടെ നിശ്വാസങ്ങൾ, അവളുടെ ഗന്ധം...എല്ലാം ഇപ്പോഴുമുണ്ട്. ഇതു കണ്ടോ, ഈ ടിന്നിന്നു പുറത്ത് കാണാം അവളുടെ സ്നേഹാംഗുലിപ്പാടുകൾ. പിന്നെ അവൾക്ക് പ്രിയപ്പെട്ട മഞ്ഞ സ്പൂണുകൾ. കുനാനിലെ പുത്തൻ തേയിലത്തോട്ടത്തിലാണ് ആയിഷയും വീട്ടുകാരും പണിയെടുക്കുന്നത്. കഞ്ചാവ് ചെടികളുടെ തീവ്രലഹരിക്കുപകരം തേയിലച്ചെടികളുടെ ശുദ്ധലഹരിയുടെ വേരുകളാണ് കുനാനിലെ മണ്ണ് ഇപ്പോൾ ഏറ്റുവാങ്ങുന്നത്. പോപ്പിചെടികളിലെ പണക്കിലുക്കം കെടുത്തുന്ന ഭീകരപ്രസ്ഥാനങ്ങളെ തുരത്താനുള്ള ശ്രമമായിരുന്നു അത്.’

‘അപ്പോൾ യാക്കൂബ്, ഈ മൂന്നു ടിന്നുകൾ കൊണ്ടെന്താവാനാണ്.’

‘ഓരോ വർഷത്തേക്ക് ഓരോ ടിൻ. വല്ലപ്പോഴും മാത്രം ഇതിൽ നിന്ന് ഒരു ചായയുണ്ടാകും. മനസ്സ് വല്ലാതെ നോവുമ്പോൾ. ആയിഷയെ വല്ലാതെ ഓർക്കുമ്പോൾ. അങ്ങനെ. പിന്നെ സാബിനെപ്പോലെ മനസ്സിനുപിടിച്ച ഹിന്ദിക്കളെകിട്ടുമ്പോൾ. മൂന്നു ടിന്നുകളും കഴിയുമ്പോൾ മൂന്നുവർഷം. അപ്പോൾ തിരിച്ചുപോകണം. ആയിഷയുമായി മടങ്ങിവരണം. അതാണ് അവൾക്ക് കൊടുത്തിട്ടുള്ള വാക്ക്. അതിനുള്ള പേപ്പറൊക്കെ ശരിയായിട്ടുണ്ട്.’

‘അപ്പോൾ തിരിച്ചുപോക്കില്ലേ യാക്കൂബ്.’

‘എന്താ സാബ്. സ്വന്തം തുറമുഖം നഷ്ടപ്പെട്ട കപ്പലല്ലേ പ്രവാസം. കടലിനാൽ ചുറ്റപ്പെട്ട ഗൾഫിൽ പതിമൂന്ന് വർഷത്തെ പ്രവാസത്തിനിടയിലൊരിക്കലും ഈ രൂപകം എനിക്ക് തോന്നിയില്ലല്ലോ. ഈ കണ്ണാടി കണ്ടോ സാബ്. ഇതിലിങ്ങനെ നോക്കുമ്പോൾ എനിക്ക് കുനാനിലെ തേയിലത്തോട്ടങ്ങൾ കാണാം. തോട്ടങ്ങൾക്കപ്പുറം ഞങ്ങളുടെ വീടുകൾ കാണാം. ആയിഷയെക്കാണാം. തേയിലച്ചെടിയിൽ കൊളുത്തിവലിക്കുന്ന അവളുടെ മഞ്ഞപ്പാവാട കാണാം.’

യാക്കൂബ് ചായട്ടിന്നുകളും കണ്ണാടിയും എടുത്തു. ഓർമകളുടെ പ്രളയത്തിൽ ഒരുനിമിഷം നിന്ന് നനഞ്ഞു.

‘സാബ്, ആയിഷ എന്നതിന്റെ അർഥമെന്താണെന്നോ? മുഖക്കണ്ണാടി. ഈ മുഖക്കണ്ണാടി.’

അവൻ കണ്ണാടി എന്റെ മുഖത്തേക്ക് നീട്ടി. കണ്ണാടിക്കപ്പോൾ മങ്ങലൊന്നുമില്ലായിരുന്നു. അവന്റെ അഫ്ഗാനിപ്പെൺകിടാവിന്റെ നിറഞ്ഞ പുഞ്ചിരി എനിക്ക് വ്യക്തമായി കാണാമായിരുന്നു. ചെറിയൊരു തേയിലക്കൊഴുന്തുപോലെ വിടർന്നുവരുന്ന നുണക്കുഴികളും കാണാം. ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന ഒരു കവിൾ ചായ ഞാൻ കുടിച്ചുതീർത്തു. ഞാൻ കുടിച്ച ഏറ്റവും നല്ല ചായയായിരുന്നു ആ അവസാന കവിൾ.

Tags:    
News Summary - Aisha's mirror and a cup of Sulaimani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.