ആറന്മുള ഉത്രട്ടാതി ജലോത്സവം ഉദ്ഘാടനം ചെയ്ത ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ജലഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്യുന്നു

ആറന്മുള ജലോത്സവം സാംസ്കാരിക പൈതൃക പ്രതീകം -ഉപരാഷ്ട്രപതി

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവം കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും ഭക്തിയുടെയും കാലാതീതമായ പാരമ്പര്യത്തിന്റെയും പ്രതീകമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ആറന്മുള സത്രക്കടവിൽ ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ പരമ്പരാഗത കലകളെയും കരകൗശലവിദ്യകളെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

മനോഹരമായി അലങ്കരിച്ച പള്ളിയോടങ്ങളാണ് പമ്പാനദിയിൽ വള്ളംകളിയിൽ പങ്കെടുക്കുന്നത്. നൂറിലധികം തുഴച്ചിലുകാർ ഒരേ താളത്തിൽ തുഴയുന്ന ഈ പരമ്പരാഗത പള്ളിയോടങ്ങൾ കായികക്ഷമതയുടെയും കരകൗശല മികവിന്റെയും ഉദാഹരണമാണ്. സാംസ്കാരിക, വിനോദസഞ്ചാര ഭൂപടത്തിൽ ആറന്മുളക്ക് ശ്രദ്ധേയമായ ഒരു സ്ഥാനം നൽകാൻ ഇതിന് കഴിഞ്ഞു. ഈ പാരമ്പര്യങ്ങൾ വരുംതലമുറക്കായി നാം കാത്തുസൂക്ഷിക്കണം. നമ്മുടെ പാരമ്പര്യങ്ങൾക്ക് ആളുകളെ ഒന്നിപ്പിക്കാനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും അസാധാരണമായ കഴിവുണ്ടെന്ന് ഉത്സവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.

പാരമ്പര്യവും ആധുനികതയും പരസ്പരവിരുദ്ധമായ ശക്തികളല്ല. അവക്ക് ഒരുമിച്ച് നിലകൊള്ളാൻ കഴിയും. ഇന്ത്യ അതിന്റെ സമ്പന്നമായ പാരമ്പര്യങ്ങളെ ചേർത്തുനിർത്തുന്നു. കേരളത്തിൽ ഓണം ആഘോഷിക്കുമ്പോൾ, പുരിയിൽ രഥയാത്ര നടക്കുന്നു. ഭൂമിശാസ്ത്രം, ഭാഷ തുടങ്ങിയവയിൽ വ്യത്യാസമുണ്ടെങ്കിലും നമ്മുടെ സംസ്കാരം എപ്പോഴും നമ്മെ ഒന്നിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കിയ ബിൽ രാജ്യസഭയിൽ പാസാക്കിയ സെഷനിൽ അധ്യക്ഷനാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും ഉപരാഷ്ട്രപതി പങ്കുവെച്ചു. പതിനായിരക്കണക്കിന് ഭക്തരെയും കാണികളെയും സാക്ഷിനിർത്തി ഉപരാഷ്ട്രപതി വർണശബളമായ ജലഘോഷ യാത്ര ഫ്ലാഗ്ഓഫ് ചെയ്തു. സത്രക്കടവിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ മുഖ്യാതിഥിയായി. സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജലസേചന മന്ത്രി മോൻസ് ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, അബിൻ വർക്കി എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബശിവൻ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Aranmula Boat Race is a Symbol of Cultural Heritage: Vice President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-30 04:17 GMT