വൈലോപ്പിള്ളി


കണക്കും കവിതയും

കലോത്സവത്തിൽ എല്ലാ ഭക്ഷണവും നൽകുന്നത് സംബന്ധിച്ചൊരു സംവാദം ഉയർന്നു വന്നപ്പോഴും, സംഘപരിവാർ പ്രസിദ്ധീകരണങ്ങൾ പൊടിതട്ടാതെ എടുത്ത് വീശിയത്, ‘കാള-കാളൻ’ പ്രയോഗമാണ്! ‘പഴയിടത്തെ പടിയിറക്കിയത് ഇടത്-ജിഹാദി കൂട്ട്കെട്ട്’ എന്നായിരുന്നു തലക്കെട്ട്. ഭക്ഷണവൈവിധ്യം പാലിക്കണം എന്നൊരു മിനിമം ജനായത്ത ആശയത്തെക്കുറിച്ച്, അവരന്ന് എഴുതിപിടിപ്പിച്ചത് വീണ്ടും വായിക്കുന്നത് ഫാഷിസ്റ്റ് ആശയപ്രചാരണത്തിൻെറ സ്വഭാവം കൃത്യം വ്യക്തമാക്കും.

സഹോദരൻ അയ്യപ്പൻെറ, ‘ഓണപ്പാട്ടും’, മഹാകവി വൈലോപ്പിള്ളിയുടെ, ‘ഓണപ്പാട്ടുകാർ’ എന്ന പ്രശസ്ത കവിതയും ഒന്നിച്ചാവശ്യപ്പെടുന്നത്, ‘വാമനാദർശം’ വെടിയാനാണ്. 1980ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയും ഇ. ചന്ദ്രശേഖരൻ നായർ ഭക്ഷ്യമന്ത്രിയുമായിരുന്ന കാലത്താണ്, ദുരിതങ്ങൾക്കൊരു തിരുത്തെന്നപോലെ വിലക്കയറ്റത്തിൽനിന്നുള്ള രക്ഷക്കായി ‘മാവേലിസ്റ്റോർ’ നിലവിൽവന്നത്. രാമരാജ്യത്തിനു ബദലായി കീഴാള നവോത്ഥാന പ്രതിഭ മഹാത്മാ ഫുലെ മുന്നോട്ടുവെച്ചത് ബലിരാജ്യമാണ്. പക്ഷേ, കേരളമൊഴിച്ച് ഒരിടത്തും മഹാബലിയെ ബഹുജനഹിതാർഥം ഒരു ‘സ്റ്റോറാക്കി’യിട്ടുണ്ടാവില്ല. മഹാബലിമിത്ത് അടിവരയിടുന്നത് അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപിൻെറ വീര്യമാണ്. ഒരാകാശവും ഭൂമിക്ക് മുകളിലല്ലെന്ന തത്ത്വമാണ്! അധികാര വിജയങ്ങളുടെ അശ്ലീലതകൾക്കു മുന്നിലുയർന്ന ചോദ്യമാണ്. ‘ബ്രാഹ്മണോപജ്ഞമാം കെട്ടമതം/സേവിപ്പവരെ ചവിട്ടും മതം/ നമ്മളെ തമ്മിലകറ്റും മതം/ നമ്മൾ വെടിയണം നന്മവരാൻ/ വാമനാദർശം വെടിഞ്ഞിടേണം/ മാബലി വാഴ്ച വരുത്തിടേണം...’എന്ന് ഓണപ്പാട്ടിൽ സഹോദരനയ്യപ്പൻ. ‘പൃത്ഥിയിലന്നു മനുഷ്യർ നടന്ന പ-/ദങ്ങളിപ്പോഴധോമുഖവാമനർ/ ഇത്തിരിവട്ടം മാത്രം കാണ്മവർ/ഇത്തിരിവട്ടം ചിന്തിക്കുന്നവർ’എന്ന് ‘ഓണപ്പാട്ടുകാരിൽ’ വൈലോപ്പിള്ളി. രണ്ടുപേരും പകുക്കുന്നത് ‘ഇത്തിരിവട്ടങ്ങൾ’ക്കപ്പുറമുള്ള വിസ്തൃത ലോകമാണ്. എന്നാൽ, ഫാഷിസ്റ്റുകളാവട്ടെ ജനായത്തം തള്ളിയ ആ ‘ഇത്തിരിവട്ട’ ഇരുട്ടിൽ കോരിത്തരിക്കുകയാണ്. നീതിയുടെ സന്ദേശമുയർത്തുന്ന മഹാബലിയെ എതിരേൽക്കാനല്ല, എതിർക്കുന്നതിലാണവർ ഉന്മത്തരാവുന്നത്. 1961ലാണ് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള ഓണത്തെ ദേശീയോത്സവമാക്കുന്നത്. എന്നാൽ, അതിനും മുമ്പേ വൈലോപ്പിള്ളി ‘ഓണത്തിലെ’ സ്ഥിതിസമത്വ സ്വപ്നത്തെ സാർവദേശീയമാക്കി! അതിന് സാക്ഷ്യം വഹിച്ചതാവട്ടെ ഔദ്യോഗിക ഉത്തരവുകളല്ല, സൗമ്യമധുര പൂവുകളാണ്.

‘ആ വരവിങ്കലുണർന്നു ചിരിപ്പൂ

പൂവുകൾ!

പോവുക നാമെതിരേൽക്കുക

നമ്മളൊരുക്കുക നാളെയൊരോണം’. ഓണം ഔദ്യോഗികമായി ദേശീയോത്സവമായി മാറിയെങ്കിലും കവി സ്വപ്നം കണ്ട ചിരിതൂകി പൂക്കൾ സാക്ഷി നിൽക്കുന്ന ഒരോണം ഇനിയും വന്നിട്ടില്ല. വെറുപ്പിനും വിദ്വേഷങ്ങൾക്കുമിടയിൽ അതിപ്പോഴും വീണുകിടക്കുകയാണ്. പൂവുകളെക്കുറിച്ച് പാടാനാവാത്തവിധം കാലം ഇരുളുകയാണ്. കുട്ടി ഒരു കിളിയെ വരക്കാൻ പറഞ്ഞപ്പോൾ, അപ്പൻ വരച്ചുവന്നപ്പോൾ അതൊരു ജയിലായി മാറിയതിനെക്കുറിച്ച് സിറിയൻ കവി നിസ്സാർ ഖ്വബ്ബാനി എഴുതിയതിനെ ഓർമിപ്പിക്കും വിധമുള്ള കീഴ്മേൽ മറിച്ചിലുകൾക്കാണ്, കാലമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്.

ഒത്തുപിടിച്ചാൽ മലയും മറിയും. പക്ഷേ, മുൻവിധി മറിച്ചിടൽ അത്ര എളുപ്പമല്ല. ആറ്റം പിളർക്കുന്നതിനേക്കാൾ പ്രയാസമാണ് മുൻവിധി തകർക്കുന്നത് എന്ന് മുമ്പ് ഐൻസ്റ്റൈൻ എഴുതിയത് എത്ര ശരി. ഏത് ആഘോഷത്തിൻെറയും അന്തസ്സത്ത ആഹ്ലാദാനുഭവവും, സമർപ്പണ അനുഭൂതിയുമാണ്. ആദ്യത്തേതിൽ ആർക്കും തങ്ങളുടെ ഇച്ഛക്കും വിശ്വാസത്തിനുമനുസരിച്ച് പങ്കുചേരാനാവും. എന്നാൽ, രണ്ടാമത് പരാമർശിച്ച സമർപ്പണം ആഘോഷത്തിൻെറ ആത്മീയതലമാണ്. അതിൽ എല്ലാവർക്കും ഒരേവിധം പങ്കെടുക്കാൻ ആവിധം കഴിയില്ല. അതിനെ ഒരു കുറ്റമായിട്ടല്ല, വൈവിധ്യ മനോഹാരിതയായിട്ടാണ് മനസ്സിലാക്കേണ്ടത്. എല്ലാ ഉത്സവങ്ങളും എല്ലാവരുടെയും ആവുന്നത് അധികാരത്തിൻെറ ആജ്ഞകളുടെ അടിസ്ഥാനത്തിലല്ല, വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾക്കിടയിൽ വളർന്നുവരുന്ന അടുപ്പത്തിൻെറ അടിസ്ഥാനത്തിലാണ്. അകലങ്ങൾ കുറക്കേണ്ട ആഘോഷങ്ങളെപ്പോലും ആക്രമണങ്ങളാക്കി തീർക്കാനുള്ള ശ്രമങ്ങളാണ് നിരുത്സാഹപ്പെടുത്തപ്പെടേണ്ടത്. അല്ലാതെ പാരസ്പര്യത്തിൻെറ മനോജ്ഞ ‘പലമകൾ’ പൊളിക്കാനാവരുത്. സകല വ്യത്യസ്തകൾക്കിടയിലും ആഘോഷങ്ങൾ കടന്നുവരുന്നത് ‘അധിക’ ഭക്ഷണമായും വസ്ത്രമായും സ്വതന്ത്ര സമയമായും, കലകളായും ഒത്തുചേരലുകളായും അങ്ങനെ പലവിധ ആഹ്ലാദാവിഷ്കാരങ്ങളുമായുമാവും! അതിൽ പലപ്രകാരേണ കുത്തിത്തിരിപ്പുണ്ടാക്കാനുള്ള ശ്രമമാണ് ഫാഷിസ്റ്റ് നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ പ്രത്യക്ഷതലത്തിലും കേരളത്തിൽ പോലും പരോക്ഷ തലത്തിലും തുടങ്ങിക്കാണുന്നത്. സർവതല സ്പർശിയാകേണ്ട സംവാദങ്ങളെപ്പോലും വിവാദങ്ങളാക്കുകയും, അതോടൊപ്പം അതെ/അല്ല എന്നതിൽ മാത്രമായി സർവതിനേയും ഒതുക്കാനുള്ള ശ്രമങ്ങളുമാണ് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഓണത്തിനായാലും എന്തു കഴിക്കണമെന്നും കഴിക്കരുതെന്നും തീരുമാനിക്കേണ്ടത്, കഴിക്കുന്ന മനുഷ്യരാണ്. മതപരമായ ഭക്ഷണവിലക്കുകൾ മതവിശ്വാസികൾക്ക് മാത്രമാണ് ബാധകമാവുക. അല്ലാത്തവർക്ക് അത് എങ്ങനെ ബാധകമാവും? എന്തായാലും എന്തിൻെറ പേരിലായാലും അടിച്ചേൽപിക്കുമ്പോഴല്ലേ എല്ലാം അവഹേളനമാവുന്നത്. അല്ലാതെ ‘ഇതെനിക്ക് ഇഷ്ടമില്ലാത്തതിനാൽ ഞാൻ കഴിക്കില്ല, അതെനിക്ക് ഏറെ ഇഷ്ടമായതിനാൽ ഞാനത് കഴിക്കും’ എന്ന് പറയുന്നതിൽ എന്ത് അപാകതയാണുള്ളത്. അപരവിദ്വേഷകറ പുരളാത്ത കാഴ്ചപ്പാടാണ് കരുത്താർജിക്കേണ്ടത്. ആരെയെങ്കിലും തോൽപിക്കാനായി മാംസം കഴിക്കണമെന്നോ സസ്യാഹാരം കഴിക്കണമെന്നോ പറഞ്ഞാൽ അതും ജനായത്ത വിരുദ്ധമാണ്. പുല്ലുതീനികൾ, ശവംതീനികൾ എന്നീപ്രകാരമുള്ള ഭാഷാപ്രയോഗങ്ങളും ആ വകുപ്പിൽ പെടും. ഈയിടെ യാത്രക്കിടയിൽ ഒരിടത്ത് ‘നമ്പൂതിരീസ് പ്യൂവർ വെജ് ഹോട്ടൽ’ എന്നൊരു ബോർഡ് കണ്ടു. മുമ്പൊക്കെ വെജിറ്റേറിയൻ ഹോട്ടൽ, കട്ടിപോരാത്തതിനാവാം, അല്ലെങ്കിൽ സംശയംതീരാത്തതുകൊണ്ടാവാം, ‘പ്യൂവർ വെജിറ്റേറിയൻ’ എന്നും കണ്ടു. എന്നാലിപ്പോൾ അതും പോരാഞ്ഞിട്ട് നമ്പൂതിരീസ് പ്യൂവർ വെജ് ഹോട്ടൽ! ഇഷ്ടമുള്ളവർ കയറി ഭക്ഷണം കഴിച്ചാൽ മതി എന്നതിനാൽ അതിൽ പ്രത്യക്ഷത്തിൽ പ്രശ്നമൊന്നുമില്ല. പക്ഷേ ഒരൽപം ആഴത്തിൽ ആലോചിച്ചാൽ, സത്യം പല പ്രശ്നങ്ങളും പൊങ്ങിവരും. ചോദ്യം നമുക്ക് ജാതിമേൽക്കോയ്മയുടെ ‘കഴുകൻ കണ്ണുകൾ’ എടുത്തുമാറ്റാൻ ധൈര്യമുണ്ടോ എന്നുള്ളതാണ്. അതിനുപകരം സസ്യ-മാംസ സംഘർഷമായി ഭക്ഷണ താൽപര്യങ്ങളെ അതവതരിപ്പിക്കുമ്പോഴാണ് കുഴപ്പം. 1989ൽ മധ്യപ്രദേശിലെ മുസ്‍ലിം കൂട്ടക്കൊലകളിൽ ലോഗൈൻഗ്രാമത്തിൽ പോത്തല്ലല്ല്ലോ, കോളിഫ്ലവറല്ലേ ഭീകരരൂപമാർജിച്ചത്! തക്കാളിക്കും പച്ചമുളകിനും ഉരുളക്കിഴങ്ങിനുമൊപ്പം നിതാന്തസൗഹൃദം പങ്കുവെച്ച് മാംസകഷണങ്ങൾ ചട്ടികളിൽ ചിരിച്ചുമറിയുന്നത് കണ്ടിട്ടുണ്ട്! എന്നാൽ, ഇപ്പറഞ്ഞത് വെറുപ്പിൽ വേവിച്ചാൽ സസ്യ-മാംസ ഭേദമന്യേ സർവതും സംഘർഷമുണ്ടാക്കും. ഇത്രയും വീണ്ടും ആലോചിക്കാൻ കാരണം ആ പഴയ ‘കാളൻ-കാള’ പ്രയോഗം എവിടംവരെ ചെന്നുകൊണ്ടു എന്നതിനെക്കുറിച്ചോർത്തപ്പോഴാണ്.

നാലുകൊല്ലം മുമ്പ്, 2022ൽ കലോത്സവത്തിൽ എല്ലാ ഭക്ഷണവും നൽകുന്നത് സംബന്ധിച്ചൊരു സംവാദം ഉയർന്നുവന്നപ്പോഴും, സംഘ്പരിവാർ പ്രസിദ്ധീകരണങ്ങൾ പൊടിതട്ടാതെ എടുത്തുവീശിയത്, ‘കാള-കാളൻ’ പ്രയോഗമാണ്! ‘പഴയിടത്തെ പടിയിറക്കിയത് ഇടത്-ജിഹാദി കൂട്ടുകെട്ട്’ എന്നായിരുന്നു അന്നത്തെ തലക്കെട്ട്. ഭക്ഷണവൈവിധ്യം പാലിക്കണം എന്നൊരു മിനിമം ജനായത്ത ആശയത്തെക്കുറിച്ച്, അവരന്ന് എഴുതിപ്പിടിപ്പിച്ചത് വീണ്ടും വായിക്കുന്നത് ഫാഷിസ്റ്റ് ആശയപ്രചാരണത്തിൻെറ സ്വഭാവം കൃത്യം വ്യക്തമാക്കും. ‘ജിഹാദികളുടെ പണംപറ്റി അവർക്ക് വിടുപണി ചെയ്യുന്നവരാണ് ഈ വിവാദത്തിന് തിരികൊളുത്തിയത്’ എന്ന ആദ്യവാക്യവും സത്യവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ഇതെഴുതിയവർക്കും അറിയാമെന്നിരിക്കെ, എന്തിനാണിങ്ങനെ അസംബന്ധങ്ങൾ തട്ടിവിടുന്നതെന്ന് ആരും ചോദിച്ചുപോകും. ഏതു ഹോട്ടലിൽ ചെന്നാലും സസ്യാഹാരികളല്ലാത്തവർ ‘മീനില്ലേ’ എന്നും, വിളമ്പുന്നവർ കഴിക്കാൻ വരുന്നവരിൽ എല്ലാവിഭാഗത്തിലും പെട്ടവരുണ്ടാകുമെന്നതിനാൽ, മീൻകറി വളമ്പുന്നതിനുമുമ്പ് എത്ര തിരക്കിലും ‘ഒഴിക്കട്ടോ’ എന്നും ചോദിക്കും. ഔചിത്യം, മര്യാദ, പരസ്പരബഹുമാനം തുടങ്ങിയ ചില ‘ഐറ്റ’ങ്ങളുണ്ട്! അതൊരു പലചരക്കു കടയിൽ നിന്ന് വാങ്ങാൻ കിട്ടുകയില്ല.

സംഘ്പരിവാർ പ്രതിഭകൾ കരുതുന്നത് എന്തിൻെറ മുന്നിലും പിന്നിലും ജിഹാദി എന്നുചേർത്താൽ, പിന്നെ തങ്ങൾ അവതരിപ്പിക്കുന്ന അഭിപ്രായങ്ങളെ പിന്തുണക്കുന്ന ഒരു യുക്തിയും പ്രത്യേകിച്ച് പറയേണ്ടതില്ലെന്നാണ്! എന്നാൽ, സസ്യമഹത്വ പ്രകീർത്തനത്തെ പിന്തുണക്കാൻ അവർ ഹാജരാക്കിയ രണ്ടാമത്തെ കാര്യം, ഈ ജിഹാദിതിരിയുടെ വേര് കിടക്കുന്നത് ‘കാളനാവാമെങ്കിൽ കാളയുമാകാം’ എന്നു കുറച്ചുകാലം മുമ്പ് ഒരു ‘മൗദൂദി മാർക്സിസ്റ്റ്’ പറഞ്ഞതിലാണ്! അതാണത്രേ സംഘർഷമുണ്ടാക്കാൻ യുവജനോത്സവത്തിൻെറ പാചകപ്പുരയിൽ വേവിച്ചെടുത്തത്. അവിടെയും അവർ നിൽക്കുന്നില്ല. ‘..ഇപ്പോൾ സസ്യഭക്ഷണത്തിനെതിരെ തിരിഞ്ഞിരിക്കുന്നവർ നാളെ കേരളത്തനിമകളായി നാം അഭിമാനത്തോടെ കൊണ്ടുനടക്കുന്ന പലതിനെതിരെയും ഫത്വാ പുറപ്പെടുവിക്കും. സാംസ്കാരിക സവിശേഷതകളും ബഹുസ്വരതയുമില്ലാത്ത ഒരു കെട്ടകാലത്തേക്ക് നമ്മുടെ നാടിനെ നയിക്കാതിരിക്കാനുള്ള വിവേകം ഭരണാധികാരികൾക്കുണ്ടാവണം.’ ബഹുസ്വരത, വിവേകം, തനിമ എന്ന മൂന്ന് വാക്കുകൾക്കു മുകളിൽ എത്ര ആഹ്ലാദത്തോടെയാണവർ, ആ മൂന്നിനെയും തകർക്കുന്ന ആശയങ്ങൾ കെട്ടിപ്പൊക്കുന്നത്. ബഹുസ്വരതയെന്നാൽ ഏതെങ്കിലും ഒന്നിൽ മറ്റുള്ളവർ കൽപിക്കുന്നതിനനുസരിച്ച് ‘ബാക്കിയാവുന്നവർ’ കുമ്പിടലാണോ? വിവേകമെന്നാൽ വെറുപ്പിന് കഞ്ഞിവെച്ച് കൊടുക്കലാണോ? തനിമയെന്നാൽ ഫ്യൂഡൽ പഴമകളാണോ? ഒരു കാര്യം ഉറപ്പാണ്. ഫാഷിസ്റ്റ് ആൾക്കൂട്ടകൊലകൾക്ക് ഇന്ത്യൻ ജനത പരസ്പരം പങ്കുവെക്കുന്ന ആഭിമുഖ്യങ്ങളെ ഇതുവരെയും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. അലർച്ചകൾക്കിടയിൽനിന്നും സൗഹൃദത്തിൻെറ ചിരികൾ ഉയരുന്നുണ്ട്. ‘No matter how sharp your teeth are, you can’t bite water’ എന്നൊരു ആഫ്രിക്കൻ ചൊല്ലുണ്ട്.

വിക്ടോറിയ കോളജിലെ യൂനിയൻ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്ന കൂട്ടത്തിൽ, വിദ്യാർഥി നേതാവായിരുന്ന സമയത്ത് ഓണസദ്യക്ക് മാംസാഹാരം വിളമ്പണമെന്നാവശ്യപ്പെട്ടതും പ്രിൻസിപ്പലായിരുന്ന മാധവമേനോൻ അതൊരു തമാശയായെടുത്ത് തള്ളിക്കളഞ്ഞതും ഒടുവിൽ വിദ്യാർഥികളുടെ ആവശ്യം അംഗീകരിക്കേണ്ടിവന്നതും, കെ.എൻ. പണിക്കർ മാഷ് ആത്്മകഥയിൽ പറയുന്നുണ്ട്. അതേപോലെ ഹൻസ്രാജ് കോളജിൽ പഠിപ്പിക്കുന്ന കാലത്തും സസ്യാഹാര നിർബന്ധം പുലർത്തുന്ന ആര്യസമാജ് നടത്തുന്ന കോളജായിട്ടുകൂടി, പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടുമേ വ്യാകുലമാവാതെ അദ്ദേഹം മാംസപക്ഷത്തുനിന്നും പൊരുതി! രോഷാകുലനായ ചെയർമാൻ മാഷിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, താങ്കൾക്ക് പശുമാംസം തന്നാൽ എന്തായിരിക്കും പ്രതികരണം എന്ന് ചോദിച്ചപ്പോൾ മാംസങ്ങളിൽ ഞാൻ ഗോമാംസം ആണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഉത്തരം! വലിയ തർക്കങ്ങൾക്കും കോളജ് അടച്ചിടുമെന്ന ഭീഷണികൾക്കുമിടയിൽ ഒടുവിൽ വിദ്യാർഥികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഇതൊക്കെ സംഭവിച്ചത് പതിറ്റാണ്ടുകൾക്ക് മുമ്പാണ്. എന്നാലിപ്പോൾപോലും നമുക്കിടയിൽനിന്ന് കുലീനതയുടെ മാംസമുറുമുറുപ്പ് അവസാനിച്ചിട്ടില്ല. തിന്നുന്നവർ തിന്നുകയും തിന്നാത്തവർ തിന്നാതിരിക്കുകയും ചെയ്യുകയെന്ന ബഹുസ്വര മതനിരപേക്ഷതയിലേക്ക് എത്താൻ നമ്മളിനിയും എത്രയോ ചുവടുകൾ മുന്നോട്ടു വെക്കേണ്ടതുണ്ട്. പലപ്രകാരേണ അടിച്ചമർത്തപ്പെട്ടവർ സംസാരിച്ചു തുടങ്ങുമ്പോൾ, അധികാരശക്തികൾ അസ്വസ്ഥമാവുക സ്വാഭാവികമാണ്. നിങ്ങൾക്ക് ഞങ്ങളെ അടിമകളാക്കിവെക്കാൻ ആഗ്രഹം കാണുമെങ്കിലും, ഞങ്ങൾക്ക് നിങ്ങളുടെ അടിമകളായിരിക്കാൻ ഒരു താൽപര്യവുമില്ലെന്നും, നിങ്ങളുടെ ആ അമ്മായിക്കഥകളൊന്നും ഇനി ഞങ്ങൾക്ക് വേണ്ടെന്നും മഹാത്്മാ അംബേദ്കർ പറഞ്ഞത് മറക്കരുത്. ചെറിയ ചോദ്യങ്ങൾക്കു മുന്നിൽ വിരളാൻ തുടങ്ങിയാൽ വലിയ ചോദ്യങ്ങൾക്ക് മുന്നിൽ അധീശത്വം എന്തുചെയ്യും?

കാളനൊപ്പം കാളെയെന്ന് ഇപ്പോൾ കേൾക്കുമ്പോൾപോലും വിരണ്ടുപോവുന്ന മതേതരത്വം എത്ര സഹതാപാർഹമാണ്! ഒരു രാഷ്ട്രത്തിലെ സർവ ഉത്സവങ്ങൾക്കും ദേശീയപദവിക്ക് അർഹതയുണ്ടെന്ന് കേൾക്കുമ്പോഴേക്കും പരിഭ്രമിച്ചുപോവുന്ന സോഷ്യലിസ്റ്റ് ബോധം എത്ര നിസ്സഹായമാണ്! ഒരു സെക്യുലർ രാഷ്ട്രത്തിന്റെ ഔദ്യോഗിക ചടങ്ങുകളിൽ ഭൂമിപൂജക്കൊപ്പം ചവിട്ട് നാടകവും മൗലൂദും കൂടി ഉൾപ്പെടുത്താവുന്നതാണെന്ന ഒരു തമാശ സഹിക്കാൻപോലുമാവാത്ത ബഹുസ്വരത എത്ര ബലഹീനമാണ്! വിശ്വാസത്തെ നിയമമായി ശഠിക്കുന്ന വിധികളും, ദേശീയതയെ മതമാക്കി മാറ്റുന്ന വംശീയതയും, പൗരത്വത്തെ ന്യൂനപക്ഷ വിരുദ്ധതയായി ചുരുക്കുന്ന രാഷ്ട്രീയ നിലപാടുകളും, മാംസാഹാരം രൗദ്രസ്വഭാവത്തിന് കാരണമാവുന്നുവെന്ന പുതിയ കണ്ടുപിടിത്തങ്ങളും, പശു സർവരോഗസംഹാരിയായ ഒരത്ഭുത ജന്തുവാണെന്ന പ്രകീർത്തനങ്ങളും, സംസ്കൃതമാണ് ദേശീയഭാഷയാവേണ്ടതെന്ന കണ്ടെത്തലും, അധികാര വിമർശകരെയാകെ ദേശേദ്രാഹികളാക്കിയുള്ള ചാപ്പകുത്തലും കുറച്ചുകൂടി മുന്നേറിയാൽ ഉറപ്പ്, നമ്മുടെ മതനിരപേക്ഷ ജീവിതം പൂർണമായും പൊളിയും.

എല്ലാ ഉത്സവങ്ങളും എല്ലാവർക്കും, എല്ലാ ഉത്സവങ്ങൾക്കും ദേശീയപദവി എന്ന ആവശ്യം, ബഹുസ്വരതയെ ശക്തിപ്പെടുത്തും, ആഹ്ലാദം വർധിപ്പിക്കും. ഒരുത്സവം ദേശീയോത്സവമായാൽ, ‘അരക്കിലോ’ ആഹ്ലാദം ഉണ്ടാവുമെങ്കിൽ, രണ്ട് ഉത്സവം ദേശീയോത്സവമായാൽ ഒരു കിലോക്ക് മുകളിൽ ആഹ്ലാദമുണ്ടാവും! കണക്കിൽനിന്നും കവിതയിലേക്ക് കുതിക്കാനായാൽ!

Tags:    
News Summary - Math and poetry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.