മക്കയിലെ ഹിറ മ്യൂസിയത്തിൽ അപൂർവ ഖുർആൻ കൈയെഴുത്തുപ്രതി ശ്രദ്ധേയമാകുന്നു

മക്ക: മക്കയിലെ ഹിറ കൾചറൽ ഡിസ്ട്രിക്റ്റിലുള്ള ഖുർആൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചുവന്ന മഷിയിലെഴുതിയ അപൂർവ ഖുർആൻ കൈയെഴുത്തുപ്രതി ശ്രദ്ധയാകർഷിക്കുന്നു. റോയൽ കമീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്‌സി​െൻറ മേൽനോട്ടത്തിൽ ജബലുന്നൂറിൽ പ്രവർത്തിക്കുന്ന മ്യൂസിയത്തിലെ അപൂർവ ശേഖരങ്ങൾ ഇതിനകം തന്നെ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ കൈയെഴുത്തുപ്രതി പ്രദർശിപ്പിച്ചതിന് ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കിയ ഈ മ്യൂസിയത്തിലുള്ളത് എ.ഡി. ഒമ്പതാം നൂറ്റാണ്ടിലേതിന്​ സമാനമായ അപൂർവ പ്രതിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സൂറത്തു മർയമിലെ ഏതാനും ഭാഗങ്ങളുള്ള ഈ കൈയെഴുത്തുപ്രതി, അറബി കാലിഗ്രഫിയുടെ തനിമയും ആദ്യകാല ഖുർആൻ പകർത്തിയെഴുത്തി​െൻറ സവിശേഷതകളും അടയാളപ്പെടുത്തുന്ന സുപ്രധാന ചരിത്ര രേഖയാണ്.

സ്വരാക്ഷര ചിഹ്നങ്ങളോ ഡയാക്രിറ്റിക്കൽ ഡോട്ടുകളോ (നുഖ്തകൾ) ഇല്ലാത്ത ഇതി​െൻറ രചനാശൈലി, നൂറ്റാണ്ടുകളായി മുസ്‌ലിം ലോകം ഖുർആൻ സംരക്ഷണത്തിന് നൽകിയ ആദരവും കലാപരമായ ശ്രമങ്ങളും വ്യക്തമാക്കുന്നു. കൂടാതെ, ചരിത്രപരമായ പകർപ്പുകളും നാൾവഴികളും അടുത്തറിയാൻ സഹായിക്കുന്ന ഡിജിറ്റൽ സംവേദനാത്മക സംവിധാനങ്ങളും സന്ദർശകർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

പ്രവാചകന് ആദ്യ ദിവ്യവെളിപാട് ലഭിച്ച ഹിറ ഗുഹ സ്ഥിതിചെയ്യുന്ന ജബലുന്നൂറ കേന്ദ്രീകരിച്ച്, തീർഥാടകരുടെ മതപരവും വൈജ്ഞാനികവുമായ അനുഭവം സമ്പന്നമാക്കാനാണ് ഹിറ കൾചറൽ ഡിസ്ട്രിക്റ്റ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.

സൗദി ടൂറിസം, സാംസ്കാരിക മേഖലകളുടെ നാഴികക്കല്ലായ ഈ പദ്ധതിയിൽ പർവതത്തെക്കുറിച്ചും ഹിറ ഗുഹയെക്കുറിച്ചുമുള്ള സമഗ്ര വിവരങ്ങളുണ്ട്. മസ്ജിദുൽ ഹറമിൽനിന്ന് നാല് കിലോമീറ്റർ മാത്രം അകലെയുള്ള ഈ ചരിത്ര സ്ഥലത്തേക്ക് രാപ്പകൽ ഭേദമന്യേ ആയിരക്കണക്കിന് തീർഥാടകരാണ് എത്തുന്നത്.

Tags:    
News Summary - Rare Quran manuscript draws attention at Hira Museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.