ന്യൂഡൽഹി: അടുത്ത വർഷം ജനുവരി ആദ്യ വാരം നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് നൽകുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലിയെ നാമനിർദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവാർഡ് ജൂറിയിലേക്ക് യൂസുഫലി ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ള അഞ്ചു വ്യക്തികളുടെ പേര് ഉൾപ്പെടുത്തിയത്.
കോവിഡ്-19 വ്യാപനം മൂലം 2021ലെ പ്രവാസി ഭാരതീയ ദിവസ് ഇതാദ്യമായി ഓൺലൈനിലാണ് നടക്കുന്നത്. ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദേശ ഇന്ത്യക്കാർക്കാണ് പ്രവാസി ഭാരതീയ സമ്മാൻ അവാർഡ്. പ്രിൻസ്റ്റൺ സർവകലാശാല ഗണിതശാസ്ത്ര വിഭാഗം പ്രഫസർ മഞ്ജുലാൽ ഭാർഗവ, ഉഗാണ്ട കിബോക്കോ ഗ്രൂപ് മാനേജിങ് ഡയറക്ടർ രമേഷ് ബാബു, അന്താരാഷ്ട്ര സഹകരണത്തിനുള്ള ഇന്ത്യൻ കൗൺസിൽ പരിഷത് സെക്രട്ടറി ശ്യാം പരൻഡേ, ഇൻറൽ ഇന്ത്യ മേധാവി നിവൃതി റായി എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ട മറ്റ് അംഗങ്ങൾ.
ഉപരാഷ്ട്രപതി ചെയർമാനായ അവാർഡ് ജൂറിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി, ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരും അംഗങ്ങളാണ്. ഈ മാസം ഓൺലൈനിൽ ചേരുന്ന ജൂറിയുടെ ആദ്യയോഗത്തിൽ അവാർഡ് ജേതാക്കളെ കണ്ടെത്താനുള്ള നടപടിക്ക് തുടക്കമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.