അക്ഷരങ്ങളിലൂടെ ഒരു ദേശാടനം; മാടമ്പ് കുഞ്ഞിക്കുട്ടന്‍റെ ഓർമകൾക്ക് അഞ്ചാണ്ട്

മെയ് മാസത്തിലെ അതി തീക്ഷ്ണ ചൂടിനെ പോലും വകവെക്കാതെ തൃശൂർ കിരാലൂരിലെ മാടമ്പ് മനയിൽ ജനം ഒഴുകിയെത്തിയത് 79 വർഷക്കാലത്തെ ആ ഒറ്റയാന്റെ തിടമ്പേറ്റിയ ആഘോഷമാർന്ന, പ്രൌഡഗംഭീരമായ ജീവിതമൊരു കൊറോണ വൈറസ് അപഹരിച്ചിട്ട് അഞ്ചാണ്ട് തികയുന്ന ഓർമയുടെ സ്മരണ പുതുക്കാനായിരുന്നു.

വളരെ മുൻപെ തനിക്കിടമൊരുക്കാൻ പോയ സാവിത്രി അന്തർജനത്തോടു കൂടി വീണ്ടും ലയിക്കാൻ വേണ്ടി, മക്കളായ ജസീനയെയും ഹസീനയെയും മാടമ്പ് മനയെൽപ്പിച്ച് അദ്ദേഹം ആ മണ്ണിൽ തന്നെ ഒരു കാവലാളായി നിത്യ നിദ്രയിലാണ്ടു. അച്ഛനും, മുറ്റത്തച്ഛനും ശങ്കരൻ നമ്പൂതിരിമാരായത് കൊണ്ട് അമ്മക്കും, വല്യമ്മമാർക്കും ശങ്കരൻ എന്ന കുട്ടിയുടെ പേര് വിളിക്കാൻ ബുദ്ധിമുട്ടാകയാൽ സ്നേഹത്തോടെ കുഞ്ഞൂട്ടനെന്ന് വിളിച്ചു പോന്നു. പിന്നീടത് സ്ഥിരം പേരായി മാറി.

ബാല്യകാലത്തെ വിദ്യാഭ്യാസം വീട്ടിൽ തന്നെയായിരുന്നു. അച്ഛന്റെ ചെറിയച്ഛൻ മാടമ്പ് അഷ്ട്ടമൂർത്തി ആയിരുന്നു പ്രധാന ഗുരു. സംസ്‌കൃതം പഠിപ്പിക്കാൻ എത്തിയിരുന്നത് മഹാ പണ്ഡിതനായിരുന്ന ഉണ്ണിത്താൻ മാഷായിരുന്നു. പിന്നീട് അദ്ദേഹം സന്യാസം സ്വീകരിച്ച് ജ്ഞാനാനന്ദ സരസ്വതിസ്വാമിയായി മാറി.

സമപ്രായക്കാരായ അഞ്ചാറു പേർ ചേർന്നതായിരുന്നു ഒരു ബാച്ച്. യജുർവേദപഠന കേന്ദ്രമായിരുന്നു മനയെന്നതു കൊണ്ടു തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും താന്ത്രിക വിദ്യ പഠിക്കാൻ ആളുകൾ മനയിൽ എത്തി. വേദം, ശാസ്ത്രം, സംസ്‌കൃതം, വൈദ്യം, പൂജ, മാതംഗ ശാസ്ത്രം, ജ്യോതിഷം, എന്നിവ കൈപിടിയിലൊതുക്കി. പിന്നീട് കുഞ്ഞൂട്ടൻ ആചാര്യനും അധ്യാപകനുമായി.

ജനിക്കുമ്പോഴേ മനയിൽ ആറു ഗജവീരന്മാരുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തെ ആനക്കമ്പക്കാരനെന്ന് പറയാനാവില്ല. ആനകളുടെ കളികൂട്ടുകാരനും, അവരുടെ ഉള്ളറിയുന്നവനും, അമ്മക്ക് കുഞ്ഞിനെയെന്നപോലെ ഓരോ ചലനങ്ങളുടെയും അർഥം ആഴത്തിൽ അളക്കുന്നവനും, ആനവൈദ്യനുമായിരുന്നു. മാതംഗശാസ്ത്രം പഠിച്ചത് ആറാംതമ്പുരാന്റെ അടുത്ത് പോയിട്ടായിരുന്നു. തിരുമംഗലത്ത് നീലാണ്ടൻ മൂസിന്റെ മാതംഗ ലീലയും ഹൃദിസ്തമാക്കി. ഏഴുവർഷത്തോളം കൈരളി ടി.വിക്കു വേണ്ടി 'ഇ ഫോർ എലിഫന്റ്' എന്ന പരിപാടിയിൽ അവതാരകനായി ആനകളെ കുറിച്ചു മാത്രം സംസാരിച്ച് കുട്ടികളുടെ ആനയപ്പൂപ്പൻ ആയിമാറി.

28ാം വയസ്സിലാണ് ആദ്യ നോവലായ 'ആശ്വഥത്മാവ്' എഴുതുന്നത്. അതിനുശേഷം 'ഭ്രഷ്ട്' എഴുതി. ഈ രണ്ടു നോവലുകൾ ജനമനസ്സുകൾ കീഴടക്കിയപ്പോൾ ആ ലഹരിയിൽ മുങ്ങിനിവർന്ന് 30 ഗ്രന്ഥങ്ങൾക്ക് പിതാവായി. അതിൽ ഇന്നും ജീവിക്കുന്ന കഥാപാത്രമാണ് "ചക്കരകുട്ടി പാറു", കുഞ്ഞൂട്ടന്റെ കാമുകീ സങ്കല്പമാണത്. ചക്കരകുട്ടി പാറുവുമായി അതീവ പ്രണയത്തിലായത്തോടെ ഇടക്കിടെ നൂലു കെട്ടുകയും വളയിടീക്കുകയും ചെയ്യും. കുഞ്ഞൂട്ടന്റെ ആലിംഗനത്തിൽ അവൾ നാണിച്ചു തല താഴ്ത്തി നിൽക്കും. മറ്റാർക്കും അവളെ തൊടാനാവില്ല.

അവരെ അവൾ കുത്തും കാരണം, അവളൊരു മുള്ള്മുരുക്കാണ്. തിരുമേനി അശ്വഥത്മാവ്, ഭ്രഷ്ട്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, എന്തരോ മഹാനു ഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തനം, അമൃതസ്യപുത്രാ, ആത്മകഥയായ ‘എന്റെ തോന്ന്യാക്ഷരങ്ങൾ’ എന്ന പുസ്തകങ്ങൾക്ക് ജന്മം നൽകി. ഒപ്പം 'കടൽ' എന്ന നാടകത്തിനും. ഇതിനൊപ്പം കുട്ടികൾക്ക് വേണ്ടി ‘ഭാരതീയ ചിന്ത കുട്ടികൾക്ക്, ഇന്ധ്യാ ചരിത്രം കുട്ടികൾക്ക്, അ.. ആ... ആന, പൂച്ച കുറുഞ്ഞിയാര്, ഇത്തിരി കഥകൾ’ എന്നിവയും എഴുതി.

ആറു സിനിമകൾക്കു തിരക്കഥഎഴുതുകയും അനേകം സിനിമയിലും സീരിയലിലുകളിലും അഭിനയിക്കുകയും ചെയ്തു. 1983ൽ 'മഹാ പ്രസ്ഥാനം' എന്ന നോവലിനു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 'കരുണം' എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 2000ൽ ദേശിയ പുരസ്‌ക്കാരവും, 'പരിണാമം' എന്ന സിനിമക്ക് 2006ൽ ഇസ്രായേലിലെ "അഷ്ടോ ചലച്ചിത്ര പുരസ്‌ക്കാരം" ലഭിച്ചു. 1996ലെ അദ്ദേഹത്തിന്റെ 'ദേശാടനം' എന്ന സിനിമ ബോക്സ്‌ ഓഫീസ് ഹിറ്റുകളിലൊന്നായി മാറി.

യാത്രകൾ ഗംഗാപ്രവാഹംപോലെ മനസ്സിലൂടെ ഒഴുകി. അത് ഖത്തർ, ഈജിപ്ത് തുടങ്ങി ഹിമാലയസാനുക്കൾ വരെയെത്തി. മാനസ്സ സരസ്സിൽ മുങ്ങി നിവരുമ്പോഴും കണ്ണിൽ കൈലാസത്തിന്റെ ശോഭ ഒളിപ്പിച്ച ആളായിരുന്നു മാടമ്പ്. ഹിമാലയത്തിന്റെ കാവ്യ ഭംഗി, ചരിത്രപ്രാധാന്യം എന്നിവയെ കുറിച്ചും, നദികളെ കുറിച്ചും, അതിന്റെ ഉത്ഭവത്തെ കുറിച്ചും പഠിച്ചുകൊണ്ടുള്ള യാത്രയായിരുന്നു അത്.

വേദം , പുരാണ, മന്ത്ര പഠനം, സംസ്കൃതം, ജ്യോതിഷം, എന്നിവ ഉണ്ടായിട്ടും കമ്മ്യൂണിസ്റ്റു ചിന്തകൾ മനസ്സിൽ സൂക്ഷിക്കുകയും തോൽക്കുമെന്നുറപ്പ് ഉണ്ടായിട്ടും ബി.ജെ.പിക്കു വേണ്ടി മത്സരിക്കുകയും ചെയ്തത് ഒരു ഹിന്ദു വിശ്വാസി ആയതുകൊണ്ട് മാത്രമെന്ന് അദ്ദേഹം പലയിടത്തും പറയുമ്പോഴും ഉള്ളിൽ സോഷ്യലിസ്റ്റ് ചിന്താഗതിയായിരുന്നു എന്ന് അനുമാനിക്കാം.

 

തണുത്ത് മരവിച്ച മാനസ സരോവറിൽ മുങ്ങിനിവരുമ്പോഴും മഞ്ഞുപാളികൾ മാറ്റി കൈലാസത്തെ പ്രാർഥിച്ചു മൂന്നുവട്ടം മുങ്ങി കൈകുമ്പിളിൽ വെള്ളമെടുത്ത് ആകാശത്തേക്ക് കൈകൾ കൂപ്പി തിരിച്ചു വരുമ്പോഴും തിരുമേനിക്ക് നർമ്മത്തിനൊട്ടും കുറവില്ലായിരുന്നു. അതിനുദാഹരണമാണ് "നാട്ടിലെ പൊട്ടക്കുളത്തിൽ വീണു മരിക്കുന്നതിനേക്കാൾ നല്ലതല്ലേ ഇവിടെ സമാധിയാകുന്നത്." അതെ, ആ നർമം.....അതിനിപ്പോൾ ശബ്ദം നിലച്ചിട്ട് അഞ്ചാണ്ട് തികഞ്ഞു.

Tags:    
News Summary - Memories of Madamba Kunjikuttan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.