ഏകാന്ത പഥികൻ

റൂമിലേക്ക് വരുമ്പോഴൊക്കെ കേൾക്കാറുള്ള മഞ്ജരിയുടെയും ഗായത്രിയുടെയും പാട്ടുകൾ ഈയിടെയായി ദീപുവിന് ഒരു അലോസരമായി തോന്നിത്തുടങ്ങിയിരുന്നു.

‘എടാ പ്രശാന്തേ, നീ ഇപ്പോഴും ഇവരുടെ പിന്നാലെ തന്നെയാണോ? സോഷ്യൽ മീഡിയയിലും യൂട്യൂബിലും എത്രയെത്ര പുതിയ പാട്ടുകാരാണ് അരങ്ങുവാഴുന്നത്! നീയിപ്പോഴും പഴയ കാലത്താണല്ലോ ജീവിക്കുന്നത്.’

‘നീ ഇതൊന്ന് കേട്ടുനോക്കൂ...’ ദീപു തെൻറ ഫോൺ നീട്ടി. ‘കഴിഞ്ഞ ഒരാഴ്ചയായി ഇവളാണ് താരം. എന്തൊരു ശബ്ദമാണെന്നോ! ഇതിൽ ലയിച്ചിരുന്നാൽ രണ്ടു ദിവസം കഴിഞ്ഞേ നീ എഴുന്നേൽക്കൂ.’

പ്രശാന്ത് ഒന്ന് പുച്ഛിച്ചു. ‘പത്തു മുപ്പത്താറ് വർഷമായി ഈ ഭൂമിയിൽ അവതരിച്ചിട്ട് രണ്ട് ദിവസം പോകട്ടെ, വെറും രണ്ട് മണിക്കൂർ ആർക്കെങ്കിലും എന്നെ ഇങ്ങനെ പിടിച്ചിരുത്താൻ പറ്റിയിരുന്നെങ്കിൽ മതിയായിരുന്നു. നീ പോടാ...’

ദീപു മുറിയിൽ കയറി വാതിലടച്ചതും ഉള്ളിൽ നിന്ന് ഒരു മധുരശബ്ദം പുറത്തേക്ക് ഒഴുകിയെത്തി. പ്രശാന്ത് ഫോൺ സൈലൻറ് ആക്കി ആ പാട്ടിന് കാതോർത്തു. ആ ശബ്ദം മനോഹരം എന്നതിലുപരി, തനിക്ക് പ്രിയപ്പെട്ട ഏതോ ഒരു വശ്യത അവിടെയാകെ പടർന്നുനിൽക്കുന്നതുപോലെ അവന് തോന്നി. എത്ര ആലോചിച്ചിട്ടും എവിടെയാണ് ആ ശബ്ദം കേട്ടിട്ടുള്ളതെന്ന് അവന് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

ദീപു മുറിയിൽ നിന്നിറങ്ങി വന്നപ്പോൾ പുറത്താകെ നിശബ്ദതയായിരുന്നു. ‘എന്തുപറ്റി? നീ പുതിയ പാട്ടുകൾ കേൾക്കാൻ തീരുമാനിച്ചോ?’ അവൻ കളിയാക്കി. ‘ഉം... എവിടെയോ കേട്ടു മറന്ന പോലെ തോന്നുന്നു. ആരാണ് പാടിയതെന്ന് നീ പറഞ്ഞില്ലല്ലോ?’ പ്രശാന്ത് ചോദിച്ചു.

‘സോനാ ശ്രീകുമാർ. കൊച്ചിക്കാരിയാണ്. ഇപ്പോൾ ഒരു മ്യൂസിക് സ്കൂൾ നടത്തുന്നുണ്ടെന്നാണ് അറിഞ്ഞത്.’ ‘സോന...’ പ്രശാന്തിെൻറ ഉള്ളിൽ ആ പേര് മാറ്റൊലികൊണ്ടു. പെട്ടെന്ന് ഏതോ ചിന്തയിൽ ലയിച്ചിരുന്ന തെൻറ അടുത്തേക്ക് സോന ഓടിവന്ന് ഉച്ചത്തിൽ പാടുന്നത് പ്രശാന്ത് ഓർത്തു: ‘അനുരാഗമോലും കിനാവിൽ കിളി പാടുന്നത് അപരാധമാണോ...’ ‘ടീ കിളി പാടിക്കോട്ടെ, നീ ഒരല്പം സ്വസ്ഥത തന്നാൽ ഈ നിരപരാധിക്ക് ഒന്ന് മയങ്ങാമായിരുന്നു!’ അന്ന് അയാൾ അവളോട് ദേഷ്യപ്പെട്ടു.

‘ഈ വിണ്ണിലെങ്ങുമേ കാരുണ്യമില്ലയോ...’ അവൾ മെല്ലെ മൂളിക്കൊണ്ട് തെൻറ മുറിയിലേക്ക് കയറിപ്പോയി.

ഓർമകൾ ഓരോന്നായി പ്രശാന്തിെൻറ മനസ്സിലേക്ക് ഇരച്ചെത്തി. സോനയും പ്രശാന്തും സഹപാഠികളായിരുന്നു. കോളജ് പരിപാടികൾക്കിടയിൽ കൂട്ടുകാർ എപ്പോഴും അവളെ നിർബന്ധിക്കുമായിരുന്നു: ‘ടീ ഒരു പാട്ട് പാടൂ, അല്ലെങ്കിൽ ഒരു ഡാൻസ്... അതുമല്ലെങ്കിൽ ആ തിരുവാതിരക്കെങ്കിലും നീ കൂടൂ.’ അപ്പോഴൊക്കെ സോനക്ക് ഒരുതരം ആത്മവിശ്വാസമില്ലായ്മയായിരുന്നു. ഒന്നും ശരിയാവില്ലെന്നൊരു ഭയം. ‘ശബ്ദം നല്ലതാണ്, എഴുത്ത് നന്നായിട്ടുണ്ട്, കണ്ണുകൾക്ക് വശ്യതയുണ്ട്’ എന്നൊക്കെയായിരുന്നു കൂട്ടുകാരുടെ കമൻറുകൾ. എങ്കിലും അവൾ എപ്പോഴും അവനെ ചുറ്റിപ്പറ്റി നിന്നു. ‘നിന്നെക്കൊണ്ട് ഇതൊന്നും പറ്റില്ല, ഇതൊക്കെ തലതിരിഞ്ഞ പെണ്ണുങ്ങളുടെ പണിയാണ്’ എന്ന് അവൻ പറഞ്ഞപ്പോൾ അവൾ അത് അന്ധമായി വിശ്വസിച്ചു. ‘എടോ, ഞാൻ ഒരു പഞ്ചവർണത്തത്തയെപ്പോലെയുള്ള പെണ്ണിനെ മാത്രമേ കല്യാണം കഴിക്കൂ’ എന്ന് ഒരിക്കൽ പ്രശാന്ത് കൂട്ടുകാരോട് ഉറക്കെ പ്രഖ്യാപിച്ചിരുന്നു. ‘ഓ... തത്തയെ കൂട്ടിലാക്കിയാൽ മാത്രം പോരാ, പാലും പഴവും കൊടുത്തില്ലെങ്കിൽ അത് പറന്നുപോകും’ എന്ന് അന്ന് ആരോ കളിയാക്കി. അതേ, ആ തത്ത പറന്നുപോയി. വെറും നാല് വർഷത്തെ ദാമ്പത്യം! പ്രണയത്തിെൻറ കാര്യത്തിൽ ഇരുവരും രണ്ടു ധ്രുവങ്ങളിലായിരുന്നു. അവൾ മഴ നനയാൻ ആഗ്രഹിച്ചപ്പോൾ അവൻ മരുഭൂമിയിലെ നീരുറവ തേടിപ്പോയി. അവൾ പാട്ടു കേൾക്കാൻ കൊതിച്ചപ്പോഴൊക്കെ അവൻ നിശബ്ദത തേടിയിറങ്ങി. തട്ടിമുട്ടി പോകുന്നതിനിടയിലാണ് അവൾ പാട്ടുകൾ മൂളിത്തുടങ്ങിയത്. വല്ലപ്പോഴും ഒന്ന് പാടിയാൽ അവൻ അപ്പോൾ പറയും: ‘നാശം!’

കൂട്ടിലിട്ട തത്തയെപ്പോലെ യജമാനനെ അനുസരിച്ച് അവൾ കഴിഞ്ഞുകൂടി. ആയിടെ പ്രശാന്തിെൻറ ഫോണിൽ വന്ന ഒരു മെസ്സേജ് അവൾ ശ്രദ്ധിച്ചു. ‘നിെൻറ പെണ്ണ് ഇത്ര ഭംഗിയായി പാടുമോ?’ എന്ന് സുഹൃത്തുക്കൾ അത്ഭുതത്തോടെ ചോദിക്കുന്നത് അവൾ കണ്ടു. മറ്റുള്ളവരുടെ നന്മയും സൗന്ദര്യവും ആസ്വദിക്കാൻ കഴിയുന്ന പ്രശാന്തിെൻറ മനസ്സ് തെൻറ മുന്നിൽ മാത്രം അടഞ്ഞ പുസ്തകം പോലെ ഇരിക്കുന്നത് അവൾക്ക് ശ്വാസംമുട്ടലായി തോന്നി. ഒടുവിൽ ഡിവോഴ്സ് നോട്ടീസ് കയ്യിൽ കിട്ടിയപ്പോൾ, വിലയില്ലാത്ത ഇടത്ത് ഇനി ഒരു നിമിഷം പോലും വേണ്ടെന്ന് അവളും തീരുമാനിച്ചു.

അവൾ പോയതിൽ പിന്നെ അവളുടെ ജീവിതം എന്തായി എന്ന് അന്വേഷിക്കാൻ അയാൾ മുതിർന്നില്ല. ജോലിയും വിശ്രമവും പിന്നെ പൊടിതട്ടിയെടുത്ത കുറെ ഓർമ്മകളുമായി അയാൾ ജീവിച്ചു.

അയാൾ ഫോണിലെ ആ വിഡിയോ വീണ്ടും സൂക്ഷിച്ചു കണ്ടു. ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ, അല്ലെങ്കിൽ ഏറെ നാളത്തെ ആഗ്രഹം സാധിച്ചെടുത്ത കൗമാരക്കാരനെപ്പോലെ അവൾ ചിരിക്കുന്നു. ആ കണ്ണിലെ പ്രണയം ആദ്യമായിട്ടാണ് ഇത്രയും തെളിവോടെ അയാൾ കാണുന്നത്. ഇതിനു മുൻപ് കണ്ടപ്പോഴൊക്കെ അത് വെറുമൊരു ഔദ്യോഗികതയിൽ ഒതുങ്ങിനിന്നിരുന്നു. ഇന്ന് ആരാധകരുടെ പ്രവാഹവും ആശംസകളും അവൾക്കുണ്ട്. പക്ഷേ, അവളുടെ ഉള്ളിലെ ആ ശൂന്യത അയാൾ തിരിച്ചറിഞ്ഞു. പാടുമ്പോൾ കണ്ണുകൾ തിളങ്ങുന്നുണ്ടെങ്കിലും അതിനുള്ളിൽ ഒളിപ്പിച്ച സങ്കടം അയാൾക്ക് മാത്രം കാണാൻ പാകത്തിൽ ഒതുങ്ങിനിൽക്കുന്നു. അയാൾക്ക് വിങ്ങലടക്കാനായില്ല. സ്വന്തം ഹൃദയത്തോട് ചേർന്ന് കിന്നാരം ചൊല്ലുന്നതുപോലെ തോന്നിച്ച അവളുടെ ആ ഗാനം കേട്ട് അയാളുടെ കണ്ണുകൾ നിറഞ്ഞു.

‘മാഡം, ഫോൺ...’ സഹായി രമയുടെ വിളി കേട്ട് സോന തിരിഞ്ഞുനോക്കി. അങ്ങേത്തലക്കൽ നിന്ന് ഒരു സ്വപ്നം പോലെയുള്ള ആ സ്വരം അവളുടെ ചെവിയിലെത്തി: ‘സോനാ... യു ആർ ഗ്രേറ്റ്!’

എത്രയോ തവണ ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി മുന്നിൽ വെച്ചപ്പോൾ, പ്രിയപ്പെട്ട വസ്ത്രങ്ങളണിഞ്ഞ് കൂടെ ഇറങ്ങിയപ്പോൾ, ഒന്നുമില്ലെങ്കിലും ‘നന്നായിരിക്കുന്നു‘ എന്നൊരു വാക്കിനായി അവൾ കൊതിച്ചിരുന്നു. ‘പക്ഷേ ഇപ്പോൾ ഈ അംഗീകാരം എെൻറ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല. പിന്നെന്തിനാണ്...’ അവൾ ചിന്തയിൽ മുഴുകി. തൊട്ടടുത്ത നിമിഷം, എന്തോ തറയിൽ വീണുടയുന്ന ശബ്ദം അവളുടെ ചെവിയിലെത്തി. ഒപ്പം ഫോൺ കോളും കട്ടായി.


Tags:    
News Summary - Solitary Traveler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-19 04:58 GMT
access_time 2026-08-10 02:12 GMT
access_time 2026-08-10 02:08 GMT
access_time 2026-08-09 03:25 GMT