'റഹീം പറയുന്ന ഇംഗ്ലീഷും രാഷ്ട്രീയവും എനിക്ക് മനസിലാകും, അദ്ദേഹം പറഞ്ഞത് കുടിയൊഴിക്കപ്പെടുന്നവരുടെ വേദന' - പി.വി ഷാജികുമാർ

തിരുവനന്തപുരം: ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ റഹീം എം.പി പറയുന്ന ഇംഗ്ലീഷ് തനിക്ക് മനസിലാകുമെന്ന് എഴുത്തുകാരൻ പി.വി ഷാജികുമാർ. കർണാടകയിലെ കുടിയിറക്കപ്പെട്ടവരെ സന്ദർശിച്ച ശേഷം ഒരു ദേശീയ മാധ്യമത്തിന് ഇംഗ്ലീഷിൽ നൽകിയ അഭിമുഖത്തിന്‍റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ എം.പിയെ പലരും ട്രോളുന്നതിനിടെയാണ്  റഹീമിന് പിന്തുണയായുമായി ഷാജികുമാർ എത്തിയത്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ഷാജികുമാർ പിന്തുണയറിയിച്ചത്.

റഹീം പറയുന്ന ഇംഗ്ലീഷും രാഷ്ട്രീയവും തനിക്ക് മനസിലാവും. ആ ഭാഷയുടെ പേരില്‍ അയാളെ കളിയാക്കുന്നവര്‍ക്കും അത് മനസിലാവും. സ്വന്തം ഇടത്ത് നിന്ന് പാവങ്ങളായ മനുഷ്യരെ പുറത്താക്കുന്നതിലുള്ള പ്രതിഷേധവും വേദനയുമാണ് റഹീം പങ്കുവെച്ചതെന്നും ഷാജികുമാര്‍ പറഞ്ഞു.

അതുകൊണ്ടാണ് 500 മാര്‍ക്കോടെ ഡിസ്റ്റിംങ്ങഷനില്‍ പത്താം ക്ലാസ് ജയിച്ച് പ്രീഡിഗ്രിക്ക് പോയിട്ടും എം.സി.എ വരെ പഠിച്ചിട്ടും ഇംഗ്ലീഷില്‍ മിണ്ടേണ്ടി വരുമ്പോള്‍ പതറുന്നവനാണ് താനെന്നും അദ്ദേഹം പറഞ്ഞു. ട്രോളുന്നവര്‍ മതിമറന്ന് ആസ്വദിച്ചോളൂ, തല്‍ക്കാലം അയാള്‍ കിടപ്പാടം നഷ്ടപ്പെട്ട മനുഷ്യരുടെ രാഷ്ട്രീയം പറയുന്നത് തുടരട്ടെയെന്നും പി.വി ഷാജികുമാര്‍ കുറിച്ചു. പണ്ട് എ.കെ.ജിയെക്കുറിച്ച് നെഹ്റു പറഞ്ഞത് പോലെ അയാളുടെ ഭാഷ വടിവൊത്തതാവില്ല, പക്ഷേ അതിലെ ആശയം വ്യക്തമാണെന്നും ഷാജികുമാര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

റഹീമിനെ പോലെ 1980കളില്‍ ജനിച്ച് 1990കളില്‍ സ്‌കൂളില്‍ പഠിച്ച ആളുകളില്‍ ഒരാളാണ് ഞാനും. സയന്‍സും കണക്കും സോഷ്യലും പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ ഔദാര്യത്തില്‍ ഇംഗ്ലീഷ് പഠിച്ചവരാണ് ഞങ്ങള്‍. Wasനെ വാസെന്നും Schoolനെ ഉസ്‌കൂളെന്നും പഠിച്ചവര്‍. കണക്കിലെയും സയന്‍സിലെയും ഒരു തത്വവും ഇംഗ്ലീഷില്‍ പഠിക്കാതെ പോയവര്‍. അതുകൊണ്ടാണ് 500 മാര്‍ക്കോടെ ഡിസ്റ്റിംങ്ങഷനില്‍ പത്താം ക്ലാസ് ജയിച്ച് പ്രീഡിഗ്രിക്ക് പോയിട്ടും ആദ്യക്ലാസുകളില്‍ what is acceleration ? what is gravitational force ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ കേട്ട് കിളി പോയി ഫിസിക്‌സ് ക്ലാസ് കട്ട് ചെയ്ത് പുറത്തേക്ക് പറക്കാന്‍ തുടങ്ങിയത്. എംസിഎ വരെ പഠിച്ചിട്ടും ഇംഗ്ലീഷില്‍ മിണ്ടേണ്ടി വരുമ്പോള്‍ പതറുന്നത്.

പക്ഷേ റഹീം പറയുന്ന ഇംഗ്ലീഷ് എനിക്ക് മനസിലാവും, അയാള്‍ പറയുന്ന രാഷ്ട്രീയവും. ആ ഭാഷയുടെ പേരില്‍ അയാളെ കളിയാക്കുന്നവര്‍ക്കും അത് മനസിലാവും. കാരണം കളിയാക്കുന്നവരില്‍ ഒരു കൂട്ടര്‍ അങ്ങ് ഉത്തരേന്ത്യയില്‍ തുടരുന്ന ഫാസിസ്റ്റ് പരിപാടികള്‍ അതേ പോലെ മറ്റൊരു കൂട്ടര്‍ കര്‍ണാടകയില്‍ നടപ്പാക്കിയതിനെക്കുറിച്ചാണല്ലോ അയാള്‍ പറഞ്ഞത്. സ്വന്തം ഇടത്ത് നിന്ന് പാവങ്ങളായ മനുഷ്യരെ പുറത്താക്കുന്നതിലുള്ള പ്രതിഷേധവും വേദനയുമാണല്ലോ അയാള്‍ പങ്കുവെച്ചത്.

അത് പരിഹസിക്കുന്നവര്‍ക്ക് മനസിലാവാത്തതല്ല, പക്ഷേ എളുപ്പം ട്രോളാനാണ്. കൈയ്യടിച്ചും പൊട്ടിച്ചിരിച്ചും മായ്ച്ച് കളയുന്നത് അയാള്‍ ഉന്നയിച്ച രാഷ്രീയത്തെയാണ്. ട്രോളുന്നവര്‍ മതിമറന്ന് ആസ്വദിച്ചോളൂ. തല്‍ക്കാലം അയാള്‍ കിടപ്പാടം നഷ്ടപ്പെട്ട മനുഷ്യരുടെ രാഷ്ട്രീയം പറയുന്നത് തുടരട്ടെ.

പണ്ട് എകെജിയെക്കുറിച്ച് നെഹ്റു പറഞ്ഞത് പോലെ അയാളുടെ ഭാഷ വടിവൊത്തതാവില്ല, പക്ഷേ അതിലെ ആശയം വ്യക്തമാണ്.

ലാല്‍സലാം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT