തൃശൂര്‍: എഴുത്തുകാരൻ സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ നീക്കവുമായി സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ സച്ചിദാനന്ദന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. സെക്കുലറായ ഇടതുപക്ഷക്കാരനാണ് കെ.സച്ചിദാനന്ദനെന്നും അദ്ദേഹത്തെ എന്നും ബഹുമാനിക്കുന്നുവെന്നും അരണാട്ടുകരയിലെ വീട്ടിലെത്തി സച്ചിദാനനദനെ കണ്ട ശേഷം കെ.വി അബ്ദുൽഖാദർ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണമായിരുന്നില്ല സച്ചിദാനന്ദന്‍റേത്. കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്. സച്ചിദാനന്ദൻ വിശാല കാഴ്ചപാടിൽ പറഞ്ഞ കാര്യം മറ്റൊരുതരത്തിലാണ് പ്രചരിക്കുകയായിരുന്നു എന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽഖാദർ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണത്തുടർച്ച വേണ്ടെന്ന പ്രസ്താവനക്കെതിരെ തന്നെ വിമർശിക്കുന്ന സൈബർ കൂട്ടങ്ങൾ മൂഢ സ്വർഗത്തിൽ ജീവിക്കുന്നവരാണെന്ന് സച്ചിദാന്ദന്‍ പ്രതികരിച്ചിരുന്നു. സൈബർ ലോകത്ത് വിമർശിക്കുന്നവർ തന്‍റെ പുസ്തകം വായിക്കാത്തവരും തന്നെ അറിയാത്തവരുമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് തന്നെ കസ്റ്റഡിയിലെടുത്തതോ കലബുർഗി മരണത്തിൽ പ്രതിഷേധിച്ച് താൻ സാഹിത്യ അക്കാദമിയിൽ നിന്നും പുറത്തുവന്നതോ പലർക്കും അറിയില്ല. ഫാസിസത്തിനെതിരെ കാലങ്ങൾക്ക് മുമ്പേ നിലപാടെടുത്ത ആളാണ് താൻ . തന്നെ വിമർശിക്കുന്നവർക്ക് ഇതൊന്നും അറിയില്ല. അധികാരത്തിനും സ്ഥാനത്തിനുമായി താൻ ഒരു കാലത്തും എവിടെയും കയറി ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.
എന്നാൽ ഭരണമാറ്റം വേണമെന്ന് സച്ചിദാനന്ദന്‍റെ പ്രസ്താവന ഗൗരവത്തിൽ കാണുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സച്ചിദാനന്ദൻ ഇടതുപക്ഷ ബന്ധുവാണ്. ബന്ധുക്കൾ പുകഴ്ത്തണം എന്ന് മാത്രം പറയാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ സച്ചിദാനന്ദനെതിരെ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി രംഗത്തെത്തി. ഓര്‍മയും യുക്തിയും നഷ്ടമാകുന്നതായി സച്ചിദാനന്ദൻ ഈയിടെ പറഞ്ഞുവെച്ചിട്ടുണ്ട്. അത്തരം വിചിത്രമായ ഒരു പ്രസ്താവനയായി കേരളം ഇതിനെ കണക്കാക്കുമെന്നും മുരളി പറഞ്ഞു.
കഴിഞ്ഞ ദിവസം സച്ചിദാനന്ദൻ നടത്തിയ തുടർഭരണം വേണ്ട എന്ന പ്രസ്താവനയ്ക്ക് പിന്നാലെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി അദ്ദേഹം ഇന്ന് രംഗത്തെത്തിയിരുന്നു. വെർച്വൽ മൂഢസ്വർഗത്തിൽ ജീവിക്കുന്ന ആൾക്കൂട്ടം കാര്യമറിയാതെയാണ് തന്നെ വിമർശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പറയാൻ ശ്രമിച്ച കാര്യങ്ങളുടെ ആഴം മനസിലാക്കാതെയാണ് വിമർശനമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.
ഉപരി വർഗത്തെ തൃപ്തിപ്പെടുത്തുന്നത് മാര്‍ക്‌സിസത്തിന് ചേരില്ല. ശബ്ദമില്ലാത്തവരെ കേള്‍ക്കുന്നതും അതാണ് ജനാധിപത്യമെന്നും ഇതാണ് മാര്‍ക്‌സിസസത്തിനു മുന്നോട്ടുള്ള വഴിയെന്നും സച്ചിദാനന്ദൻ ഫേസ്ബുക്കിൽ പറഞ്ഞു. തൊഴിലാളികളും ആദിവാസികളും നടത്തിയ പ്രധാന സമരങ്ങളിൽ താൻ പങ്കെടുത്തതും അടിയന്തരാവസ്ഥക്കാലത്ത് രണ്ടുതവണ ചോദ്യം ചെയ്യലിന് വിധേയനായതുംഡൽഹിയിൽ കർഷകരുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും സമരങ്ങളിൽ പങ്കെടുത്തതും കൽബുർഗി കൊല്ലപ്പെട്ടപ്പോൾ സാഹിത്യ അക്കാദമിയിൽ നിന്നു രാജിവെച്ചതും എല്ലാം പറഞ്ഞുകൊണ്ടാണ് തന്‍റെ പോസ്റ്റ് അദ്ദേഹം അവസാനിപ്പിക്കുന്നത്.
തുടർഭരണം ജനാധിപത്യത്തെ ദുഷിപ്പിക്കും എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന പൊതുസമൂഹത്തിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ പാർട്ടി ഹാൻഡിലുകളലിൽ നിന്നും വലിയ വിമർശനമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. തുടർന്നാണ് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടും എന്താണ് പറഞ്ഞതെന്നും വിശദമാക്കിക്കൊണ്ടുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.