അരുന്ധതി റോയ്
ന്യൂഡൽഹി: 2026-ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ബെർലിനാലെ) നിന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയ് പിന്മാറി. ഗസ്സയിലെ വംശഹത്യയെക്കുറിച്ചുള്ള മേളയിലെ ജൂറി അംഗങ്ങളുടെ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം.അരുന്ധതി റോയ് തിരക്കഥയെഴുതിയ 'ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്' (In Which Annie Gives It Those Ones) എന്ന ചിത്രം മേളയിലെ ക്ലാസിക് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവർ മേളയിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഗസ്സ വിഷയത്തിൽ ചലച്ചിത്ര പ്രവർത്തകർ രാഷ്ട്രീയം പറയേണ്ടതില്ലെന്നും കല രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നുമുള്ള ജൂറി അധ്യക്ഷൻ വിം വെൻഡേഴ്സിന്റെയും മറ്റ് അംഗങ്ങളുടെയും നിലപാട് വ്യക്തമായതോടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് അരുന്ധതി പിൻമാറ്റം അറിയിക്കുകയായിരുന്നു.
കല രാഷ്ട്രീയമാകരുത് എന്ന് പറയുന്നത് വായ മൂടിക്കെട്ടുന്നതിന് തുല്യമാണെന്ന് അരുന്ധതി അയച്ച വിയോജനക്കുറിപ്പിൽ തുറന്നടിച്ചു. ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണ്. ഇതിന് അമേരിക്കയും ജർമ്മനിയും കൂട്ടുനിൽക്കുന്നു. ഇതിനെതിരെ സംസാരിക്കാൻ കഴിയാത്ത കലാകാരന്മാരെ ചരിത്രം വിചാരണ ചെയ്യും. ഈ നിലപാടുകൾ വംശഹത്യയെ കണ്ടില്ലെന്ന് നടിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച അവർ നിഷ്പക്ഷത പാലിക്കുന്നു എന്ന് പറയുന്നവർ യഥാർഥത്തിൽ അക്രമത്തിന് കൂട്ടുനിൽക്കുകയാണെന്നും കൂട്ടിച്ചേർത്തു.
മേളയുടെ ജൂറി അധ്യക്ഷനും പ്രശസ്ത ജർമ്മൻ സംവിധായകനുമായ വിം വെൻഡേഴ്സ്, സിനിമകൾ രാഷ്ട്രീയത്തിൽ ഇടപെടരുത് എന്ന് വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. സിനിമകൾക്ക് ആളുകളുടെ ചിന്താഗതി മാറ്റാൻ കഴിയുമെങ്കിലും രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്നും, ചലച്ചിത്ര പ്രവർത്തകർ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയെക്കുറിച്ചുള്ള ചോദ്യങ്ങൾ അനാവശ്യമാണെന്നായിരുന്നു മറ്റൊരു ജൂറി അംഗമായ ഇവാ പുസ്സിൻസ്കയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.