ന്യൂഡൽഹി: മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ ഓർമക്കുറിപ്പായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' സംബന്ധിച്ച വിവാദം മൂക്കുന്നതിനിടെ വിശദീകരണവുമായി പെൻഗ്വിൻ ബുക് ഹൗസ്. പുസ്തകത്തിന്‍റെ പ്രസിദ്ധീകരണ അവകാശം പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യക്കാണെന്നും പുസ്തകം ഇതുവരെ ഒരു രൂപത്തിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പെൻഗ്വിൻ വ്യക്തമാക്കി.
പുസ്തകത്തിന്‍റെ കൈയെഴുത്തുപ്രതിയുടെ അനധികൃത പകർപ്പുകൾ പ്രചരിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങളും പാർലമെന്റിൽ ഉയർന്നുവന്നതിനെ തുടർന്നാണ് പ്രസ്താവന. ഇതുസംബന്ധിച്ച് ഡൽഹി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പുസ്തകം പ്രഖ്യാപിക്കുന്നതും പ്രീ-ഓർഡർ ലിസ്റ്റ് നൽകുന്നതും അത് പ്രസിദ്ധീകരിക്കുന്നതും വ്യത്യസ്ത ഘട്ടങ്ങളാണെന്നും വിപണിയിൽ വിൽപനക്ക് എത്തുമ്പോൾ മാത്രമേ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതായി കണക്കാക്കൂ എന്നും പെൻഗ്വിൻ വ്യക്തമാക്കി.
ഓൺലൈനിൽ പ്രീ-ഓർഡർ ലിസ്റ്റിംഗ് കണ്ടതുകൊണ്ട് മാത്രം അത് പ്രസിദ്ധീകരണമായി മാറുന്നില്ല. ഡിജിറ്റൽ രൂപത്തിലോ അച്ചടിച്ച രൂപത്തിലോ പുസ്തകം വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെന്നാണ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ വാദം.
ഓർമക്കുറിപ്പിന്റെ പകർപ്പുകൾ ഡിജിറ്റൽ ഫോർമാറ്റിലും മറ്റ് ഫോർമാറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് പെൻഗ്വിൻ വ്യക്തമാക്കുന്നത്.
"ഇന്ത്യൻ ആർമിയുടെ മുൻ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയുടെ ഓർമ്മക്കുറിപ്പായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന്റെ ഏക പ്രസിദ്ധീകരണ അവകാശം പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യക്കാണെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു," പ്രസ്താവനയിൽ പറഞ്ഞു.
നരവനെയുടെ പോസ്റ്റ് പ്രീ-ഓർഡർ ലിങ്കിന് വേണ്ടിയുള്ളതായിരുന്നുവെന്നും രണ്ട് ദിവസത്തിന് ശേഷം പുസ്തകം പിൻവലിച്ചുവെന്നും പ്രസാധകർ അറിയിച്ചു.
പുസ്തകത്തിന്റെ പകർപ്പാവകാശം തങ്ങൾക്കാണെന്നും അനധികൃതമായി പുസ്തകത്തിന്റെ പി.ഡി.എഫ് രൂപമോ മറ്റ് കോപ്പികളോ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.