മേഘക്കണ്ണീർ

കിതക്കുന്ന മണ്ണിൽനിന്ന് ദുർഗന്ധം ഉയരുന്നുണ്ട്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ, തന്റെ വീട് ഉണ്ടായിരുന്ന സ്ഥലം കണ്ടെത്താനായി പതിനെട്ടുകാരിയായ ഹനാനയുടെ കണ്ണുകൾ ആശങ്കയോടെ ചുറ്റും പരതുകയായിരുന്നു. ഹനാനയുടെ കൈയിൽ അവളുടെ കുഞ്ഞനുജൻ അയൻ കണ്ണടച്ച് കിടക്കുന്നു. അവൾ അയനെ നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു.

പൊടുന്നനെ അവളുടെ നീലക്കണ്ണുകൾ കടുംപച്ച നിറത്തിൽ തിളങ്ങുന്ന ഒരു പ്രതലത്തിൽ ചെന്നുടക്കി. അവൾ പതിയെ അതിലേക്കു നടന്നു. കടുംപച്ച നിറത്തിലുള്ള വലിയ ഒരു പളുങ്കുപാത്രത്തിന്റെ പൊട്ടിയ ഭാഗമായിരുന്നു അത്.

ഒരു സ്വപ്നംപോലെ ഓർമകളിലൂടെ അവളുടെ ഹൃദയം ഇന്നലെകളിലേക്ക് വഴുതിപ്പോയി.

ഉമ്മി, ചൂടുള്ള ടാബൂണിൽ മനാകിഷ് ചുട്ടെടുത്ത്, ചൂടോടെ ആ പച്ച പളുങ്ക് പാത്രത്തിൽ ഓരോന്നായി അടുക്കിവെക്കുന്നത് ഹനാനയുടെ വരണ്ട മനസ്സിൽ കുളിർമയായെത്തി.

എള്ള് വിതറിയും ഒലിവ് എണ്ണയിൽ മൊരിഞ്ഞും ഉള്ള മനാകിഷ് അയനെ എപ്പോഴും കഴിപ്പിച്ചിരുന്നത് ഹനാനയായിരുന്നു. അയന് അവന്റെ ഇത്താത്ത തന്നെ വാരിക്കൊടുക്കണം. അത്രക്കിഷ്ടമായിരുന്നു അവളെ. അബ്ബയും ഉമ്മിയും ഞങ്ങളും ഒരുമിച്ച് ഇരുന്നാണ് എപ്പോഴും ഭക്ഷണം കഴിച്ചിരുന്നത്. ആ സമയങ്ങളിൽ അബ്ബ ഒരുപാട് കഥകൾ പറയും. അയൻ കുസൃതി കാണിക്കുമ്പോൾ എല്ലാവരും പൊട്ടിച്ചിരിക്കും. ആ ഓർമകൾ എല്ലാം ചേർന്നപ്പോൾ അത് അവൾക്കൊരു സ്വർഗീയ സ്വപ്നം പോലെയായി.

കണ്ണുകളിൽനിന്നു പുറത്തേക്ക് ചാടാത്ത കണ്ണുനീർ പ്രളയം ഹൃദയത്തിനുള്ളിൽ അലമുറയിട്ടു.

അവൾ അയനെ നോക്കി.

കണ്ണടച്ച് കിടക്കുന്ന കുഞ്ഞനുജൻ കണ്ണുതുറന്നിരുന്നെങ്കിൽ..!

അവൾ അയന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് തേങ്ങി.

‘യാ അല്ലാഹ്... എനിക്കീ ദുനിയാവിൽ സ്വന്തമെന്ന് പറയാൻ ഇനി ആരുണ്ട്? ജീവനില്ലാത്ത ഈ കുഞ്ഞുശരീരത്തോടൊപ്പം ഞാനും ഇല്ലാതായിരുന്നെങ്കിൽ...’

കരഞ്ഞുകൊണ്ട് അവൾ കല്ലും മണലും താണ്ടി പതിയെ നടന്നു. ഇളം റോസ് നിറത്തിലുള്ള അവളുടെ കാൽപാദങ്ങളിലെ ഉപ്പൂറ്റിയിൽനിന്ന് രക്തം പൊടിഞ്ഞിട്ടുണ്ടെങ്കിലും ആ വേദന അവൾ അറിഞ്ഞില്ല. മനസ്സിന്റെ വേദനയോളം ഇതൊന്നും വരില്ലല്ലോ.

കോൺക്രീറ്റുകൾക്കിടയിൽനിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ പൊതിഞ്ഞെടുത്തു ചിലർ മദ്ഫനിലേക്കു നീങ്ങുകയായിരുന്നു. നിരനിരയായി വെട്ടിയ ഖബറുകൾക്കരികിലേക്ക് ഹനാനയും നടന്നു.

ഇപ്പോൾ അവൾ തേങ്ങിക്കരയുകയാണ്.

കുഞ്ഞനുജന്റെ പുഞ്ചിരി ഒളിപ്പിച്ച ചുണ്ടുകളിൽ അവൾ അന്ത്യചുംബനങ്ങൾ നൽകി.

മനാകിഷിന്റെ സുഗന്ധം അവന്റെ ചുണ്ടുകളിൽ ഇപ്പോഴും ഉണ്ടെന്നപോലെ അവൾക്ക് തോന്നി.

‘അയനെ ഞാൻ ഇപ്പോൾ ഭക്ഷണം കഴിപ്പിച്ചതല്ലേ..? അതായിരിക്കും. പക്ഷേ അവന് മതിയായിട്ടില്ല. ഉമ്മിയോട് പറയണം, ഒരു മനാകിഷ് കൂടി വേണമെന്ന്...’ അവളുടെ മനസ്സ് വിഭ്രാന്തമായി സംസാരിച്ചു. അനിയന്റെ നിശ്ചലമായ ശരീരവുമായി അവൾ വേച്ചുവേച്ചു നടന്നു. മൃതദേഹങ്ങൾ ഖബറുകളിൽ നിരന്നുകിടക്കുന്നു.

പൊടുന്നനെ ഭീമാകാരമായ ശബ്ദം. നിലവിളികൾ... പൊടിപടലങ്ങൾ... ചിതറി ഓടിയ മനുഷ്യരിൽ ചിലർ ചിന്നിച്ചിതറി വീണു നിശ്ചലരായി.

മണിക്കൂറുകൾ കടന്നുപോയി. ചിലർ വന്ന് മൃതദേഹങ്ങൾ മദ്ഫനിലേക്ക് കൊണ്ടുപോയി.

ശിരസ്സ് നഷ്ടപ്പെട്ട ഒരു ഉടലിൽ ഒട്ടിപ്പിടിച്ചിരുന്ന പിഞ്ചു കുഞ്ഞും ഒരു ഖബറിൽ അടക്കം ചെയ്യപ്പെട്ടു.

കറുത്ത മേഘച്ചുരുളുകൾ വഴിതെറ്റി വന്നതുപോലെ ആർത്തലച്ചുകൊണ്ട് കനത്ത മഴ പെയ്തു.

മദ്ഫനിലെയും പരിസരങ്ങളിലെയും പൊടിപടലങ്ങൾ കെട്ടടങ്ങി.

ഒഴുകിവന്ന മേഘക്കണ്ണീർ ആ ഖബറുകളിലെ മൺകൂനകളെ ചുറ്റി ഒഴുകിവന്ന് ഹനാനയും അയനും അന്തിയുറങ്ങുന്ന മൺകൂനക്കരികിൽ തളംകെട്ടി നിന്നു.

.

Tags:    
News Summary - malayalam story,മലയാള കഥ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-13 05:30 GMT
access_time 2026-02-13 05:26 GMT