ഏഴിലോട് പള്ളിയില്‍ യുവാവിന്റെ പരാക്രമം: മൂന്നുപേര്‍ക്ക് കുത്തേറ്റു; പ്രതി പൊലീസ് പിടിയില്‍

പയ്യന്നൂർ: ഏഴിലോട്ട് പള്ളിയില്‍ കയറി യുവാവിന്റെ അക്രമത്തിൽ മുഅദ്ദിൻ ഉൾപ്പെടെ മൂന്നു പേര്‍ക്ക് കുത്തേറ്റു. പള്ളിയിലെ ജനൽ ഗ്ലാസുകളും മറ്റും അടിച്ചു തകർത്തു. രാത്രിയിലെത്തി അഴിഞ്ഞാടിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍, കഞ്ചാവ് കേസുകളിലെ പ്രതിയും കാസര്‍കോട് ബേഡഡുക്ക കൊളത്തൂര്‍ അഞ്ചാംമൈല്‍ സ്വദേശിയുമായ സിയാദ് അബ്ദുല്ല (31)യെയാണ് പരിയാരം മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. ഏഴിലോട് ബദര്‍ ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസിക്കുന്ന പ്രതി പള്ളിയിലെത്തി ജനൽ ഗ്ലാസുകളും മറ്റും അടിച്ചു തകർക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച മുഅദ്ദിനെയും കമ്മിറ്റി ഭാരവാഹികളെയും മാരകായുധങ്ങളുമായി അക്രമിച്ചു. കുത്തേറ്റ മുഅദ്ദിന്‍ മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിഖ് (24), കമ്മിറ്റി ഭാരവാഹികളായ നസീര്‍ അന്ന (47), കെ.എം. സമീര്‍ (37) എന്നിവരെ പരിക്കുകളോടെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലഹരിക്ക് അടിമയായ സിയാദ് അബ്ദുല്ല ആദ്യം താന്‍ താമസിക്കുന്ന ബദര്‍ ക്വാര്‍ട്ടേഴ്‌സിലെത്തി ഭാര്യയെയും അയല്‍വാസികളെയും മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ക്വാർട്ടേഴ്സിലെ നിരീക്ഷണ കാമറകള്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു. തുടര്‍ന്നാണ് വടിവാളും കത്തിയുമായി തൊട്ടടുത്ത ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിലെത്തിയത്. അടച്ചിട്ട ഗേറ്റ് ചവിട്ടിത്തുറന്ന് അതിക്രമിച്ചുകയറി അഴിഞ്ഞാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പള്ളിയുടെ ജനല്‍ ഗ്ലാസുകളും മദ്റസയിലെ കസേരകളും അടിച്ചുതകര്‍ത്തു. ഉസ്താദിനുനേരെ വധഭീഷണി മുഴക്കുകയും ചെയ്തു.

വിവരമറിഞ്ഞ് ആദ്യം ഓടിയെത്തിയ കമ്മിറ്റി ഭാരവാഹി നസീര്‍ പ്രതിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമി കത്തികൊണ്ട് കുത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. നസീറിന്റെ പുറത്തും കാലിനും സാരമായി കുത്തേറ്റു. ഇദ്ദേഹത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മുഅദ്ദിന്‍ മുഹമ്മദ് ആഷിഖിനെയും കെ.എം. സമീറിനെയും പ്രതി കത്തിവീശി പരിക്കേല്‍പ്പിക്കുകയായിരുന്നു.

Tags:    
News Summary - Youth's brutal attack at Ezhilode church: Three people stabbed; Suspect in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.