കട്ടപ്പന: ഉപ്പുതറയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയി. ഉപ്പുതറ എം.സി കവല, മലയക്കാവിൽ സുബിന്റെ ഭാര്യ രജനി (37) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽപോയ ഭർത്താവ് സുബിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. ഇതുസംബന്ധിച്ച് ഉപ്പുതറ പൊലീസിൽ കേസും നിലവിലുണ്ട്. ഒരു മാസം മുമ്പാണ് കൊലപാതകം നടന്ന വീട്ടിൽ ഇരുവരും വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയത്. ചൊവ്വാഴ്ച ഇവരുടെ ഇളയ മകൻ സ്‌കൂളിൽനിന്ന് വന്നപ്പോൾ രജനി അനക്കമില്ലാതെ രക്തം വാർന്നു കിടക്കുന്നതു കണ്ടു. മകൻ ഉറക്കെ ബഹളം വെച്ചതോടെ സമീപത്തുള്ളവർ ഓടിയെത്തി. വിവരം സമീപവസിയായ ഗ്രാമപഞ്ചായത്ത് അംഗം ബിജു ചെമ്പ്ലാവനെ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രജനി തലക്ക് മാരകമായി പരിക്കേറ്റ് രക്തം വാർന്നു മരിച്ചതായി സ്ഥിരീകരിച്ചു.
ഉച്ചക്ക് ഒന്നരയോടെ ഭർത്താവ് സുബിൻ പരപ്പിൽനിന്ന് ബസ്സിൽ കയറി പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സുബിനും രജനിക്കും മൂന്നു മക്കളാണുള്ളത്. മൂവരും വിദ്യാർഥികളാണ്. മൃതദേഹം ഉപ്പുതറ സർക്കാർ ആശുപത്രി മോർച്ചറിയിൽ. ഇടുക്കിയിൽനിന്ന് ഫോറൻസിക് വിദഗ്‌ധർ സ്‌ഥലത്തെത്തി തെളിവു ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.