വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി ഷാജി കുറ്റം സമ്മതിച്ചു

കൊച്ചി: വൈറ്റില ഫ്ലൈഓവറിന് സമീപം റെയിൽവേ ട്രാക്കിനരികിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹൈകോടതിയിലെ മുൻ ജീവനക്കാരനും പൊന്നുരുന്നി സ്വദേശിയുമായ ഷാജിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം കൊലപാതകമാണെന്നും പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കോട്ടയം സ്വദേശി സുധ ബേബിയാണ് കൊല്ലപ്പെട്ടത്.

ചോദ്യംചെയ്യൽ പൂർത്തിയായ ശേഷം പ്രതിയെ മരട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വരും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. അതിനു ശേഷമാകും ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്തുക.

ഷാജിയും യുവതിയുടെ അമ്മയും ഹൈകോടതിയിലെ മുൻ ജീവനക്കാരായിരുന്നു. പ്രതിയും യുവതിയും തമ്മിൽ വർഷങ്ങളായി സൗഹൃദമുണ്ടായിരുന്നു. അടുത്തിടെ സൗഹൃദത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. ദൃശ്യത്തിൽ ഇരുവരും റെയിൽവേ ട്രാക്കിലേക്ക് നടന്നുപോകുന്നത് കാണാം. എന്നാൽ തിരികെ നടക്കുന്ന ദൃശ്യത്തിൽ ഷാജി മാത്രമാണ് ഉള്ളത്. പ്രതിയുടെ ഷർട്ടിൽ രക്തക്കറ ഉണ്ടായതായി പൊലീസ് കണ്ടെത്തി. ഇതോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹത്തിന്റെ അടുത്ത് നിന്നും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിരുന്നു. തിരുവനതപുരത്ത് നിന്നും രാമേശ്വരത്തേക്ക് പോകുന്ന അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിനോട് ചേർന്ന് യുവതിയുടെ മൃതശരീരം ആദ്യം കാണുന്നത്. തുടർന്ന് പൊലീസിനെ അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ട്രെയിനിൽ നിന്നും വീണു മരിച്ചെന്നാണ് പൊലീസ് കരുതിയത്. എന്നാൽ ട്രെയിനിൽ നിന്നും വീണതിന്റെയോ ട്രെയിൻ തട്ടിയതിന്റെയോ പരിക്കുകളൊന്നും മൃതദേഹത്തിൽ കണ്ടെത്താൻ സാധിച്ചില്ല. ഇതേ തുടർന്നുള്ള അന്വേഷണമാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

Tags:    
News Summary - Woman murdered in Vyttila; Accused Shaji confesses to the crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.