ബക്സർ: ബീഹാറിലെ ബക്‌സറിൽ ചൊവ്വാഴ്ച രാത്രി നടന്ന വിവാഹച്ചടങ്ങ് ചോരക്കളമായി മാറി. വിവാഹവേദിയിൽ വെച്ച് വധുവിനെ അയൽവാസിയായ യുവാവ് വെടിവെക്കുകയായിരുന്നു. പതിനെട്ടുകാരിയായ ആരതി കുമാരിക്കാണ് വെടിയേറ്റത്. ദീൻബന്ധു എന്ന യുവാവാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നു.
വിവാഹവേദിയിൽ ആരതിയും ഭാവിവരനും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നടുവിൽ നിൽക്കുമ്പോഴായിരുന്നു അക്രമം. വധുവിന്റെ സഹോദരിയെന്ന് കരുതപ്പെടുന്ന പെൺകുട്ടി വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്ന ചടങ്ങ് ചെയ്യുകയായിരുന്നു. ഇതിനുശേഷം ആരതിയുടെ അടുത്തേക്ക് നീങ്ങുന്ന സമയത്താണ് വേദിക്ക് മുന്നിൽ അതിഥികൾക്കിടയിൽ നിന്നിരുന്ന ഒരാൾ ആരതിക്ക് നേരെ വെടിയുതിർത്തത്.
ആരതിയുടെ വയറിലാണ് വെടിയേറ്റത്. ഇതോടെ കല്യാണ മണ്ഡപത്തിൽ വലിയ പരിഭ്രാന്തി പടർന്നു. ആളുകൾ നിലവിളിച്ചുകൊണ്ട് ചിതറിയോടി. ഗുരുതരമായി പരിക്കേറ്റ ആരതിയെ ഉടൻ തന്നെ അടുത്തുള്ള സദർ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ദ്ധ ചികിത്സക്കായി വാരണാസി ട്രോമ സെന്ററിലേക്ക് മാറ്റി. പെൺകുട്ടിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. പ്രതിയായ ദീൻബന്ധു നിലവിൽ ഒളിവിലാണ്. ഇയാളുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി മുമ്പ് മദ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കിടന്നിട്ടുണ്ടെന്ന് അഡീഷണൽ എസ്.എച്ച്.ഒ ചന്ദൻ കുമാർ അറിയിച്ചു. ഇതൊരു പ്രണയപ്പകയാണെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ നിന്നും എത്തിയ വരന്റെ സംഘം സംഭവത്തിന് പിന്നാലെ തിരിച്ചുപോയി. പ്രതിയെ പിടികൂടാനായി പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.