കൊയമ്പത്തൂർ: വിവാഹ അഭ്യർത്ഥന നിരസിച്ചതിന്‍റെ പേരിൽ തമിഴ്നാട് കൊയമ്പത്തൂരിലെ പൊള്ളാച്ചിക്കടുത്ത് പതിനാറുകാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബി.കൗസിക, മുത്തശ്ശി എം. മയിലത്തൽ( 65) എന്നിവരാണ് കൊല്ലപ്പെട്ടത്. യുവാവിന്‍റെ ആക്രമണത്തിൽ കൈക്കും മുഖത്തും പരിക്കേറ്റ കൗസികയുടെ സഹോദരി ഹരിത(17)യെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നെഗമം സ്വദേശിയായ 24കാരൻ അഭിഷേകും കൗസിയും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഭിഷേകും മാതാപിതാക്കളും ചേർന്ന് പെൺകുട്ടിയുടെ കുടുംബത്തെ വിവാഹാഭ്യർത്ഥനയുമായി പരിഗണിച്ചിരുന്നു. എന്നാൽ, പെൺകുട്ടിക്ക് നിയമപരമായ വിവാഹ പ്രായം എത്തിയതിനു ശേഷം മാത്രമേ വിവാഹക്കാര്യം പരിഗണിക്കൂ എന്ന് പെൺകുട്ടിയുടെ കുടുംബം പറയുകയായിരുന്നു.
എന്നാൽ ഈ ആവശ്യം ഉന്നയിച്ച് പ്രതി പെൺകുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം അഭിഷേക് പെൺകുട്ടിയുടെ വീട്ടിലെത്തി തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച് വഴക്കുണ്ടാക്കി. പെൺകുട്ടി വിസമ്മതിച്ചപ്പോൾ അഭിഷേക് കത്തിയെടുത്ത് കുത്തുകയായിരുന്നു. തടയാൻ വന്ന മുത്തശ്ശിയേയും ഹരിതയേയും കുത്തി. ശേഷം അഭിഷേക് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. കൗസികയും മയിലമ്മയും സംഭവസ്ഥലത്തു തന്നെ മരിച്ചു. അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ആറ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.