സ്കൂളിന് അവധി കിട്ടാൻ സഹപാഠിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; ആന്ധ്രയിൽ എട്ടാം ക്ലാസുകാർക്കെതിരെ അന്വേഷണം
ചിറ്റൂർ: സ്കൂളിൽ ഏതെങ്കിലും വിദ്യാർഥി മരിച്ചാൽ അവധി പ്രഖ്യാപിക്കുമെന്ന ധാരണയിൽ ഹോസ്റ്റൽ റൂംമേറ്റിനെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ എട്ടാം ക്ലാസ് വിദ്യാർഥികളുടെ ശ്രമം. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ കംഭംവാരിപ്പള്ളി മണ്ഡലത്തിലെ ഗ്യാരംപള്ളി ഗുരുകുല റെസിഡൻഷ്യൽ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തലനാരിഴയ്ക്കാണ് ആക്രമണത്തിനിരയായ കുട്ടി സഹപാഠികളുടെ പിടിയിൽനിന്ന് രക്ഷപ്പെട്ടത്.
രാത്രി ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ മുഖത്തേക്ക് തലയണ ശക്തമായി അമർത്തിപ്പിടിച്ചും കഴുത്തുഞെരിച്ചുമാണ് ഒരേ മുറിയിൽ താമസിച്ചിരുന്ന രണ്ട് കുട്ടികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. ശ്വാസംമുട്ടിയ വിദ്യാർഥി ബലം പ്രയോഗിച്ച് പിടിവിടുവിച്ച് ബഹളം വെച്ച് പുറത്തേക്ക് ഓടിയതോടെയാണ് ജീവൻ രക്ഷിക്കാനായത്. രണ്ടാഴ്ച മുൻപ് സ്കൂളിൽ ഒരു കുട്ടി മരിച്ചപ്പോൾ അധികൃതർ അവധി നൽകിയിരുന്നുവെന്നും, അത് കണ്ട് സ്കൂളിന് കൂടുതൽ ദിവസം അവധി ലഭിക്കുമെന്ന വിചിത്രമായ ചിന്തയിലാണ് കൊലപാതക ശ്രമം നടത്തിയതെന്നും വിദ്യഭ്യാസ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
സംഭവം നടന്ന് ഒരാഴ്ചയോളം സ്കൂൾ അധികൃതരും അധ്യാപകരും വിവരം പുറത്തുപറയാതെ രഹസ്യമാക്കി വെച്ചതായി പരാതിയുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ മണ്ഡൽ എജ്യുക്കേഷൻ ഓഫീസർ (എം.ഇ.ഒ) റെഡ്ഡിബാഷ സ്കൂളിലെത്തി അന്വേഷണം നടത്തി. ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി സംസാരിച്ച ശേഷം രണ്ട് കുട്ടികൾക്കും ടി.സി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) നൽകി സ്കൂളിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അന്നമയ്യ ജില്ലാ പോലീസ് സൂപ്രണ്ട് ധീരജ് കുനുബില്ലി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.