വിശദമായ ചോദ്യംചെയ്യലിന് പൊലീസ് കസ്റ്റഡി; പ്രായപൂർത്തിയാകാത്ത പ്രതികളുടെ കേസിൽ സ്റ്റേ, സർക്കാറിന്റെ വിശദീകരണം നാളെ
കൊച്ചി: കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെയും വിശദ ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയില്‍ വിട്ടുനൽകാനുള്ള ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ.
കൗമാരക്കാരായ പ്രതികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നതടക്കം കര്‍ശന ഉപാധികളോടെയാണെങ്കിലും ബോർഡിന്റെ നടപടി ബാലനീതി നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മൂന്നു പ്രതികളും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഇടക്കാല ഉത്തരവ്. തിങ്കളാഴ്ചയാണ് ജെ.ജെ. ബോർഡ് ഉത്തരവുണ്ടായത്.
കുട്ടികളുടെ മനോനില പോലും പരിശോധിക്കാതെയാണ് പൊലീസ് കസ്റ്റഡിയിൽ വിടാൻ ബോർഡ് ഉത്തരവിട്ടതെന്ന് ഹരജിയിൽ പറയുന്നു. ഒബ്സർവേഷൻ ഹോമിലാണ് പ്രതികളെ പാർപ്പിച്ചിരുന്നത്. കസ്റ്റഡിയിലായതിനാൽ ഇവരെ തെളിവെടുപ്പിന്റെ പേരിൽ പൊതുവിടങ്ങളിൽ കൊണ്ടുപോകാനുള്ള സാധ്യതയാണ് ബോർഡിന്റെ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജെ.ജെ ബോർഡ് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. സർക്കാറിന്റെ വിശദീകരണം തേടിയ കോടതി ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
ആഗസ്റ്റ് 16ന് രാത്രിയാണ് വയോധികനെ കരുവാറ്റയിലെ വാടക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വയോധികന്റെ ബന്ധുവായ 13കാരി ആവശ്യപ്പെട്ട പ്രകാരം കൗമാരക്കാരായ പ്രതികൾ വയോധികനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.
കേസിൽ കുട്ടികൾക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അടച്ചിട്ട വീട്ടിൽ അർധരാത്രിയോടെ നടന്ന കൊലപാതകമായതുകൊണ്ടും സംഭവത്തിൽ മറ്റ് ദൃക്സാക്ഷികൾ ഇല്ലാത്തതുകൊണ്ടും പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തുന്നതിനും കസ്റ്റഡി അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സാധാരണ പ്രതികളെപ്പോലെ കുട്ടികളെ പൊലീസ് ലോക്കപ്പിലോ ജയിലിലോ പാർപ്പിക്കാൻ കഴിയില്ല. എന്നാൽ, കേസിൽ മറ്റ് ദൃക്സാക്ഷികൾ ഇല്ലാത്തതുകൊണ്ട് തന്നെ തെളിവെടുപ്പിന് കുട്ടികളെ വിട്ടുകിട്ടിയില്ലെങ്കിൽ അന്വേഷണം തടസ്സപ്പെടും എന്നതിനാലാണ് പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.