വീട്ടിൽ സി.സി.ടി.വി വെച്ച് നിരീക്ഷിച്ചു, പാർട്ടിക്ക് പോകുന്നതിൽ വിലക്ക്; വ്യവസായിയുടെ കൊട്ടേഷൻ കൊലയിൽ മരുമകൾ അറസ്റ്റിൽ

കാൺപൂർ: ഉത്തർപ്രദേശ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനായ വിനീത് മിനോച്ചയുടെ കൊലപാതകത്തിൽ മരുമകൾ അറസ്റ്റിൽ. വീട്ടിലെ സി.സി.ടി.വി നിരീക്ഷണത്തിലും സാമ്പത്തിക നിയന്ത്രണങ്ങളിലും പാർട്ടിക്ക് പോകുന്നതിൽനിന്ന് വിലക്കിയതിലുമുണ്ടായ പകയാണ് കൊലപാതകത്തിന് കാരണം. കൊലപാതകവുമായി ബന്ധപ്പെട്ട് വിനീത് മിനോച്ചയുടെ മുൻ ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

63കാരനായ വിനീത് മിനോച്ചയെ സെപ്റ്റംബർ അഞ്ചിന് കാൺപൂരിലെ ഇന്ദിരാ നഗർ പ്രദേശത്തെ ഫ്ലാറ്റിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ നിരവധി തവണ കുത്തേറ്റ പാടുകളുമുണ്ടായിരുന്നു. പുറത്തുനിന്നുള്ളവർ നടത്തിയ കൊലപാതകമാണെന്ന തരത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം. എന്നാൽ, വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും പരിശോധിച്ചതോടെ അന്വേഷണം കുടുംബത്തിനുള്ളിലേക്ക് തന്നെ എത്തുകയായിരുന്നു.

കൊലപാതകത്തിന് രണ്ടാഴ്ച മുമ്പ് വിനീത് വീട്ടിലെ ഡ്രോയിങ് റൂമിൽ നാല് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ സ്വകാര്യത നഷ്ടപ്പെടുന്നതായി മരുമകൾ ശാലു പരാതി പറഞ്ഞിരുന്നു. വീട്ടിലെ അംഗങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും സാമ്പത്തിക കാര്യങ്ങളിൽ കർശന നിയന്ത്രണം പുലർത്തുകയും ചെയ്തത് ശാലുവിനെ അസ്വസ്ഥയാക്കി. പാർട്ടികൾക്ക് പോകുന്നതിൽനിന്ന് വിലക്കുകയും ചെയ്തു. ചെറിയ ആവശ്യങ്ങൾക്ക് പോലും പണം ആവശ്യപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നതായി ശാലു മൊഴി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.

ശനിയാഴ്ച രാത്രി 9.36 ഓടെ വിനീതിന്റെ മകൻ സുബ്രതും ശാലുവും ആറ് വയസുള്ള മകനും ഒരു പാർട്ടിക്കായി പുറ​ത്തുപോയിരുന്നു. മിനിറ്റുകൾക്കുള്ളിൽ രണ്ടുപേർ വീട്ടിനക​ത്ത് പ്രവേശിക്കുന്നതായി സി.സി.ടി.വി​യിൽ പൊലീസ് കണ്ടെത്തി. വിനീത് വീട്ടിലെത്തുന്നതും കാത്ത് ഇവർ ഒരു മണിക്കൂറോളം വീട്ടിൽ ഒളിച്ചിരുന്നു. രാത്രി 10.58ഓടെ വിനീത് വീട്ടിലെത്തി. ഉറങ്ങുമ്പോൾ വിനീതിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ വിനീത് അക്രമികളെ നേരിട്ടതോടെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ചു. വിനീതിന്റെ കഴുത്തിലും നെഞ്ചിലും പരിക്കേൽക്കുകയും മരിക്കുകയുമായിരുന്നു.

പ്രതികളിൽ ഒരാൾ വിനീതിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന മുൻ ജീവനക്കാരനായ വിശാൽ ഗൗതം ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വിശാൽ ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ കൈവശം വച്ചിരുന്നുവെന്നും അത് ഉപയോഗിച്ച് തന്റെ സഹായി രാജ് കിഷോറിനൊപ്പം വീട്ടിൽ കയറിയതായും കണ്ടെത്തി. വിശാലിനെ ചോദ്യം ചെയ്തതോടെ മരുമകൾ ശാലു പണം വാഗ്ദാനം ചെയ്തതായി പൊലീസ് കണ്ടെത്തുകയായിരുന്നു. ശാലുവും വിശാൽ ഗൗതമും തമ്മിലുള്ള ഫോൺ സംഭാഷണവും അന്വേഷണത്തിൽ വഴിത്തിരിവായി. മേയ് ഒന്ന് മുതൽ കൊലപാതകം നടന്ന ദിവസം വരെ ശാലുവും വിശാലും 309 തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. വാട്സ്ആപ് കോളുകളും ഇതിൽ ഉൾപ്പെടും.

തുടർന്ന് കേസുമായി ബന്ധപ്പെട്ട് ശാലുവിനെയും​ പൊലീസ് അറസ്റ്റ് ചെയ്തു. വിശാലിന് ശാലു ആറ് ലക്ഷം രൂപ കൈമാറാൻ കരാറുണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം രണ്ട് ലക്ഷം രൂപയും ബാക്കി നാല് ലക്ഷം രൂപ 15 ദിവസത്തിന് ശേഷം നൽകാമെന്നുമായിരുന്നു കരാർ.

Tags:    
News Summary - Kanpur Businessman Murder Daughter in Law Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.