പ്രതീകാത്മക ചിത്രം
കുഴിച്ചിട്ട നിലയിൽ മൊബൈൽ ഫോണുകൾ കണ്ടെത്തി; കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കേസ്
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കുഴിച്ചിട്ട നിലയിൽ രണ്ട് മൊബൈൽ ഫോണുകൾ കണ്ടെത്തി. ആറാം ബ്ലോക്കിന്റെ പിൻഭാഗത്താണ് കുപ്പിയിലാക്കി ഫോൺ കുഴിച്ചിട്ടത്. സൂപ്രണ്ടിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തു.
ജയിലിനകത്തേക്ക് ആരാണ് ഫോൺ കൊണ്ടുവന്നതെന്നോ ആരൊക്കെയാണ് ഇത് ഉപയോഗിച്ചിരുന്നത് എന്നോ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ജയിലിനുള്ളിൽ മണ്ണ് ഇളക്കി മാറ്റിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ജയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. അവിടെ പ്ലാസ്റ്റിക് കുപ്പിയിൽ അടച്ചിട്ട നിലയിൽ ഫോണുകൾ കണ്ടെത്തുകയായിരുന്നു. ഫോണിൽ സിം കാർഡോ മറ്റോ ഉണ്ടായിരുന്നില്ല. സൂപ്രണ്ട് ടൗൺ പൊലീസിൽ പരാതി നൽകി.
മുമ്പും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തിയിരുന്നു. അതിനുശേഷം സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഇവിടെ തടവുകാരനെ തടഞ്ഞുവെച്ച് മർദ്ദിച്ചെന്ന പരാതിയിൽ പ്രിസൺ ഓഫിസർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. തടവുകാരനായ ജലാലുദ്ദീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിസൺ ഓഫിസർ ജിഷ്ണുവിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ടൗൺ പൊലീസ് നടപടികളിലേക്ക് കടന്നത്.
കഴിഞ്ഞ ജൂൺ 30നായിരുന്നു കേസിനാസ്പദമായ സംഭവം. തനിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നും ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ വൈദ്യസഹായം നൽകണമെന്നും ജലാലുദ്ദീൻ ജയിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ പ്രിസൺ ഓഫീസർ ജിഷ്ണു, ജലാലുദ്ദീനെയും ഒപ്പമുണ്ടായിരുന്ന സഹതടവുകാരെയും അകാരണമായി തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.