തോക്കുചൂണ്ടി ഓട്ടോയിൽനിന്ന് ഒരു കോടി രൂപ കവർന്ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം; വാഹനത്തിലുണ്ടായിരുന്നത് മൂന്ന് കോടി രൂപ

ന്യൂഡൽഹി: ഡൽഹിയിൽ ബിസിനസുകാരന്റെ ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒരു കോടി രൂപ കവർന്നതായി പരാതി. ബൈക്കിലെത്തിയ രണ്ടുപേരാണ് ജീവനക്കാർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തി പണവുമായി കടന്നുകളഞ്ഞത്.

തിങ്കളാഴ്ച വൈകിട്ട് സെൻട്രൽ ഡൽഹിയിലെ ഐ.ടി.ഒക്ക് സമീപമാണ് സംഭവം. മൂന്ന് കോടി രൂപയുമായി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു ബിസിനസുകാരന്റെ ജീവനക്കാർ. ഇതിനിടെ ബൈക്കിലെത്തിയ രണ്ടുപേർ ഓട്ടോറിക്ഷ തടഞ്ഞു. തുടർന്ന് ഒരാൾ തോക്ക് പുറത്തെടുത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ പണം സൂക്ഷിച്ചിരുന്ന ഒരു ബാഗുമായി പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയുമായിരുന്നു. കവർന്ന ബാഗിൽ ഒരു കോടി രൂപയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ഡൽഹിയിലെ ദരിയാഗഞ്ച് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത്രയും വലിയ തുക ജീവനക്കാർ എന്തിനാണ് കൊണ്ടുപോയത്, പണം കൊണ്ടുപോയ ഓട്ടോറിക്ഷ സഞ്ചരിച്ച വഴി തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നതായാണ് വിവരം. പ്രതികളെ കണ്ടെത്താനായി പൊലീസ് പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. 

Tags:    
News Summary - Delhi Businessmans Staff Robbed of Rs 1 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.