സുബിൻ അഗസ്റ്റിൻ
ഡിജിറ്റൽ അറസ്റ്റ് കെണിയിൽ വയോധികൻ; നാല് കോടി തട്ടിയ സംഘത്തിലെ കമീഷൻ ഏജന്റ് പിടിയിൽ
ഇരിങ്ങാലക്കുട: ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ച് കോണത്തുകുന്ന് സ്വദേശിയായ 85 കാരനിൽ നിന്ന് 4.12 കോടി രൂപ തട്ടിയെടുത്ത കേസിൽ സംഘത്തിലെ കമീഷൻ ഏജന്റ് പിടിയിൽ. കണ്ണൂർ പയ്യാവൂർ കോയിപ്ര സ്വദേശി മുത്തുപ്ലാക്കൽ വീട്ടിൽ സുബിൻ അഗസ്റ്റിനെയാണ് (38) അറസ്റ്റ് ചെയ്തത്.
തൃശൂർ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, റൂറൽ സൈബർ ക്രൈം പൊലീസ് ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തട്ടിപ്പ് പണത്തിൽ ഉൾപ്പെട്ട 30 ലക്ഷം രൂപ 2025 ഡിസംബർ 15ന് അക്കൗണ്ടിലേക്ക് സ്വീകരിക്കുകയും, അതേ ദിവസം തന്നെ ഈ തുക പ്രധാന പ്രതികൾക്ക് കൈമാറുകയും ചെയ്തതിനാണ് അറസ്റ്റ്.
കമീഷൻ വ്യവസ്ഥയിലാണ് സുബിൻ അഗസ്റ്റിൻ തട്ടിപ്പ് സംഘത്തിന് പണം കൈമാറിയിരുന്നത്. നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി സുബിൻ അഗസ്റ്റിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ 11 പരാതികൾ നിലവിലുള്ളതായി കണ്ടെത്തി.
2025 സെപ്റ്റംബർ ഒമ്പത് മുതൽ 2026 ജനുവരി ഒന്ന് വരെയാണ് വയോധികനെയും പരിചാരകയെയും ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയത്. മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസിൽ ഉൾപ്പെട്ട 257 ബാങ്ക് അക്കൗണ്ടുകളിൽ ഒന്ന് പരാതിക്കാരന്റെ പേരിലുള്ളതാണെന്ന് വാട്സ് ആപ് കോളിലൂടെ വിളിച്ച് പ്രതികൾ വിശ്വസിപ്പിക്കുകയായിരുന്നു. പരാതിക്കാരന്റെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 4.12 കോടി രൂപയാണ് സംഘം കൈക്കലാക്കിയത്.
ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി അശ്വത്. എസ്. കാരാൺമയിൽ, സൈബർ സ്റ്റേഷൻ എസ്.ഐ കെ.വി. ജസ്റ്റിൻ, എ.എസ്.ഐ വി.പി. ഷൈജു, സി.പി.ഒമാരായ ടി.പി. ശ്രീനാഥ്, ശബരിനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.