ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബൈയിൽ കഴിഞ്ഞത് ആക്രി പെറുക്കി: വിദേശത്തേക്ക് കടക്കാനായിരുന്നു പദ്ധതി

കോഴിക്കോട്: കുതുരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ഡിസംബറിൽ ചാടിപ്പോയ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞത് ആക്രി പെറുക്കിയാണെന്ന് പൊലീസിന്റെ കണ്ടെത്തൽ. കല്യാണിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ നിർണായകമായത്. ചാർളി എന്ന പേരിൽ വിവധയിടങ്ങളിൽ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. നാഞ്ഞൂറിലധികം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതിയിലേക്ക് എത്തിയത്. പ്രതി ഫോൺ ഉപയോഗിച്ചിരുന്നില്ല.

വിദേശത്തേക്ക് മുങ്ങാനായിരുന്നു ഇയാളുടെ പദ്ധതി. അതിനിടയിലാണ് വിനീഷിന് പൊലീസിന്റെ പിടിയിലാക്കുന്നത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിപ്പോയി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രതി പൊലീസിന്റെ പിടിയിലായത്. മുംബൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ഡിസംബർ 29നാണ് മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശുചിമുറി തുരന്ന് പ്രതി രക്ഷപ്പെട്ടത്. ഇതിനിടെ നാട്ടിലുള്ള ഒരു ബന്ധുവിനെ ഫോണിൽ ബന്ധപ്പെടാൻ വിനീഷ് ശ്രമിച്ചിരുന്നു. അങ്ങനെയാണ് വിനീഷിന്‍റെ ടവര്‍ ലൊക്കേഷൻ പൊലീസ് മനസിലാക്കുന്നത്. എന്നാൽ, മുംബൈയിലെത്തിയ പൊലീസ് പല രീതിയിൽ അന്വേഷണം നടത്തിയെങ്കിലും വിനീഷിനെ പിടികൂടാൻ സാധിച്ചില്ല. രണ്ട് മാസത്തോളം പ്രത്യേക അന്വേഷണ സംഘം മുംബൈയിൽ താമസിച്ച് അന്വേഷണം നടത്തുകയായിരുന്നു. നിലവിൽ റെയിൽവേ പൊലീസാണ് വിനീഷിനെ പിടികൂടി പൊലീസിന് കൈമാറിയത്.

2021 ജൂൺ 17 നാണ് വിനീഷ് ദൃശ്യയെ കുത്തികൊലപ്പെടുത്തിയത്. തടയാനെത്തിയ സഹോദരിക്കും പരിക്കേറ്റിരുന്നു. പ്രണയം നിരസച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണം. ദൃശ്യയുടെ അച്ഛന്റെ കടക്ക് തീയിട്ട് ശ്രദ്ധ തിരിച്ചതിന് ശേഷമായിരുന്നു കൊലപാതകം. ദൃശ്യയെ കൊലപ്പെടുത്തിയതിനു പിറകെ കുടുംബത്തെയാകെ ഇല്ലാതാക്കുമെന്ന് വിനീഷ് ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നു. നേരത്തെ ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചായ കുടിക്കാൻ നൽകിയ സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് 10 ദിവസത്തോളം ശ്രമിച്ച് സെല്ലിലെ ടൈലുകൾ ഇളക്കിമാറ്റി. തുടർന്ന് ഭിത്തി തുരന്ന് പുറത്തുകടക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഇയാൾ കുതിരവട്ടത്തുനിന്ന് ചാടിപ്പോകുന്നത്.

സംഭവം പൊലീസിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു. വിനീഷ് രക്ഷപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് എ.സി.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടിയിൽ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ സ്ഥലം മാറ്റുകയായിരുന്നു. പ്രതി ചാടിപ്പോ‍യ വാർത്ത ദൃശ്യയുടെ കുടുംബത്തെയും ആശങ്കയിലാക്കിയിരുന്നു. വിനീഷിൽനിന്ന് മുമ്പും ഭീഷണിയുണ്ടായിരുന്ന സാഹചര്യത്തിൽ കുടുംബത്തിന് പൊലീസ് സുരക്ഷ വർധിപ്പിച്ചു. പ്രതി സംസ്ഥാനം വിട്ടെന്ന നിഗമനത്തിൽ കർണാടക ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.

കണ്ണൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരുന്ന വിനീഷ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഡിസംബർ 10ന് കുതിരവട്ടത്ത് എത്തിച്ചത്. മുംബൈയിൽനിന്ന് പിടികൂടിയ ഇയാളെ ഉടൻ കേരളത്തിലെത്തിച്ച് കോടതിയിൽ ഹാജരാക്കും. ഇയാൾക്ക് ഒളിവിൽ കഴിയാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - Visual murder case accused Vineesh has spent his time in Mumbai in a hurry: The plan was to go abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.