ജസീൽ
മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിയെ പീഡിപ്പിച്ചു, പെൺകുട്ടിയുടെ അമ്മയുമായി ഒളിജീവിതം; യുവാവ് അറസ്റ്റിൽ
എടവണ്ണ: മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസീൽ ആണ് പിടിയിലായത്. ‘ജീലാനി തങ്ങൾ’ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
എടവണ്ണ കുണ്ടുതോടുള്ള പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽവെച്ചാണ് പീഡനത്തിന് ഇരയാക്കിയതെന്നാണ് വിവരം. കഴിഞ്ഞ ആഗസ്റ്റിൽ പ്രതി പെൺകുട്ടിയുടെ മാതാവിനെയും കൊണ്ട് നാടുവിട്ടിരുന്നു. ഇരുവരും ഒളിവിൽ കഴിയുന്നതിനിടെയാണ് ജസീൽ അറസ്റ്റിലായത്.
ആദ്യം ചികിൽസയ്ക്ക് വന്ന അമ്മയുമായി സൗഹൃദബന്ധം സ്ഥാപിച്ച് പ്രതി മുതലെടുക്കുകയായിരുന്നു. പിന്നീട്, രോഗങ്ങൾ മന്ത്രവാദ ചികിത്സ ചെയ്ത് ശമിപ്പിക്കാമെന്ന് പറഞ്ഞ് 17കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു ജസീൽ. സംഭവത്തെ കുറിച്ച് കുട്ടി ബന്ധുക്കളോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഉടന് തന്നെ കുടുംബം എടവണ്ണ പൊലീസില് പരാതി നല്കുകയായിരുന്നു.
പരാതിക്കുപിന്നാലെ പ്രതിയും പെൺകുട്ടിയുടെ അമ്മയും ഒളിവിൽ പോവുകയായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതുകാരണം ബന്ധുക്കൾ മണ്ണാർക്കാട് പൊലീസിൽ മിസ്സിങ് കേസും ഫയൽ ചെയ്തു. രണ്ടു മാസത്തിലേറെ കേരള, കർണാടക അതിർത്തിയായ ആനക്കല്ലിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു ഇരുവരും. പിന്നീട് നിലമ്പൂർ സ്ക്വാഡുമായി ചേർന്ന് എടവണ്ണ പൊലീസ് ജസീലിനെ കണ്ടെത്തി നാട്ടിൽ എത്തിക്കുകയായിരുന്നു.
ഇയാൾ കൂടുതൽ ആളുകളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.