മെതാംഫെറ്റമിൻ കടത്ത്; നൈജീരിയക്കാരുൾപ്പെടെ അഞ്ചുപേർ കുറ്റക്കാർ, വിധി 17ന്
കാസർകോട്: അന്താരാഷ്ട്ര ലഹരി നിർമാണ-വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് 150 ഗ്രാം മെതാംഫെറ്റമിൻ കടത്തിയ കേസിൽ രണ്ട് നൈജീരിയൻ പൗരന്മാർ ഉൾപ്പെടെ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കാസർകോട് അഡീഷനൽ ജില്ല കോടതി ഒന്ന് ജഡ്ജി ടി.എച്ച്. രജിതയാണ് പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്. അതേസമയം, കേസിൽ നാലാം പ്രതിയായിരുന്ന സൂരജിനെ കോടതി വെറുതെവിട്ടു.
കുറ്റക്കാർക്കുള്ള ശിക്ഷ ഒക്ടോബർ 17ന് പ്രഖ്യാപിക്കും. ചട്ടഞ്ചൽ തൈരയിലെ അബൂബക്കർ (38), അബൂബക്കറിന്റെ ഭാര്യ അമീന അശ്ര (35), ബാംഗ്ലൂർ സ്വദേശി വസീം അക്രം (35), നൈജീരിയൻ സ്വദേശിനി ഹഫ്സ റിഹാനത്ത് ഉസ്മാൻ എന്ന ബ്ലസിങ് ജോയ് (25), നൈജീരിയൻ സ്വദേശി ഉക്ക മോസസ് (41) എന്നിവരെയാണ് കുറ്റക്കാരായി വിധിച്ചത്. കോടതിയിൽ ഹാജരാകാതിരുന്ന അബൂബക്കർ, ഭാര്യ അമീന അശ്ര എന്നിവർക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. 2023 ഏപ്രിൽ 21-നാണ് കേസിനാസ്പദമായ സംഭവം. വിൽപനക്കായി കടത്തുകയായിരുന്ന 150 ഗ്രാം മെതാംഫെറ്റമിനുമായി കാറിൽ സഞ്ചരിക്കവെ ഉദുമ പള്ളത്തുവെച്ച് ബേക്കൽ പൊലീസാണ് ഒന്നുമുതൽ നാലു വരെയുള്ള പ്രതികളെ പിടികൂടിയത്.
കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് മുൻ ബേക്കൽ സർക്കിൾ ഇൻസ്പെക്ടർ യു. വിപിനാണ്. വിചാരണ വേളയിൽ പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിക്കുകയും 149 രേഖകളും എട്ടോളം തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രൊസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രൊസിക്യൂട്ടർ ലോഹിതാക്ഷൻ ഇടയില്ലം, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.