പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപിച്ച് കൂത്താടി ഡോക്ടറും ജീവനക്കാരും; വിവാദമായതോടെ സസ്പെൻഷൻ

പുനെ: ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപാന സൽക്കാരം നടത്തി ഡോക്ടറും കൂട്ടാളികളും. സംഭവത്തിൽ നിരുത്തരവാദപരമായ പെരുമാറ്റത്തിന് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്റ് ചെയ്തു. മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപറേഷന്റെ കീഴിലുള്ള യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിലാണ് സംഭവം. ഡോ. വൈഭവ് അവിനാഷ് മസ്കെയെയാണ് സസ്പെന്റ് ചെയ്തത്.

ബന്ധുവിന്റെ മരണ സർട്ടിഫിക്കറ്റിനും മൃതദേഹം വിട്ടുകിട്ടുന്നതിനുമായി ആശുപത്രിക്ക് പുറത്ത് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്ന സാധാരണക്കാരനാണ് വ്യാഴാഴ്ച രാത്രിയിൽ പോസ്റ്റ്‌മോർട്ടം മുറിക്കുള്ളിൽ ഇത്തരമൊരു അതിക്രമം കണ്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും മദ്യലഹരിയിലാണെന്ന് മനസ്സിലാക്കിയ ഇവർ മുറിക്കുള്ളിലെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഭക്ഷണ സാധനങ്ങളും മദ്യക്കുപ്പികളും നിരത്തിവെച്ചിരിക്കുന്ന ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെ അധികാരികൾ കടുത്ത പ്രതിരോധത്തിലായി.

സംഭവം വൻ രാഷ്ട്രീയ വിവാദത്തിനും ജനരോഷത്തിനും വഴിവെച്ചതോടെ മുനിസിപ്പൽ കമീഷണർ വിജയ് സൂര്യവംശി കർശന നടപടി സ്വീകരിക്കുകയായിരുന്നു. രോഗികളുടെ സുരക്ഷയും മെഡിക്കൽ എത്തിക്സും കാറ്റിൽപ്പറത്തിയുള്ള നടപടിയെ ഭരണകൂടം ഗൗരവമായാണ് കാണുന്നത്. മഹാരാഷ്ട്ര സിവുൽ സർവീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. 15 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും തുടർന്ന് വേഗത്തിൽ വകുപ്പുതല അന്വേഷണം പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Doctor Suspended for Party Inside Postmortem Room in Pune

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.