താനെ: മഹാരാഷ്ട്രയിൽ18 മാസമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാവിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. നൂറാനി സാഹിദ് ഷെയ്ഖിനെയാണ്(28 ) താനെ കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. സംഭവത്തിൽ കൃത്യം മറച്ചുവെച്ചക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പിതാവ് സാഹിദ് സലാമത്ത് ഷെയ്ഖിന്(38) നാല് വർഷത്തെ തടവ് ശിക്ഷയും വിധിച്ചു. 2024ലാണ് കേസിനാസ്പദമായ സംഭവം. മഹാരാഷ്ട്രയിലെ മുംബ്രയിലാണ് ദാരുണമായ കൊലപാതകം നടന്നത്. കൃത്യത്തിന്‍റെ ചിത്രങ്ങളടങ്ങിയ അജ്ഞാതവിവരം പൊലീസിന് ലഭിക്കുകയായിരുന്നു. പിന്നാലെ അന്വേഷണത്തിൽ യുവതിയുടെ മറ്റ് രണ്ട് പെൺമക്കൾ നൽകിയ മൊഴിയാണ് വഴിത്തിരിവായത്.
അപൂർവ്വജനികരോഗം ബാധിച്ചാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോടതി ഈ വാദം തള്ളുകയായിരുന്നു. കുട്ടിയുടെ തലയിലും കഴുത്തിലുമായി 14 വ്യത്യസ്ത മുറിവുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ വ്യക്തമായി. യുവതി കുഞ്ഞിനെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് ആക്രമിക്കുന്നത് തങ്ങൾ കണ്ടതായി മറ്റ് രണ്ട് കുട്ടികൾ മൊഴി നൽകി. ഇതിൽ ഒരു കുട്ടിയും അക്രമത്തിനിരയായതായി കണ്ടെത്തി.
വീടിനുള്ളിൽ രഹസ്യമായി നടക്കുന്ന കുറ്റകൃത്യങ്ങളിൽ മറ്റ് സാഹചര്യത്തെളിവുകൾ ലഭിക്കണമെന്ന് നിർബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾ നൽകുന്ന ന്യായീകരിക്കാനാവാത്തതും അവിശ്വസനീയവുമായ വിശദീകരണങ്ങൾ സ്വീകാര്യമാകില്ലെന്നും കോടതി വ്യക്തമാക്കി. അതേ സമയം പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മൊഴികൾ വിശ്വാസയോഗ്യമാണെന്ന് തിരിച്ചറിഞ്ഞ കോടതി അവരുടെ മാത്രം മൊഴി മുൻനിർത്തിയും കുറ്റക്കാരെ ശിക്ഷിക്കാൻ സാധിക്കുമെന്നും വിലയിരുത്തി. 16 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.