ഹൈദരാബാദ്: തെലങ്കാനയില്‍ ലഹരി മാഫിയയുടെ സാമ്പത്തിക സ്രോതസ്സുകള്‍ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തില്‍ 100 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് എലൈറ്റ് ആക്ഷന്‍ ഗ്രൂപ്പ് ഫോര്‍ ഡ്രഗ് ലോ എന്‍ഫോഴ്സ്മെന്റ് (ഈഗ്ള്‍). 2024 മുതല്‍ ഇതുവരെയുള്ള കണക്കുകളിലാണ് ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട വന്‍ തുക കണ്ടുകെട്ടിയത്.
നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത 18 കേസുകളുടെ അന്വേഷണത്തിനിടയിലാണ് ഇത്രയും വലിയ തുകയുടെ സ്വത്തുക്കള്‍ കണ്ടെത്തിയത്. ലഹരിക്കടത്തിലൂടെയും വിപണനത്തിലൂടെയും ആര്‍ജ്ജിച്ച സ്വത്തുക്കള്‍, ബാങ്ക് അക്കൗണ്ടുകള്‍, വാഹനങ്ങള്‍, ബിസിനസ്സ് സ്ഥാപനങ്ങള്‍ എന്നിവയാണ് അന്വേഷണ സംഘം പ്രധാനമായും ലക്ഷ്യമിട്ടത്.
നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനോ മരവിപ്പിക്കുന്നതിനോ ഉള്ള എന്‍.ഡി.പി.എസ് നിയമത്തിലെ 68എഫ് (2) വകുപ്പ് പ്രകാരമാണ് 'ഈഗ്ള്‍' ഈ ഉത്തരവുകള്‍ നേടിയെടുത്തത്. കുറ്റകൃത്യങ്ങളിലൂടെയാണ് ഈ ആസ്തികള്‍ രൂപീകരിച്ചതെന്ന് വ്യക്തമാക്കുന്ന കൃത്യമായ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചിരുന്നു.
ആഗസ്റ്റ് 17, 18 തീയതികളിലായി ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ ബന്ധപ്പെട്ട അധികാരികളില്‍ നിന്നാണ് ഈഗ്ള്‍ ഫോഴ്സ്, ബോധന്‍ റൂറല്‍ പോലീസിന്റെ സഹകരണത്തോടെ പുതിയ ഉത്തരവുകള്‍ നേടിയത്. 2025 മെയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത ആല്‍പ്രാസോലം (Alprazolam) നിര്‍മ്മാണ-വിതരണ കേസുമായി ബന്ധപ്പെട്ട് എം. ലക്ഷ്മണ്‍ ഗൗഡ്, എം. ലക്ഷ്മി, എം. ഗംഗാധര്‍ ഗൗഡ്, എം. രാജ ഗൗഡ്, അമര്‍ സിങ് ദേശ്മുഖ്, ബാബുറാവു ബസ്വരാജ് കദേരെ, പൂനം ദേശ്മുഖ് അടക്കമുള്ളവരുടെ 5.1 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഒടുവിലായി മരവിപ്പിച്ചത്. തെലങ്കാനയിലും മഹാരാഷ്ട്രയിലുമായി വ്യാപിച്ചുകിടക്കുന്ന കൃഷിസ്ഥലങ്ങള്‍, പ്ലോട്ടുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍, വാഹനങ്ങള്‍, ഒരു ഫാക്ടറി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഫ്രീസ് ഉത്തരവ് നിലവില്‍ വന്നാല്‍ പ്രതികള്‍ക്ക് ഈ സ്വത്തുക്കളില്‍ യാതൊരുവിധ കൈമാറ്റങ്ങളോ വില്‍പ്പനയോ നടത്താന്‍ കഴിയില്ല. തുടര്‍ന്ന് കേസുകളില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍, എന്‍.ഡി.പി.എസ് നിയമത്തിലെ സെക്ഷന്‍ 68 (എച്ച്) പ്രകാരം ഈ സ്വത്തുക്കള്‍ പൂര്‍ണ്ണമായി കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഇത് സംഘടിത ലഹരി സംഘങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിരോധമായി മാറുമെന്നും ഈഗിള്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, വിദ്യാര്‍ഥികളെ ലഹരിയുടെ വഴികളില്‍ നിന്നും അകറ്റുന്നതിന്റെ ഭാഗമായി ഹൈദരാബാദിലെ വിവിധ സ്കൂളുകളിലും 'ഈഗ്ള്‍ ഫോഴ്സ്' ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.