ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്നും തെളിവുകൾ അടങ്ങിയ തന്റെ റിപ്പോർട്ടിന്മേൽ പിന്നീട് തുടരന്വേഷണം ഉണ്ടായില്ലെന്നും മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ. 2017ൽ ക്രൈം ബ്രാഞ്ച് തലവനായിരുന്ന നിതിൻ അഗർവാളിന്റെ നിർദേശപ്രകാരമാണ് കേസ് അന്വേഷണം ആരംഭിച്ചതെന്നും, കുറുപ്പ് മരണപ്പെട്ടതായി തെളിയിക്കുന്ന യാതൊരു വസ്തുതകളും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറുപ്പിന്റെ കുടുംബാംഗങ്ങളിൽ നിന്നടക്കമുള്ള വിശ്വാസ യോഗ്യമായ വിവരങ്ങളും 169 രേഖകളുമാണ് പൊലീസിന് അന്ന് കൈമാറിയതെന്നും അലി അക്ബർ അവകാശപ്പെട്ടു.
'ജോൺ മേനോൻ' എന്ന പേരിൽ കുറുപ്പ് ബ്രൂണെയിലുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ 2023ൽ ശേഖരിക്കപ്പെട്ടിരുന്നു. മലേഷ്യയിൽനിന്നുള്ള ഇന്ത്യൻ വംശജനാണ് താനെന്നാണ് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. കാറിൽ വന്നിറങ്ങി ഒരു ഹോട്ടലിലേക്ക് എത്തിയതിന്റെയും ഭക്ഷണം കഴിച്ചതിന്റെയും തെളിവുകളായിരുന്നു അന്ന് ലഭിച്ചിരുന്നത്.
ഒരു തവണ കുറുപ്പുമായി സംസാരിച്ചിരുന്നുവെന്നും ഹിന്ദി കലർന്ന മലേഷ്യൻ ഭാഷ സംസാരിച്ചതിനാൽ ആദ്യം തിരിച്ചറിയാനായില്ലെന്ന് തിരുവനന്തപുരം സ്വദേശിയായ ഒരു വ്യക്തി വെളിപ്പെടുത്തിയിരുന്നു. പിന്നീട് ആ വ്യക്തിക്ക് സംശയം തോന്നിയതിനാൽ തന്നെ ബന്ധപ്പെട്ട് കാര്യങ്ങൾ അറിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുകുമാര കുറുപ്പിനോട് തന്നെയാണ് സംസാരിച്ചതെന്ന് ഉറപ്പിക്കാനായെന്നും അലി അക്ബർ മാധ്യമങ്ങളോട് പറഞ്ഞു.
ചാക്കോ വധക്കേസിലെ പ്രതി സുകുമാര കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് കേസ് ഫയലുകൾ ക്ലോസ് ചെയ്യാൻ ഒരുങ്ങുകയായിരുന്നു. അതിനിടെ സുകുമാര കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്ന ദൃശ്യങ്ങളടക്കം മാധ്യമങ്ങളിൽ വന്നിരുന്നു. തുടർന്നാണ് അതിനെ ബലപ്പെടുത്തുന്ന വെളിപ്പെടുത്തലുകൾ ആലപ്പുഴ പല്ലന സ്വദേശിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.