കോട്ടയം: ഒാൺലൈൻ ട്രേഡിങ്ങിലൂടെ വൻതുക ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽനിന്ന് 23.52 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത തൃക്കൊടിത്താനം പൊലീസ് അന്വേഷണം ഊർജിമാക്കിയിട്ടുണ്ട്.
ഫേസ്ബുക്കിൽ കേന്ദ്ര ധനകാര്യ മന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് പ്രചരിച്ച വ്യാജ വിഡിയോയിലെ ലിങ്കിൽ 2025 ഒക്ടോബർ 21ന് പരാതിക്കാരി പ്രവേശിച്ച് രജിസ്റ്റർ ചെയ്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് നെറ്റ് കാൾ മുഖേന പരാതിക്കാരിയെ ബന്ധപ്പെട്ട പ്രതി, താൻ ‘പ്രോക്സ്ട്രെൻഡ് ട്രേഡിങ്’ എന്ന കമ്പനിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തി. രജിസ്ട്രേഷൻ ഫീസായി 200 ഡോളറിന് തുല്യമായ 18,667 രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 80,000 രൂപ വരെ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ആദ്യമായി പണം കൈമാറിപ്പിച്ചത്.
തുടർന്ന് കൂടുതൽ തുക നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2025 നവംബർ 19 മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിൽ പല തവണകളായി പരാതിക്കാരിയിൽനിന്ന് ആകെ 23,52,809 രൂപ കൈവശപ്പെടുത്തി പ്രതി തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
സോഷ്യൽ മീഡിയയിൽ കാണുന്ന പ്രമുഖ വ്യക്തികളുടെ പേരും ചിത്രവും ഉപയോഗിച്ചുള്ള നിക്ഷേപ പരസ്യങ്ങളും വിഡിയോകളും വ്യാജമായിരിക്കാം. ഓൺലൈൻ ട്രേഡിങ്, ഷെയർ മാർക്കറ്റ്, ക്രിപ്റ്റോ കറൻസി തുടങ്ങിയവയിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ വൻലാഭം വാഗ്ദാനം ചെയ്യുന്നവരോട് ജാഗ്രത പാലിക്കുവാൻ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എസ്. ആഷാദ് അറിയിച്ചു. പരിചയമില്ലാത്ത വ്യക്തികൾ നൽകുന്ന ലിങ്കുകളിൽ പ്രവേശിക്കുകയോ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും കൈമാറുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുത്. ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെടുകയും നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പരാതി നൽകുകയും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.