ജാക്സൺ, നിയാസ്
ഇരവിപുരം: യുവാവിനെ കാറിൽ ബലമായി കയറ്റിക്കൊണ്ടുപോയി വാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചുറ്റിക ഉപയോഗിച്ച് മർദിക്കുകയും ചെയ്ത കേസിൽ കുപ്രസിദ്ധ കുറ്റവാളികളും കാപ്പാ പ്രതികളുമായ രണ്ട് പേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടക്കൽ ഉദയമാർത്താണ്ഡപുരം ചേരിയിൽ മീരാ നഗറിൽ ആർ.എസ് വില്ലയിൽ ജാക്സൺ (33), കുണ്ടറ പുനുക്കന്നൂർ നിഷാദ് മൻസിലിൽ കൊള്ളി നിയാസ് എന്ന നിയാസ് (33) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം വടക്കേവിള ഗാന്ധിനഗർ –152, തസ്ലിമ മൻസിലിൽ അക്ബർഷായെയാണ് (31) ഇവർ വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞ 20ന് രാത്രി 11.30ഓടെയാണ് സംഭവം. അക്ബർഷായും കൊള്ളി നിയാസും തമ്മിലുണ്ടായിരുന്ന മുൻവിരോധത്തെ തുടർന്ന് പ്രതികൾ സംഘം ചേർന്ന് ഇയാളെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
വിജനമായ സ്ഥലത്ത് എത്തിച്ച ശേഷം അക്ബർഷായെ കാറിൽനിന്ന് പിടിച്ചിറക്കി കാറിൽ സൂക്ഷിച്ചിരുന്ന വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് നിലത്തുവീണ അക്ബർഷായുടെ കഴുത്തിന് നേരെ വാൾ വീശിയപ്പോൾ കൈകൊണ്ട് തടഞ്ഞതിനാൽ ഗുരുതര പരിക്ക് ഒഴിവായി.
പിന്നീട് പ്രതികൾ ചുറ്റിക ഉപയോഗിച്ച് ഇരുകൈകളിലും മുതുകിലും അടിക്കുകയും കണ്ണിൽ ഇടിക്കുകയും ചെയ്തു. ആക്രമണത്തിനിടെ പരാതിക്കാരന്റെ പഴ്സിൽ സൂക്ഷിച്ച നാല് പവൻ സ്വർണക്കൊലുസും പ്രതികൾ കൈക്കലാക്കി.
പ്രതികൾക്കായി അന്വേഷണം നടത്തി വരുന്നതിനിടെ ഇവർ ഡാൻസാഫ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. കൊല്ലം എ.സി.പി ഷാജിയുടെ നിർദേശപ്രകാരം ഇരവിപുരം ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഇരവിപുരം എസ്.എച്ച്.ഒ മുഹമ്മദ് ആഷിഖ്, ഡാൻസാഫ് എസ്.ഐമാരായ ഗോപകുമാർ, സായ്സേനൻ എന്നിവരുടെ നേതൃത്വത്തിൽ സുനിൽകുമാർ, ഹരി, അനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ പ്രതികൾ ഇരുവരും നിരവധി കേസുകളിൽ പ്രതികളും കാപ്പാ നിയമപ്രകാരം നടപടികൾ നേരിട്ടിട്ടുള്ളവരുമാണ്. ഈ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.