പ്രതീകാത്മക ചിത്രം

റൈസ് അധികം ചോദിച്ചു; ഹോട്ടലിൽ മന്തി കഴിക്കാനെത്തിയ വിദ്യാർഥികൾക്ക് ക്രൂരമർദനം, ഉടമയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: അധികം ഭക്ഷണം ചോദിച്ചതിന് മന്തി കഴിക്കാനെത്തിയ വിദ്യാർഥികളെ ഹോട്ടൽ ഉടമയും ജീവനക്കാരും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. മർദനത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടയുടമയെയും രണ്ട് ജീവനക്കാരെയും പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം കഴക്കൂട്ടത്തെ 'ക്യാപ്പിറ്റൽ മന്തി' എന്ന ഹോട്ടലിലാണ് സംഭവം. ഭക്ഷണത്തിനു ശേഷം കൂടുതൽ ചോറ് ആവശ്യപ്പെട്ട കുട്ടികളോട് ചോറ് നൽകാനാവില്ലെന്ന് ജീവനക്കാർ പറയുകയായിരുന്നു. പണം നൽകി വാങ്ങാമെന്ന് അറിയിച്ചിട്ടും കുട്ടികളെ കടയിൽനിന്ന് ബലമായി പുറത്താക്കാൻ ശ്രമിച്ചതോടെ പരസ്പരം വാക്കേറ്റമുണ്ടായി. തുടർന്ന് ഹോട്ടൽ ജീവനക്കാരും പുറത്തുനിന്നെത്തിയ സംഘവും ഉൾപ്പെടെ ഇരുപതോളം വരുന്ന അക്രമികൾ ചേർന്ന് വിദ്യാർഥികളെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പേട്ട പോലീസ് അറിയിച്ചു. വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തി വരികയാണ്.

Tags:    
News Summary - Students Beaten Up at Mandi Restaurant in Thiruvananthapuram Over Extra Rice; Owner and 2 Staff Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.