നേപ്പാൾ പ്രളയദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടയാളുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം കവർന്നു; രണ്ടുപേർ പിടിയിൽ

കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിൽ മരിച്ചയാളുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ. ഭേതോകോശി നദിയിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും നൂറുകണക്കിന് ആളുകൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് മൃതദേഹത്തോടുപോലും അനാദരവ് കാട്ടിയുള്ള ക്രൂരത പുറത്തുവന്നത്. പ്രളയത്തിൽ ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് നീളമുള്ള വടിയുപയോഗിച്ച് സ്വർണ്ണ കമ്മൽ ഊരിയെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പൊലീസ് നടപടി.

ചിത്വാൻ ജില്ലയിലെ ഭരത്പൂർ ഡിസ്ട്രിക്റ്റ് പൊലീസ് ഓഫീസിൽ നിന്ന് ലഭിച്ച വിവരപ്രകാരം മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരാണ് പിടിയിലായത്. ഭരത്പൂർ പൊഖാര ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ദുരന്തത്തിനിരയായ വ്യക്തിയോട് ക്രൂരവും മനുഷ്യത്വഹീനവുമായ പെരുമാറ്റമാണ് പ്രതികളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ആഗസ്റ്റ് 26-നാണ് നേപ്പാളിലെ റസുവ, നുവാക്കോട്ട് ജില്ലകളിലായി ഭേതോകോശി നദിയിൽ വൻ മിന്നൽ പ്രളയമുണ്ടായത്. മഞ്ഞുമലയിടിഞ്ഞതിനെത്തുടർന്ന് നദീതീരത്ത് വെള്ളം തടസ്സപ്പെടുകയും പിന്നീട് പെട്ടെന്ന് കുതിച്ചൊഴുകിയെത്തുകയുമായിരുന്നു. ദുരന്തത്തിൽ ഇതുവരെ 350-ലധികം ആളുകൾ മരണപ്പെടുകയും, എണ്ണൂറിലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരിൽ നിരവധി വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. പ്രളയത്തിൽ ഒഴുകിയെത്തിയ മൃതദേഹങ്ങളിൽ നിന്നാണ് അതിനിടയിലും മോഷണം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായ പ്രതിഷേധത്തിന് കാരണമായതിനെത്തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.

Tags:    
News Summary - Gold jewellery stolen from flood victim’s body in Nepal; two held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.