അധിക്ഷേപ പരാമർശം: യൂട്യൂബർ ഹെലന്‍ ഓഫ് സ്പാര്‍ട്ടക്കെതിരെ കേസ്

തൃശൂര്‍: വ്യക്തി അധിക്ഷേപം നടത്തിയതിന് യൂട്യൂബർ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന എസ്.ആർ. ധന്യക്കെതിരെ കേസ്. ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്ക് എതിരെയാണ് ധന്യ അധിക്ഷേപ പരാമര്‍ശം നടത്തിയത്. തൃശ്ശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് സംഭവത്തിൽ കേസെടുത്തു. ബി.എൻ.എസ്, ഐ.ടി ആക്ട്, കേരള പോലീസ് ആക്ട്, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിയേയും സുഹൃത്തിനേയും അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ധന്യ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചിരുന്നു. ദീപ്തിയും സുഹൃത്തും പുതിയ തലമുറയെ വഴിതെറ്റിക്കുന്നു എന്നടക്കമുള്ള അതിരൂക്ഷ പരാമര്‍ശങ്ങളാണ് ധന്യ നടത്തിയത്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അനാവശ്യ പരാമര്‍ശങ്ങള്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട പറഞ്ഞുവെന്നാണ് ദീപ്തിയുടെ ആരോപണം. തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നൽകുകയും നിയമപരമായ നടപടി സ്വീകരിക്കുകയുമായിരുന്നു.

മുമ്പും എസ്.ആർ. ധന്യക്കെതിരെ കേസുണ്ടായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തതും വലിയ വാർത്തയായിരുന്നു.

Tags:    
News Summary - YouTuber Helen of Sparta Booked for Derogatory Remarks Against Trans Woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.