പ്രതികൾ
ശാസ്താംകോട്ട: കേരളത്തിലേക്ക് എം.ഡി.എം.എ ഉൾപ്പെടെ രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്. ഫെബ്രുവരിയിൽ 23 ഗ്രാം എം.ഡി.എം.എയുമായി ഐ.സി.എസ് ജങ്ഷനിൽനിന്ന് യുവതിയെ പിടികൂടിയിരുന്നു. ഈ കേസിൽ രണ്ടാംപ്രതിയായ ഷംനാദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ബംഗളൂരുവിൽ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ ഷംനാദിന് എം.ഡി.എം.എ കൈമാറിയ സംഘത്തിലെ മൂന്നുപേരെ പിടികൂടിയിരുന്നു.
പിടികൂടിയവരിൽ രണ്ട് പേർ കരുനാഗപ്പള്ളി സ്വദേശികളും ഒരാൾ കർണാടക ഷിമോഗ സ്വദേശിയുമായിരുന്നു. കേരളത്തിലേക്ക് വൻ തോതിൽ ലഹരിമരുന്ന് കയറ്റി അയക്കുന്ന സംഘത്തിലെ രണ്ട് അംഗങ്ങൾ കൂടിയാണ് പിടിയിലായത്. കേരളത്തിലേക്ക് ഇവർ വർഷങ്ങളായി വൻ തോതിൽ രാസലഹരി കയറ്റുമതി ചെയ്തുവരികയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. സിജാഹിനെ മുമ്പും പൊലീസ് പിടികൂടിയിട്ടുണ്ട്. സിജാഹ് മൂന്നോളം കേസുകളിൽ പ്രതിയാണ്.
ബംഗളൂരുവിൽ റേഡിയോളജി പഠനത്തിന് പോയതാണ് അദ്വൈത.കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിൽ ശാസ്താംകോട്ട ഡിവൈ.എസ്.പി പ്രസാദ്, ശാസ്താംകോട്ട എസ്.എച്ച്.ഒ മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ കെ.പി. ശരത്, എ.എസ്.ഐ കെ.ആർ. ബിജു, സി.പി.ഒമാരായ അഖിൽ ചന്ദ്രൻ, ഫൈസൽ, വിപിൻ കുമാർ, അഞ്ജു എന്നിവർ ചേർന്നാണ് വ്യാജ പേരിൽ ഫ്ലാറ്റെടുത്ത് താമസിക്കുകയായിരുന്ന പ്രതികളെ ബംഗളൂരുവിൽനിന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.