സംഭവസ്ഥലത്ത് പൊലീസ് തെളിവെടുപ്പിന് വന്നപ്പോൾ
ക്രൈം വെബ് സീരീസ് അനുകരിച്ച് ഭാര്യയെ കൊലപ്പെടുത്തി; 12 ലക്ഷവുമായി ഒളിവില്‍ പോയ പ്രതി പിടിയില്‍
ന്യൂഡൽഹി: ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെ ക്രൈം വെബ് സീരീസ് അനുകരിച്ച് ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയിൽ. കൊലപാതകത്തിന് ശേഷം 12 ലക്ഷം രൂപയുമായി ഒളിവില്‍ പോയ പ്രതിയെ മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.
ഈസ്റ്റ് ഡൽഹിയിൽ ഒരാഴ്ച മുമ്പാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കമൽ സിങ് (62) എന്നയാളാണ് പ്രതി. ഭാര്യ കോമൾ സിങ്ങാണ് കൊല്ലപ്പെട്ടത്. സ്വത്തുതർക്കത്തെ തുടർന്നാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
സംഭവസമയം മകൻ ലൈബ്രറിയിലും മകൾ ജോലിക്കും പോയതിനാൽ ഭാര്യയും ഭർത്താവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടുജോലിക്കാരി മടങ്ങിയതിന് പിന്നാലെ, ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുകയായിരുന്ന കോമളിന്റെ തലക്ക് പിന്നിൽ കമൽ സിങ് വാളുകൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന് അടുക്കള ഭാഗത്തേക്ക് ഓടിയ കോമളിനെ മുടിയിൽ പിടിച്ച് ലിവിങ് റൂമിലെത്തിച്ച് കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകത്തിന് ശേഷം രക്തം പുരണ്ട വസ്ത്രങ്ങളും ആയുധവും ബാഗിലാക്കി മാറ്റിയ പ്രതി, കുളിച്ചൊരുങ്ങി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ഏഴു ലക്ഷം രൂപയും കൈക്കലാക്കിയാണ് ഇയാൾ കടന്നുകളഞ്ഞത്.
സി.സി.ടി.വി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ച് നടത്തിയ മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിൽ മഥുര റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നാണ് ഡൽഹി പൊലീസ് പ്രതിയെ പിടികൂടിയത്. അമ്മയെ രക്തത്തിൽ കുളിച്ച നിലയിൽ മകനാണ് ആദ്യം കണ്ടത്. അന്വേഷണം വഴിതിരിച്ചുവിടാൻ ഗൊരഖ്പൂർ വഴി നേപ്പാളിലേക്ക് കടക്കുമെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച പ്രതി ഒടുവിൽ മധുരയിൽ വെച്ചാണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് സ്കൂട്ടറും പണവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.