റ​മീ​സ്, മ​ർ​ഷി​ദ്, സു​ബി​നാ​സ്

ഉണ്യാലിൽ വീണ്ടും രാഷ്ട്രീയ സംഘർഷം മൂന്നുപേർ അറസ്റ്റിൽ

താനൂർ: ഉണ്യാൽ തീരത്ത് വീണ്ടും രാഷ്ട്രീയ സംഘർഷം. മുസ്‌ലിം യൂത്ത് ലീഗ് അനുഭാവികളായ മൂന്നു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടാളുകളുടെ പരിക്ക് ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഊറാംകടവത്ത് റമീസ് (24), ഞാറക്കടവത്ത് സുബിനാസ് (28), മരക്കാരകത്ത് മർഷിദ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും പുതിയ കടപ്പുറം സ്വദേശികളാണ്.

വ്യാഴാഴ്ച രാത്രി 8.30ഓടെ ജ്ഞാന പ്രഭ സ്കൂളിന് സമീപത്തെ യുവജന ക്ലബ് പരിസരത്താണ് സംഘർഷമുണ്ടായത്. ഒരാഴ്ച മുമ്പ് ഇതേ പ്രദേശത്ത് സംഘർഷം നടന്നിരുന്നു. പരിക്കേറ്റവരെ തിരൂർ ഗവ. ജില്ല ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രി പരിസരത്തും ചിലർ സംഘർഷമുണ്ടാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ആക്രമണമെന്ന് പൊലീസ് സംശയിക്കുന്നു. ഉണ്യാൽ സ്വദേശികളായ ചേക്കിന്റെ പുരക്കൽ അജ്മൽ (22), ആലി ഹാജിന്റെ പുരക്കൽ റിയാൻ (18), കൊണ്ടാരന്റെ പുരക്കൽ നൂറുദ്ദീൻ (19) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരിൽ ഇരുമ്പുവടി കൊണ്ടുള്ള ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ആദ്യ രണ്ട് പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ പിടികൂടുന്നതിന് മുമ്പ് ഗുരുതരാവസ്ഥയിലുള്ളവരുടെ മൊഴിയെടുത്തതാണ് ആശുപത്രി പരിസരത്തെ പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി സുനിൽ പുളിക്കൽ, സി.ഐ അൻഷാദ് എന്നിവരുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. വിവിധ ഭാഗങ്ങളിൽ വാഹന പരിശോധനയും ശക്തമാക്കി. ഒരാഴ്ച മുമ്പുണ്ടായ സംഘർഷത്തിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

സി.​പി.​എം ക​ലാ​പം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി യൂ​ത്ത് ലീ​ഗ്

താനൂർ: നിറമരുതൂർ പഞ്ചായത്തിലെ ഉണ്യാലിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചതിന് പിന്നാലെ സി.പി.എം നേതൃത്വത്തിൽ കലാപം സൃഷ്ടിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് താനൂർ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.

വ്യാഴാഴ്ച രാത്രി യൂത്ത് ലീഗ് പ്രവർത്തകരെ ഓഫിസിൽ കയറി ആക്രമിച്ചത് ഇതിന്റെ ഭാഗമായാണെന്നും കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നൽകിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നാടിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഓഫിസിൽ കയറി ആക്രമണം നടത്തിയശേഷം പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയതായും ഇത് ഗൗരവത്തോടെ കാണണമെന്നും സംഭവത്തിൽ സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

എ.പി. സൈതലവി, ഉബൈസ് കുണ്ടുങ്ങൽ, ടി. നിയാസ്, നൗഷാദ് പറപ്പൂത്തടം, സൈതലവി തൊട്ടിയിൽ, എ.എം. യൂസഫ്, സമീർ ചിന്നൻ, പി. അയൂബ്, സകരിയ ഉണ്യാൽ എന്നിവർ സംസാരിച്ചു. ഉബൈസ് കുണ്ടുങ്ങൽ, സൈതലവി തൊട്ടിയിൽ, എ.എം. യൂസഫ്, സമീർ ചിന്നൻ, അഫ്സൽ ഉണ്യാൽ എന്നിവരുടെ നേതൃത്വത്തിൽ ആക്രമണം നടന്ന സ്ഥലവും പരിക്കേറ്റ പ്രവർത്തകരെയും സന്ദർശിച്ചു.

Tags:    
News Summary - ഉണ്യാലിൽ വീണ്ടും രാഷ്ട്രീയ സംഘർഷം മൂന്നുപേർ അറസ്റ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.