മലപ്പുറം: തട്ടുകട ആക്രമിച്ച കേസിൽ കാപ്പ കേസ് പ്രതി പിടിയിൽ. ചായ കുടിച്ച ശേഷം പണം ചോദിച്ചതിലുള്ള വിരോധത്തിൽ വയോധികന്റെ തട്ടുകട തകർക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കാപ്പ കേസ് പ്രതി പിടിയിൽ. തിരൂർ പറവണ്ണ സ്വദേശിയായ മരക്കാർകണ്ടി വീട്ടിൽ റബീഹിനെയാണ് (27) തിരൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി പറവണ്ണ മസ്ജിദിന് സമീപം വയോധികൻ ഉപജീവനമാർഗമായി നടത്തുന്ന തട്ടുകടയിലാണ് സംഭവം നടന്നത്. ചായ കുടിച്ച ശേഷം പണം ആവശ്യപ്പെട്ടതോടെ ദേഷ്യത്തിൽ റബീഹ് കടയിൽ അതിക്രമിച്ചുകയറി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കടയിലുണ്ടായിരുന്ന പലഹാരങ്ങളും ഗ്ലാസുകളും കസേരകളും ഉൾപ്പെടെയുള്ള സാധനങ്ങൾ അടിച്ചുതകർത്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ഗുണ്ടയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും വയോധികനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. അറസ്റ്റിലായ പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.