പിടിയിലായ നൗഷാദ്, ഗിരിജ

വ്യാജസ്വർണം പണയം വെച്ച സംഭവം: യുവതിയടക്കം രണ്ടുപേർ പിടിയിൽ

താമരശ്ശേരി: മലബാർ ഗോൾഡിന്‍റെ വ്യാജ മുദ്രയുണ്ടാക്കി സ്വർണാഭരണം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ താമരശ്ശേരി ഡി.വൈ.എസ്.പി കെ.എ. ബോസിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. നരിക്കുനി കാരുകുളങ്ങര, മാമ്പിലാക്കിൽ സ്വദേശി, പാലാഴി ക്രസന്‍റ് അപ്പാർട്ട്മെന്‍റിൽ താമസിക്കുന്ന നൗഷാദ് (50) എന്ന മുക്ക്പണ്ടം നൗഷാദ്, താമരശ്ശേരി, തച്ചംപൊയിൽ കൂറപ്പൊയിൽ സ്വദേശിയും കൊടുവള്ളി കാഞ്ഞിരാട്ട് കുന്നുമ്മൽ താമസിക്കുന്ന ഗിരിജ (49) എന്നിവരാണ് അറസ്റ്റിലായത്.

സുൽത്താൻ ബത്തേരി, കുപ്പാടിയുള്ള റിസോർട്ടിൽ നിന്നാണ് ഇവർ പിടിയിലായത്. ജൂലൈ 29 നാണ് ഗിരിജ അഞ്ച് ഗ്രാം വീതം തൂക്കം വരുന്ന മൂന്ന് സ്വർണം പൂശിയ വളകൾ പണയം വെക്കാൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വരുന്നത്. പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ പരിശോധിച്ചതിൽ വളകൾ മുക്കുപണ്ടമാണെന്ന് മനസ്സിലായി. ആഭരണത്തിൽ മലബാർ ഗോൾഡിന്‍റെ മുദ്ര കണ്ട് കോഴിക്കോട്ടുള്ള ഓഫിസുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോൾ ലോഗോ വ്യാജമാണെന്ന് മനസ്സിലാക്കുകയും തുടർന്ന് മലബാർ ഗോൾഡ് ജീവനക്കാർ താമരശ്ശേരി പൊലീസിന് പരാതി നൽകുകയായിരുന്നു.

ജൂലൈ 28ന് ഇതേ സ്ഥാപനത്തിൽ സ്വർണം പണയം വെച്ച് ഗിരിജ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ വാങ്ങി. ആ പണം ഉപയോഗിച്ചാണ് നൗഷാദ് മലബാർ ഗോൾഡ് മാവൂർ റോഡ് ഷോറൂമിൽ നിന്നും അര പവനോളം തൂക്കം വരുന്ന മൂന്ന് വളകകൾ വാങ്ങി. ഈ വളകളിൽ ഉള്ള ലോഗോ വ്യാജമായി നിർമിച്ച് പണയം വെക്കാനുള്ള മുക്ക് പണ്ടം ഉണ്ടാക്കിയത്.

2021 ൽ നന്മണ്ട സഹകരണ ബാങ്കിൽ 117 ഗ്രാം മുക്ക് പണ്ടം പണയം വെച്ച് ഒരു 1,80,000 രൂപ എടുത്തതിൽ നൗഷാദിന്‍റെ പേരിൽ കേസുണ്ട്. താമരശ്ശേരി ഡി. വൈ. എസ്. പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സുൽത്താൻ ബത്തേരിയിൽ ഉള്ള റിസോർട്ടുകളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ രണ്ട് പേരും പിടിയിലായത്.

Tags:    
News Summary - വ്യാജസ്വർണം പണയം വെച്ച സംഭവം: യുവതിയടക്കം രണ്ടുപേർ പിടിയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.