പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി 36 ദിവസം രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ച് പീഡിപ്പിച്ചു; മൂന്നുപേർക്കെതിരെ കേസ്

വെള്ളിമാട്കുന്ന്: ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ പതിനാറുകാരിയെ 36 ദിവസം കണ്ണൂരിലെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. പേരാമ്പ്ര സ്വദേശികളായ ആത്മജ് (25), വസീം (25), കണ്ണൂർ ചൊക്ലി സ്വദേശി സുഹൈൽ (35) എന്നിവർക്കെതിരെയാണ് ചേവായൂർ, കണ്ണൂരിലെ കൊളവല്ലൂർ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

ജൂൺ 21 ന് പരിശോധനക്കിടെയാണ് കണ്ണൂരിലെ കൊളവല്ലൂർ പൊലീസ് പെൺകുട്ടിയെ കാണുന്നത്. പ്രായപൂർത്തിയായില്ലെന്ന വിവരം അറിഞ്ഞില്ലെങ്കിലും കാണാതായവരുടെ പട്ടികയിലുള്ളയാളാണ് പെൺകുട്ടിയെന്ന് മനസ്സിലാക്കി ചേവായൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് താമസകേന്ദ്രം വളഞ്ഞ് പെൺകുട്ടിയെ രക്ഷപ്പെടുത്തി ശിശു സംരക്ഷണ സമിതിക്ക് മുന്നിൽ ഹാജരാക്കി ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. കഴിഞ്ഞമാസം 15 നാണ് പെൺകുട്ടിയെ കാണാതായെന്ന് രക്ഷിതാക്കൾ പരാതി നൽകിയത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആത്മജും വസീമും കാറിലെത്തുകയും പെൺകുട്ടിയെ കൊണ്ടുപോവുകയുമായിരുന്നു. നെടുമ്പാശേരിയിലേക്കായിരുന്നു കൊണ്ടുപോയത്. ബന്ധുക്കൾ ബന്ധപ്പെട്ടപ്പോൾ കുട്ടിയെ വീട്ടിലെത്തിക്കുമെന്ന് പ്രതികൾ അറിയിച്ചു. അതിനിടെ തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് കുട്ടി രക്ഷപെട്ടു. പിന്നീട് കുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തൃശൂർ കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിൽ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.

സൈബർ പൊലീസിന്റെ സഹകരണത്തോടെ പൊലീസ് തൃശൂർ സ്‌റ്റാൻഡിൽ എത്തിയെങ്കിലും പിന്നീട് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തൃശൂർ സ്റ്റാൻഡിൽ നിന്ന് കോഴിക്കോടേക്ക് ബസിൽ കയറിയ കുട്ടി ഉറങ്ങിപ്പോയതിനാൽ കോഴിക്കോട് ഇറങ്ങാനായില്ല. കണ്ണൂരിൽ ഇറങ്ങിയ പെൺകുട്ടി ബസ് സ്റ്റാന്റിൽ നിന്ന് സുഹൈലുമായി പരിചയപ്പെടുകയും സഹായമഭ്യർഥിക്കുകയുമായിരുന്നു. ഇതോടെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നൽകിയ സുഹൈൽ പെൺകുട്ടിയെ കാറിൽ കയറ്റി കൊളവല്ലൂരിലെ രഹസ്യകേന്ദ്രത്തിലെത്തിച്ചു. പെൺകുട്ടിയെ ഇയാൾ അവിടെ രഹസ്യമായി പാർപ്പിച്ചു. ഇവിടെവെച്ച് സുഹൈൽ ഉൾപ്പെടെ രണ്ടുപേർ ഉപദ്രവിച്ചതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.

Tags:    
News Summary - Sixteen-year-old girl kidnapped, held in secret center for 36 days, and raped; Case filed against three

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.