കുന്നംകുളത്ത് പെട്രോൾ പമ്പുകളിൽ കവർച്ച; മൂന്നുപേർ പിടിയിൽ
കുന്നംകുളം: കുന്നംകുളത്തെ രണ്ട് പെട്രോൾ പമ്പുകളിൽ നിന്നായി നാല് ലക്ഷത്തോളം രൂപ കവർച്ച നടന്ന സംഭവത്തിൽ മൂന്നുപേരെ കുന്നംകുളം പിടികൂടി. കൊരട്ടി മാമ്പ്ര ചെമ്പട്ടിൽ വീട്ടിൽ റിയാദ് (20), മലപ്പുറം താനൂർ അട്ടത്തോട് താണിക്കടവൻ വീട്ടിൽ മുഹമ്മദ് ആലി റഫീഖ് (ശിഹാബ് -32 ), മലപ്പുറം അരീക്കോട് തെരാട്ടുമ്മൽ നെല്ലിപ്പാവുങ്കൽ വീട്ടിൽ നൗഫാൻ (27) എന്നിവരെയാണ് സി.ഐ വി.സി. സൂരജ് അറസ്റ്റ് ചെയ്തത്.
മേയ് 23ന് പുലർച്ചയാണ് കേസിനാസ്പദമായ സംഭവം. കാണിപ്പയ്യൂരിലെ മാള പെട്രോൾ പമ്പ് കുത്തിത്തുറന്ന് പന്ത്രണ്ടായിരത്തോളം രൂപയും പട്ടാമ്പി റോഡിലെ താവൂസ് പമ്പ് കുത്തിത്തുറന്ന് മൂന്നര ലക്ഷത്തോളം രൂപയുമാണ് സംഘം മോഷ്ടിച്ചത്. ഇത് സംബന്ധിച്ച് തൃശൂർ ഷാഡോ ടീമും കുന്നംകുളം പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പെട്രോൾ പമ്പിൽനിന്ന് ലഭിച്ച പ്രതികളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
കവർച്ച ചെയ്ത് ലഭിക്കുന്ന പണം റിസോർട്ടുകളിൽ റൂമെടുത്ത് ആർഭാട ജീവിതം നയിക്കാനും മയക്കുമരുന്ന് ഉപയോഗത്തിനുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. പേരാമംഗലം, എറണാകുളം മുനമ്പം, ആലുവ വെസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിൽ സമാനമായ പന്ത്രണ്ടോളം കേസുകൾ ഈ പ്രതികൾക്കെതിരെ നിലവിലുണ്ട്. ജയിൽ ശിക്ഷ കഴിഞ്ഞ് നാലുമാസം മുമ്പാണ് ഇവർ പുറത്തിറങ്ങിയത്.
അന്വേഷണത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷക്കീർ അഹമ്മദ്, ഗോപിനാഥൻ, നിധിൻ, എ.എസ്.ഐ സുമേഷ്, സി.പി.ഒമാരായ ജോൺസൻ, അനൂപ്, ജയേഷ്, നിബു രമണൻ, ഷഫീക്, ജില്ല ഷാഡോ ടീമിലെ അംഗങ്ങളായ സബ് ഇൻസ്പെക്ടർ സുവ്രതകുമാർ, റാഫി, രാഗേഷ്, ഗോപാലകൃഷ്ണൻ, സി.പി.ഒമാരായ പളനിസ്വാമി, ജീവൻ, സുജിത് കുമാർ, ശരത്, ലിഗേഷ്, വിപിൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.