ഒളിവിലായിരുന്ന ലഹരി ഇടപാടുകാരനെ ഗൾഫിൽനിന്ന് പിടികൂടി എക്സൈസ്
തിരുവനന്തപുരം: ഒളിവിൽ കഴിഞ്ഞ രാജ്യാന്തര ലഹരി ഇടപാടുകാരനെ യു.എ.ഇയിൽ പോയി കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ച് എക്സൈസ് സംഘം. 2023ൽ തിരുവനന്തപുരത്ത് നടന്ന വൻ ലഹരിവേട്ട കേസിലെ പ്രതി തിരുവനന്തപുരം ആറ്റിപ്ര വലിയവേളി ടി.സി 81/511ല് ഷോൺ സുനിൽ ബ്രെറ്റിനെയാണ് (ഷോൺ സുനിൽ ബെർട്ട്) യു.എ.ഇ പൊലീസില്നിന്ന് ഏറ്റുവാങ്ങി ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചത്.
കേരള എക്സൈസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരുസംഘം വിദേശത്തുപോയി കുറ്റവാളിയെ കസ്റ്റഡിയിലെടുത്ത് നാട്ടിലേക്ക് കൊണ്ടുവന്നത്. 2023 ജൂലൈ ഒന്നിന് രാത്രി ഏഴിന് തിരുവന്തപുരം എക്സൈസ് ആന്റി നാര്ക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സര്ക്കിള് ഇന്സ്പെക്ടര് ബി.എല്. ഷിബുവും സംഘവും ആറ്റിങ്ങല് പുളിമാത്ത് ഭാഗത്ത് നെറ്റ് ജങ്ഷനിൽ നടത്തിയ പരിശോധനയിൽ 155.480 കിലോഗ്രാം കഞ്ചാവും 70.71 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിരുന്നു. കേസിലെ ആദ്യ നാല് പ്രതികളെ സംഭവസ്ഥലത്തുനിന്നും പിടികൂടി. പിന്നീട് അഞ്ച്, ആറ്, ഏഴ് പ്രതികളും പിടിയിലായി.
കൂട്ടാളികൾ പിടിയിലായതോടെയാണ് ഷോൺ വിദേശത്തേക്ക് കടന്നത്. തുടർന്ന് എക്സൈസ് വകുപ്പ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് എക്സൈസ് സംഘം യു.എ.ഇയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. എക്സൈസ് കമീഷണർ സീറാം സാംബശിവറാവുവിന്റെയും വകുപ്പിന്റെയും നിർണായക ഇടപെടലും കൃത്യമായ ഏകോപനവുമാണ് ചരിത്രപരമായ ഈ ദൗത്യം വിജയിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.