ഫുട്ബാൾ മത്സരത്തെ ചൊല്ലിയുള്ള കൊല: ആസൂത്രകൻ വിദ്യാർഥി

തിരുവനന്തപുരം: ഫുട്ബാൾ മത്സരത്തെ ചൊല്ലിയുള്ള വാക്കുതർക്കം തടയാനെത്തിയ യുവാവിനെ നടുറോഡിൽ കുത്തിക്കൊന്ന സംഭവത്തിൽ മുഖ്യ ആസൂത്രകൻ സ്കൂൾ വിദ്യാർഥിയെന്ന് പൊലീസ്. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷന്‍ തോപ്പില്‍ ഡി 47 ല്‍ അലൻ (18) കൊല്ലപ്പെട്ട കേസിൽ തൈക്കാട് ഗവ. മോഡൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ജഗതി സ്വദേശിയായ 17കാരനെ കന്‍റോൺമെന്‍റ് പൊലീസ് പിടികൂടി.

ചോദ്യം ചെയ്യലിന് ശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടി നിരീക്ഷണത്തിലാണ്. മോഡൽ സ്കൂളിലെ ബി.ഡികോളജ് ഗ്രൗണ്ടിൽ ഒരു മാസം മുമ്പ് നടന്ന പ്രാദേശിക ക്ലബുകളുടെ ഫുട്‌ബോള്‍ മത്സരത്തിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ അന്ന് ഈ വിദ്യാർഥിയെ അലന്‍റെ സുഹൃത്തുകൾ ചീത്തവിളിച്ചതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിന് മുതിർന്നവർ ഇടപെട്ട് കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 4.30ന് മോഡൽ സ്കൂൾ പരിസരത്ത് ഒത്തുതീർപ്പ് ചർച്ച ഏർപ്പാടാക്കി.

എന്നാൽ ചർച്ചക്കായി വിദ്യാർഥി എത്തിയത് കാപ്പ കേസിലടക്കം പ്രതികളുമായിട്ടുള്ളവരുമായാണ്. ആയുധങ്ങളും ഇവർ കരുതിയിരുന്നു. സംസാരിക്കുന്നതിനിടിയിൽ സംഘങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായി. സംഘങ്ങളോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ട അലനെ വിദ്യാർഥി ഏർപ്പെടുത്തിയ ആറംഗ ക്വട്ടേഷൻ സംഘം ക്രൂരമായി മർദിച്ച ശേഷം നെഞ്ചിൽ കമ്പികൊണ്ടുള്ള മൂർച്ചയേറിയ ആയുധം കുത്തിയിറക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Murder over football match: Student was the mastermind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.