മുംബൈ: മുംബൈയിലെ പൈധോണിയിൽ തോക്കുകളും വെടിയുണ്ടകളുമായി അഞ്ച് യുവാക്കളെ മുംബൈ ക്രൈം ബ്രാഞ്ച് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് ഒരു ഹോട്ടലിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് രാജസ്ഥാൻ, ഹരിയാന സ്വദേശികളായ യുവാക്കൾ പിടിയിലായത്. ലോറൻസ് ബിഷ്‌ണോയ് ഗുണ്ടാസംഘവുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ പോലീസിന് സംശയമുള്ളതിനാൽ വിശദമായ അന്വേഷണം ആരംഭിച്ചു.
പൈധോണിയിലെ നാരായൺ ധുരു സ്ട്രീറ്റിലുള്ള ഹോട്ടൽ എലിഗന്റ് എന്ന സ്ഥാപനത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ ആന്റി എക്‌സ്‌റ്റോർഷൻ സെൽ റെയ്ഡ് നടത്തിയത്. ഹോട്ടലിലെ 30-ാം നമ്പർ മുറിയിൽ തങ്ങിയിരുന്ന സംഘം തോക്കുകൾ നിയമവിരുദ്ധമായി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുടുങ്ങിയത്. ഇവരിൽനിന്ന് അഞ്ച് വെള്ളി നിറത്തിലുള്ള പിസ്റ്റലുകളും മാഗസിനുകളും 21 ലൈവ് വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തു.
സുരേന്ദ്ര മീണ (25), രോഹിത് മീണ (24), കാർത്തിക് പർച്ച (19), ദീപക് കുമാർ ബിൽ (26), റോണു റോണക് മെറോട്ട (25) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് ആയുധങ്ങൾ കൈവശം വെക്കാൻ ലൈസൻസില്ലെന്നും വിൽപന ലക്ഷ്യമിട്ടാണ് എത്തിയതെന്നും പൊലീസ് വ്യക്തമാക്കി. മുംബൈ പൊലീസ് കമീഷണറുടെ ആയുധ നിരോധന ഉത്തരവുകൾ ലംഘിച്ചതിനും നിയമവിരുദ്ധമായി ആയുധം കടത്തിയതിനും പൈധോണി പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
അറസ്റ്റിലായവർ ക്രിമിനൽ പശ്ചാത്തലമുള്ള ഹരിയാന, രാജസ്ഥാൻ മേഖലകളിൽ നിന്നുള്ളവരായതിനാൽ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ബിഷ്‌ണോയ് ഗ്യാങ്ങുമായി ഇവർക്ക് ബന്ധമുണ്ടോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇവർക്ക് ആയുധങ്ങൾ എവിടെ നിന്ന് ലഭിച്ചുവെന്നും മുംബൈയിൽ ആർക്കാണ് ഇത് നൽകാൻ ഉദ്ദേശിച്ചതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.