യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി; ജോലിക്ക് പോകുന്നതിലുള്ള തർക്കം, പ്രതിയെ പൊലീസ് പിടികൂടി

കടയ്ക്കാവൂർ: കടയ്ക്കാവൂർ ചാവടിമുക്കിൽ യുവതിയുടെ വലത് കൈപ്പത്തി ആൺസുഹൃത്ത് വെട്ടിമാറ്റി. കാലിലും കഴുത്തിലും തലയിലും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചക്ക് 2.30നാണ് കടയ്ക്കാവൂർ ചാവടിമുക്ക് വെളിവിളാകം റോഡിലാണ് സംഭവം നടന്നത്. അഞ്ചുതെങ്ങ് കായിക്കര കൊച്ചു ചാത്തിയോട് വീട്ടിൽ അനുവിനെ (38) കടയ്ക്കാവൂർ പൊലീസ് പിടികൂടി. അക്രമത്തിൽ പരിക്കേറ്റ കടയ്ക്കാവൂർ വയൽത്തിട്ട വീട്ടിൽ വിജിമോൾ (38) ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

12 വർഷമായി ഇരുവരും കടയ്ക്കാവൂർ ഗാന്ധിമുക്കിൽ വാടകക്ക് താമസിക്കുകയായിരുന്നു. ചാവടിമുക്കിനു സമീപത്തെ വെൽഡിങ് വർക്ക്ഷോപ്പിലെ തൊഴിലാളിയാണ് അനു. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലാണ് വിജി ജോലി ചെയ്യുന്നത്. വിജി ജോലിക്ക് പോകുന്നത് സംബന്ധിച്ച തർക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. രണ്ടുദിവസം മുമ്പ്ണ് കോട്ടയത്ത് ജോലി സ്ഥലത്തുനിന്ന്‌ അവധിയെടുത്ത് വിജി കടയ്ക്കാവൂരിലെ വീട്ടിലെത്തിയത്. വിജി ജോലിക്ക് പോകുന്നതിൽ ഇരുവരും നിരന്തരം വഴക്ക് കൂടാറുണ്ടായിരുന്നു.

ബുധനാഴ്ച ബാങ്കിൽപോയ വിജിയെ അനു വിളിച്ചുവരുത്തിയാണ് വടിവാൾ ഉപയോഗിച്ച് ദേഹമാസകലം വെട്ടുകയായിരുന്നു. സംഭവശേഷം വിജിയുടെ സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ വർക്കല മുത്താനക്ക് സമീപത്തുവെച്ച് കടയ്ക്കാവൂർ പൊലീസ് പിടികൂടുകയായിരുന്നു. ബുധനാഴ്ച ചാവടിമുക്ക് വെളിവിളാകം റോഡിൽ അക്രമത്തിനിരയായ വിജിയെ പ്രതി മുമ്പും പലപ്രാവശ്യം ആക്രമിച്ചിരുന്നു. കഴിഞ്ഞവർഷം ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് വെട്ടുകത്തിക്ക് അനു വിജിയെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ നാലിന് ഇരുവരും വാടകക്ക് താമസിച്ചിരുന്ന കടയ്ക്കാവൂർ ഗാന്ധിമുക്ക് വീട്ടിൽ വെച്ചാണ് അക്രമം നടന്നത്. തലയിലും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റ വിജി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏറെനാൾ ചികിത്സയിൽ കഴിഞ്ഞിരുന്നു. സംഭവത്തിൽ അനുവിനെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.

Tags:    
News Summary - Woman's hand cut off; Police arrest suspect over argument over going to work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.