സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് അനാസ്ഥ ആരോപിച്ച് മെഡിക്കൽ കോളജ് വിദ്യാർഥികൾ സ്റ്റേഷൻ ഉപരോധിക്കുന്നു
തിരുവനന്തപുരം: പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്നാണ് ആരോപിച്ച് പാതിരാത്രി മെഡിക്കൽ കോളജ് വിദ്യാർഥികളുടെ സ്റ്റേഷൻ ഉപരോധം. സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ എം.ബി.ബി.എസ് വിദ്യാർഥിയായ പ്രതിക്ക് ജാമ്യം കിട്ടാൻ കാരണം പൊലീസിന്റെ അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബുധനാഴ്ച അർധരാത്രിയോടെ മെഡിക്കൽ കോളജ് സ്റ്റേഷന് മുന്നിൽ തുടങ്ങിയ വിദ്യാർഥികളുടെ പ്രതിഷേധം ഒരു മണിക്കൂറിലേറെ നീണ്ടു. ഒടുവിൽ എല്ലാ പരാതികളിലും വ്യത്യസ്ത എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്ന് പൊലീസ് സമ്മതിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
ഒരു പെൺകുട്ടി നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം വയനാട് സ്വദേശിയായ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥി എബേൽ അഗസ്റ്റിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഫോണിൽ പെൺകുട്ടികളുടെ ചിത്രം പകർത്തി പ്രചരിപ്പിക്കുന്നത് പതിവായതോടെയാണ് പരാതി നൽകിയത്. 13 സീനിയർ വിദ്യാർഥികളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചത്. പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ നിന്ന് എടുത്ത ഫോട്ടോകളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രണ്ട് പെൺകുട്ടികൾ ആദ്യം പരാതി നൽകിയെങ്കിലും ഒരെണ്ണത്തിൽ മാത്രമാണ് പൊലീസ് കേസെടുത്തത്. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ജാമ്യം ലഭിച്ചെന്ന് അറിഞ്ഞ് ഏഴ് പെൺകുട്ടികൾ കൂടി പരാതിയുമായി സ്റ്റേഷനിൽ എത്തി. എന്നാൽ, എഫ്.ഐ.ആർ ഇടാനോ കുട്ടികളുടെ മൊഴിയെടുക്കാനോ പൊലീസ് തയാറായില്ലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. നിസ്സാര വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതാണ് ജാമ്യം ലഭിക്കാൻ ഇടയാക്കിയതെന്ന് വിദ്യാഥികൾ ചൂണ്ടിക്കാട്ടി.
എന്നാൽ, പരാതികൾക്ക് ഒരേ സ്വഭാവമാണെന്നും വ്യത്യസ്ത എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും പൊലീസ് നിലപാടെടുത്തു. ഒറ്റ കുറ്റകൃത്യമായതിനാൽ ഒരു എഫ്.ഐ.ആറിൽ അന്വേഷണം തുടരാമെന്നും മറ്റ് പരാതികൾ കൂടി ഇതോടൊപ്പം ഉൾപ്പെടുത്താമെന്നും പൊലീസ് പരാതിക്കാരെ അറിയിച്ചു.
ഏഴ് പരാതികളിലും വ്യത്യസ്ത എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സ്റ്റേഷൻ ഉപരോധിച്ചത്. എന്നാൽ, രാത്രിയായതിനാൽ പരാതി സ്വീകരിക്കാനും എഫ്.ഐ.ആർ ഇടാനുമാകില്ലെന്ന നിലപാട് പൊലീസ് തുടർന്നതോടെ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിയുമായി സ്റ്റേഷനു മുന്നിൽ നിലയുറപ്പിക്കുകയായിരുന്നു.
അതിനിടെ, പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ദൃശ്യം പകർത്തിയതോടെ പൊലീസും വിദ്യാർഥികളും തമ്മിൽ വാക്കേറ്റമുണ്ടായി. കർശന നടപടി സ്വീകരിക്കണമെന്നും പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.