ലഖ്നൗ: ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിൽ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ 94 വയസ്സുള്ള മാതാവിനെ സ്വന്തം വസതിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാളിപൂർ പ്രദേശത്തുള്ള വീട്ടിലാണ് ഞായറാഴ്ച ഈ ദാരുണ സംഭവം നടന്നത്. മൃതദേഹത്തിൽ ഉണ്ടായിരുന്ന നിരവധി സ്വർണാഭരണങ്ങൾ കാണാതായിട്ടുള്ളതിനാൽ ഇതൊരു കവർച്ചാ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ലഖ്‌നൗവിൽ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്പി) ആയി സേവനമനുഷ്ഠിക്കുന്ന അഷുതോഷ് മിശ്രയുടെ മാതാവ് ഇന്ദ്രാവതിയാണ് കൊല്ലപ്പെട്ടത്. വായയിൽ തുണി തിരുകിയ നിലയിലും ശരീരത്തിൽ പരിക്കേറ്റ പാടുകളോടെയുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത് എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
രാവിലെ ഒൻപത് മണിയോടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് സംഭവം പുറത്തറിയിച്ചത്. വീടിന്റെ പ്രധാന വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്ന നിലയിലായിരുന്നു അവർ കണ്ടത്. തുടർന്ന് വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ വരാന്തയിലെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന ഇന്ദ്രാവതിയെ ജോലിക്കാരി കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ഇവർ അയൽവാസികളെ വിവരം അറിയിക്കുകയും അയൽവാസികൾ കുടുംബാംഗങ്ങളെയും പൊലീസിനെയും വിവരമറിയിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.