കല്ലംപറമ്പിൽ ബിബിന്റെ വീടിന്റെ ഓട് പൊളിച്ച നിലയിൽ
റാന്നി: വീടിന്റെ ഓട് പൊളിച്ച് പട്ടാപ്പകൽ സ്വർണവും പണവും കവർന്നു. റാന്നി ഇടമുറി കല്ലംപറമ്പിൽ ബിബിൻ കുരുവിളയുടെ വീട്ടിലാണ് ഞായറാഴ്ച രാവിലെ മോഷണം നടന്നത്.
ബിബിന്റെയും ഭാര്യയുടെയും മകളുടെയും ഉൾപ്പെടെ 12 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇതു കൂടാതെ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും മോഷണം പോയിട്ടുണ്ട്. ഓട് പൊളിച്ച് ഇറങ്ങിയ കള്ളൻ മോഷണത്തിനുശേഷം അടുക്കളയുടെ പിൻവാതിൽ തുറന്നാണ് കടന്നുകളഞ്ഞത്.
ഞായറാഴ്ച രാവിലെ 10.30ഓടെ മന്ദമരുതി ക്നാനായ പള്ളിയിൽ പ്രാർഥനക്ക് പോയ അമ്മയെയും മകളെയും തിരികെ കൊണ്ടുവരാനായി വീട് പൂട്ടി പോയതാണ് ബിപിൻ. തിരികെ പതിനൊന്നരയോടെ വന്ന് പാചകവാതക സിലിണ്ടർ വെക്കാൻ അടുക്കള വാതിൽക്കൽ ചെന്നപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കണ്ടത്. അടുക്കളയുടെ ഓട് പൊളിച്ചതായും കണ്ടു. സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഭാര്യയുടെയും മകളുടെയും ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടത്.
മറ്റൊരു മുറിയിൽ മേശക്കുള്ളിൽ വിപിൻ ഊരിവെച്ചിരുന്ന മാലയും മോതിരവും മോഷ്ടിക്കപ്പെട്ടു. ലാപ്ടോപ് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ മേശപ്പുറത്ത് ഉണ്ടായിരുന്നെങ്കിലും അതൊന്നും എടുക്കാൻ കള്ളൻ മുതിർന്നില്ല. ബിപിനും അമ്മയും മകളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഭാര്യ വിദേശത്താണ്. റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.