ബാലികമാർക്ക് പീഡനം; രണ്ടാനച്ഛന് 60 വർഷം വീതം കഠിന തടവ്
മഞ്ചേരി: പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള ബാലികമാരെ ലൈംഗികപീഡനത്തിന് വിധേയമാക്കിയ കേസുകളില്‍ 50കാരനായ രണ്ടാനച്ഛന് 60 വര്‍ഷം വീതം കഠിന തടവും 45,000 രൂപ വീതം പിഴയും. മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി കെ.എസ്. വരുണാണ് പ്രതിയെ ശിക്ഷിച്ചത്.
ഭര്‍ത്താവ് ഉപേക്ഷിച്ച അഞ്ച് കുട്ടികളുടെ മാതാവായ യുവതിയോടൊപ്പം കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു പ്രതി. കുട്ടികള്‍ പഠിക്കുന്ന ഓര്‍ഫനേജില്‍നിന്ന് അവധിക്കെത്തുമ്പോഴായിരുന്നു പ്രതി പീഡനം നടത്തിയിരുന്നത്.
2025ലെ വേനലവധിയില്‍ വീട്ടിലെത്തിയ കുട്ടികളെയും കൊണ്ട് മാതാവിന്റെ മൂത്ത സഹോദരി കോഴിക്കോട് ബീച്ചിലേക്ക് കൊണ്ടുപോയപ്പോൾ അവിടെ വെച്ചാണ് കുട്ടികള്‍ പീഡനവിവരം അറിയിച്ചത്. തുടർന്ന് കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി.എം. ഷമീറാണ് കേസ് രജിസ്റ്റര്‍ ചെയ്തതും അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും.
പ്രതി പിഴയടച്ചാൽ തുക അതിജീവിതകൾക്ക് നല്‍കണമെന്ന് കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 18 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ എന്‍. സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ ജയിലിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.